വഴിമുടക്കാതെ മുതൽ മുടക്കാൻ അനുവാദം നൽകിയാൽ ചാവക്കാടിന്റെ മുഖം മാറ്റാൻ തയാറാണെന്ന് പറയുന്നു സ്വകാര്യ സംരംഭകർ. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചാവക്കാട് നഗരസഭയുടെ വികസന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും നിർദേശിക്കാൻ മലയാള മനോരമ സംഘടിപ്പിച്ച വികസന സദസ്സിൽ ഉയർന്ന ഏറ്റവും പ്രധാന നിർദേശമാണിത്.വൃത്തിയുള്ള പൊതുശുചിമുറി, സ്ഥല സൗകര്യമുള്ള ടൗൺ ഹാൾ, ടൂറിസം മേഖലയുടെ വികസനം തുടങ്ങി പല വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ കെ.വി.അബ്ദുൽ ഹമീദ്, ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.പി.വി.മധുസൂദനൻ, ബ്രിഗേഡിയർ എൻ.എ.സുബ്രഹ്മണ്യൻ, ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, ലയൺസ് ക്ലബ് പ്രസിഡന്റ് ജയ്സൺ ആളൂക്കാരൻ, താങ്ങും തണലും ട്രസ്റ്റ് വൈസ് പ്രസിഡന്റ് നാസർ പറമ്പൻസ്, നിറം കലാസാംസ്കാരിക വേദി ചെയർമാൻ ലിയാഖത്ത് ചാവക്കാട്, പ്രവാസി വ്യവസായി മുഹമ്മദ് സാലിഹ് കൊല്ലംകുഴി, കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ദിനേശൻ ഗുരുക്കൾ, നൃത്യതി കലാകേന്ദ്രം ഡയറക്ടർ കലാമണ്ഡലം സിനി സോമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
∙ചാവക്കാട് എന്തില്ല എന്നതിനെക്കാൾ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നതാണ് നോക്കേണ്ടത്.
അടിസ്ഥാനപരമായി ഇല്ലായ്മ എന്നത് സമ്പത്തുമായി ബന്ധപ്പെട്ടതാണ്. വികസനത്തിന് സർക്കാർ പണം കണ്ടെത്തുന്നതിലും നല്ലത് സ്വകാര്യ സംരംഭകരെ അതിന് അനുവദിക്കുന്നതാണ്.
ഈ കാര്യം എത്രത്തോളം തദ്ദേശ സ്ഥാപനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് എന്നതിൽ സംശയമുണ്ട്. കാലങ്ങളായി കാര്യമായ മാറ്റങ്ങൾ ഇല്ലാതെ നിൽക്കുകയാണ് ചാവക്കാട്.
വികസനത്തിന്റെ കാര്യത്തിൽ ഭരണാധികാരികളുടെ കാഴ്ചപ്പാടിന്റെ വ്യത്യാസം കൊണ്ടാണിത്. വികസനം എന്നാൽ വ്യവസായം, വ്യാപാരം എന്നിവയുടെ വളർച്ച കൂടിയാണ്.
ഇവിടെ വ്യവസായമില്ല. തയാറാകുന്ന സ്വകാര്യ സംരംഭകർക്ക് പോലും തടയിടുന്ന രീതിയാണ് ഇവിടെ.
അതിന് മാറ്റം വേണം. സ്വകാര്യ സംരംഭകരെ ശത്രുക്കളെപ്പോലെ കാണുന്ന രീതി ചില ആളുകൾക്കെങ്കിലും ഇവിടെ ഉണ്ട്.
ഇതിന് മാറ്റം ഉണ്ടാകണം. കെ.വി.അബ്ദുൽ ഹമീദ്
∙മലബാറിന്റെ കവാടം മാത്രമല്ല, മാണിക്യം കൂടിയാണ് ചാവക്കാട്.
ഗുരുവായൂർ ക്ഷേത്രം, പാലയൂർ പള്ളി, മണത്തല പള്ളി തുടങ്ങിയവയെ ഉൾപ്പെടുത്തി തീർഥാടക ടൂറിസം സാധ്യത വളരെയേറെയാണ്. കായലും ബീച്ചും ഒത്തുകൂടിയ സ്ഥലമാണ് ചാവക്കാട്.
ഇത്രയും അനുഗ്രഹീതമായ പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നില്ല. ആധുനിക ചികിത്സ ലഭിക്കുന്ന ആശുപത്രികൾ കുറവാണ്.
നല്ല ചികിത്സ ലഭിക്കാൻ തൃശൂരോ എറണാകുളത്തോ പോകേണ്ട അവസ്ഥയുണ്ട്.
ഇനിയെങ്കിലും സാധ്യതകൾ ഉപയോഗിച്ചില്ലെങ്കിൽ അടുത്ത തലമുറ നമ്മളെ കുറ്റപ്പെടുത്തും. ഡോ.
പി.വി. മധുസൂദനൻ
∙ചാവക്കാട് സ്ഥല പരിമതിയുണ്ട്.
ഉള്ള സ്ഥലം കൃത്യമായി വിനിയോഗിക്കുകയാണ് വേണ്ടത്. മുൻഗണനാ ക്രമത്തിൽ കാര്യങ്ങൾ നടപ്പാക്കണം.
പാർക്കിങ് സൗകര്യത്തിന് ഗുരുവായൂരിലേത് പോലെ മൾട്ടി ലവൽ പാർക്കിങ് സംവിധാനം വേണം. അത് ബീച്ചിൽ ഉൾപ്പെടെ വേണം.
ബീച്ചിലെ ശുചീകരണ പ്രവർത്തനം ഈ രീതിയിൽ പോരാ. 4 പേർ മാത്രമാണ് ആകെ ജോലിക്കുള്ളത്.
കൂടുതൽ ജീവനക്കാരെ നിയമിക്കണം. ലഹരി വ്യാപനം വളരെക്കൂടുതലാണ്.
കോസ്റ്റൽ പൊലീസിന്റെ പട്രോളിങ് കാര്യക്ഷമമാക്കണം. അതുപോലെ ബീച്ചിൽ ഉൾപ്പെടെ വ്യാപകമായ തെരുവുനായ ശല്യം പരിഹരിക്കണം.
ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ
∙കൊടുങ്ങല്ലൂരിൽ നിന്നും എറണാകുളത്ത് നിന്നും വരുന്ന ബസുകൾ ചാവക്കാട് ബസ് സ്റ്റാൻഡിന്റെ അകത്ത് കയറുന്നില്ല.
നേരെ ഗുരുവായൂരിലേക്ക് പോകുകയാണ്. അതുപോലെ ചാവക്കാട് ജംക്ഷനിലെ കുരുക്ക് കാരണം അടുത്തിടെ തന്നെ 4 പേർ അപകടത്തിൽപെട്ട് മരിച്ചു.
എന്നിട്ടും ആരും കണ്ണു തുറക്കുന്നില്ല. പൊന്നാനിക്ക് പോകുന്ന ഭാഗത്തെ പുതിയ പാലത്തിന്റെ സമീപം തെരുവ് വിളക്കുകൾ ഇല്ലാത്തത് പ്രശ്നമാണ്.
മുൻപ് ചാവക്കാട് 3 തിയറ്ററുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല.
ലിയാഖത്ത് ചാവക്കാട്
∙എല്ലാ ടൗണിലും പുതിയ കെട്ടിടങ്ങൾ വരുമ്പോൾ ചാവക്കാട് മാത്രം ഇല്ല. വലിയ കെട്ടിടങ്ങൾ വരുമ്പോഴാണ് വലിയ സ്ഥാപനങ്ങൾ വരുന്നത്.
അത് മുനിസിപ്പാലിറ്റിക്കും കൂടുതൽ വരുമാനം നൽകും. ടൗണിലെ അനധികൃത മത്സ്യക്കച്ചവടം റോഡ് ബ്ലോക്ക് മാത്രമല്ല മാലിന്യ പ്രശ്നവും ഉണ്ടാക്കുന്നു.
ടൂറിസം വികസനത്തിന് അനുയോജ്യമായ ഹെലിപ്പാഡ്, എയർ സ്ട്രിപ് തുടങ്ങിയവ വരണം എന്നാണ് ആഗ്രഹം. നിലവിൽ 7 മണിക്ക് തന്നെ ടൗൺ വിജനമാകുന്നു.
അതിന് മാറ്റം വരണമെങ്കിൽ രാത്രി ബസ് സർവീസുകൾ ആവശ്യമാണ്. ജോജി തോമസ്
∙കല നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
നൃത്ത പരിപാടികൾക്ക് ഇപ്പോൾ ആശ്രയിക്കുന്നത് ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തെയാണ്. ചാവക്കാടിന് ഒരു ടൗൺ ഹാളില്ല.
വലിയ പണം ചെലവഴിക്കാൻ കഴിയുന്നവരല്ല ഈ പ്രദേശത്തെ എല്ലാ കുട്ടികളും. കലയ്ക്ക് അനുയോജ്യമായ രീതിയിൽ ഒരു ഹാൾ വേണം.
നിലവിൽ മുനിസിപ്പാലിറ്റിയിലുള്ള ഹാൾ വളരെ മോശം അവസ്ഥയിലാണ്. കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സ്ഥലങ്ങൾ ഇപ്പോഴുമില്ല.
സിവിൽ സ്റ്റേഷനിൽ അടക്കമുള്ള ശുചിമുറികൾ വളരെ വൃത്തികെട്ടതാണ്. വൃത്തിയുള്ള പുതിയ ശുചിമുറികൾ ഉടൻ നിർമിക്കണം.
സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉണ്ടാകാനുള്ള പദ്ധതികൾ നടപ്പാക്കണം. സിനി സോമൻ
∙ബിസിനസ് തുടങ്ങാനായി ചാവക്കാട് വന്നാൽ എല്ലാ സ്ഥലത്തും മുടക്കമല്ലാതെ സഹായം ചെയ്യുന്ന രീതി ഇതുവരെ ഉണ്ടായിട്ടില്ല.
അഞ്ച് വർഷം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ രാജ്യങ്ങൾ ഉണ്ട്. ചൈനയിൽ ഒരു ലൈസൻസിന് ശ്രമിച്ചപ്പോൾ 24 മണിക്കൂർകൊണ്ട് അത് ലഭിച്ചു.
ഇവിടെ ചെറിയ ലൈസൻസുകൾക്ക് വേണ്ടി പോലും ഒന്നര വർഷം വരെ നടക്കേണ്ട അവസ്ഥയാണ്.
സ്ഥാപനം തുടങ്ങുന്നവരെ ഇവിടെ ശത്രുക്കളായിട്ടാണ് കാണുന്നത്. ഇനി വരുന്നവർക്കെങ്കിലും അതിനൊരു മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
മുഹമ്മദ് സാലി
∙ചാവക്കാട് അഞ്ഞൂറോളം കിടപ്പുരോഗികളുണ്ട്. അവരുടെ ആവശ്യങ്ങളിൽ പകുതിപോലും നടപ്പാക്കിക്കൊടുക്കാൻ കഴിയുന്നില്ല.
ബെഡ്, ഓക്സിജൻ സിലിണ്ടർ തുടങ്ങിയവയെല്ലാം പരിമിതമായിട്ട് മാത്രമാണ് നഗരസഭയ്ക്കുള്ളത്. ആരോഗ്യ പ്രവർത്തകരുടെ എണ്ണവും അനുവദിക്കുന്ന ഫണ്ടും കുറവാണ്.
അതുപോലെ തദ്ദേശ തലത്തിൽ വർഷത്തിൽ ഒരിക്കലെങ്കിലും സംരംഭകരുടെ സംഗമം നടത്തണം. നാസർ പറമ്പൻസ്
∙ചാവക്കാട് ഗുരുവായൂരിനോട് ചേർന്നുകിടക്കുന്ന മുനിസിപ്പാലിറ്റിയാണ്.
ഗുരുവായൂർ അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്നു. ചാവക്കാട് വഴി അവിടേക്ക് പോകേണ്ട
റോഡുകൾ മുഴുവൻ തകർന്നു കിടക്കുകയാണ്. ഒരുമഴ പെയ്താൽ റോഡ് തോടാകും.
ചേറ്റുവാ– ചാവക്കാട് റോഡിന് ദേശീയപാത പണിപൂർത്തിയാകുന്നതിന് മുൻപ് ശാപമോക്ഷം വേണം. ജയ്സൺ ആളൂക്കാരൻ
∙കായിക മേഖലയ്ക്ക് പ്രാധാന്യം നൽകാൻ മുനിസിപ്പാലിറ്റിയിലെ സ്കൂളുകളിൽ ഒരു പിരീഡ് അതിനായി മാറ്റി വയ്ക്കണം.
മുനിസിപ്പാലിറ്റി സ്കൂളുകളെ സമീപിച്ച് കലാകായിക മേഖലയിലെ ആളുകളെ ഉൾപ്പെടുത്തി ഒരു ഡയറക്ടറി ഉണ്ടാക്കാൻ ശ്രമിക്കണം. അവരിൽ ഒഴിവുള്ളവരെ തിരഞ്ഞെടുത്ത് കുട്ടികൾക്ക് ക്ലാസ് നൽകാനും പദ്ധതി വേണം.
കനോലി കനാൽ ഉൾപ്പെടുത്തി വാട്ടർ ടൂറിസത്തിന് ഒരുപാട് സാധ്യതയുണ്ട്, അത് പ്രയോജനപ്പെടുത്തണം. ദിനേശൻ ഗുരുക്കൾ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

