മുഹമ്മ വൈദ്യുതി ഇല്ലാത്ത പാതിരാമണൽ ദ്വീപിൽ സൗരോർജ വൈദ്യുതി നിലയം സ്ഥാപിച്ചതോടെ ഇനി രാത്രിയിലും ദ്വീപിന്റെ മനോഹാരിത ആസ്വദിക്കാനാകും. മുഹമ്മ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ച് അനെർട്ട് ആണ് സൗരോർജ വൈദ്യുത നിലയം സ്ഥാപിച്ചത്.
നിലയം പ്രവർത്തനസജ്ജമായതോടെ രാത്രി ദ്വീപിൽ വെളിച്ചമുണ്ടാകും. 10 യൂണിറ്റ് വൈദ്യുതി സംഭരണശേഷിയുള്ള ഓഫ് ഗ്രിഡ് സോളർ പ്ലാന്റാണ് ദ്വീപിൽ സ്ഥാപിച്ചിരിക്കുന്നത്.
പുതിയതായി നിർമിച്ച ഇലക്ട്രിക്കൽ മുറിയുടെ മുകളിലാണ് 3 കിലോവാട്ട് ശേഷിയുള്ള സോളർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്.
വൈദ്യുത വിളക്കുകൾക്ക് പുറമേ മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യവും ഇനി ലഭിക്കും.വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി സ്ഥാപിച്ച നിരീക്ഷണക്യാമറ താമസിയാതെ പ്രവർത്തിച്ചു തുടങ്ങും. ഇതോടെ രാത്രി സാമൂഹികവിരുദ്ധശല്യത്തിനും വിരാമമാകും.
ആലപ്പുഴയിൽ എത്തുന്ന വിനോദസഞ്ചാരികളിൽ നല്ലൊരു ശതമാനം പേർ പാതിരാമണലിൽ എത്തുന്നുണ്ട് എന്നാണ് കണക്ക്. കഴിഞ്ഞ വർഷം 35,000 ത്തിലേറെ വിനോദ സഞ്ചാരികൾ ദ്വീപിലെത്തി.
മുഹമ്മ പഞ്ചായത്താണ് പാതിരാമണൽദ്വീപ് പരിപാലിക്കുന്നത്. ഇപ്പോൾ രാത്രിയും പകലും അവിടെ കാവൽക്കാർ ഉണ്ട്.
50 രൂപയാണ് സന്ദർശന ഫീസ്. കുടുംബശ്രീ നടത്തുന്ന ലഘു ഭക്ഷണശാലകളും ഉണ്ട്.
കുട്ടികളുടെ പാർക്ക്, ഏറുമാടങ്ങൾ, വള്ളിയൂഞ്ഞാലുകൾ,ദ്വീപിന്റെ ഉള്ളിലേക്ക് പോകാനുള്ള ചെറിയ നടപ്പാതകൾ എന്നിവയും പുതിയതായി ഒരുക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

