നീലേശ്വരം ∙ അടുത്ത കാലത്തായി സിന്തറ്റിക് ട്രാക്കുള്ള മൈതാനങ്ങളിൽ മാത്രമാണ് സംസ്ഥാന സ്കൂൾ കായികമേള സംഘടിപ്പിക്കാറുള്ളത്. സിന്തറ്റിക് ട്രാക്കുള്ള മറ്റു പല ജില്ലകളിലും സംസ്ഥാന കായികമേള പലകുറി നടന്നപ്പോൾ കാസർകോട്ടെ കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റുമായി ഇന്നും തെക്കോട്ട് വണ്ടി കയറാനാണ് യോഗം.
സംസ്ഥാന സ്കൂൾ കായികമേള പോലുള്ള വലിയ മേളകൾ നടത്താൻ പാകത്തിലുള്ള മികച്ച സ്റ്റേഡിയമാണ് നീലേശ്വരത്തെ ഇഎംഎസ് സ്റ്റേഡിയം. എന്നിട്ടുമെന്തേ കാസർകോടിനെ സംസ്ഥാന കായിക മേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഇതുവരെ പരിഗണിക്കാത്തത് എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായി.
പക്ഷേ ഉത്തരമില്ല… കായിക ഭൂപടത്തിൽ കാസർകോടിനെ അടയാളപ്പെടുത്താൻ പാകത്തിൽ സൗകര്യങ്ങളുണ്ട് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ. എന്നിട്ടും ഈ നാട് സംസ്ഥാന സ്കൂൾ കായികമേളയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളേറെയായി.
ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ അംഗീകാരമുള്ള സ്റ്റേഡിയം
18 കോടി ചെലവിൽ നിർമിച്ച നീലേശ്വരത്തെ ഇഎംഎസ് സ്റ്റേഡിയത്തിൽ 6 സിന്തറ്റിക് ട്രാക്കുകളാണ് സജ്ജീകരിച്ചിട്ടിട്ടുള്ളത്.
ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ അംഗീകാരമുള്ള സ്റ്റേഡിയം കൂടിയാണിത്. സംസ്ഥാന കായിക മേള നിഷ്കർഷിക്കുന്ന 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ജംപിങ് പിറ്റ്, ബാസ്കറ്റ്ബോൾ, വോളിബോൾ കോർട്ടുകൾ, സ്വിമ്മിങ് പൂൾ എന്നിവയും ഇവിടെയുണ്ട്.
3 നിലകളിലായി വിശാലമായ പവിലിയനും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് ഉൾപ്പെടെയുള്ള മറ്റു പല കായിക മേളകളും ഇവിടെ നടന്നിട്ടുണ്ട് എങ്കിലും സംസ്ഥാന സ്കൂൾ കായിക മേളയുടെ സംഘാടകർക്ക് ഈ സൗകര്യങ്ങൾ കണ്ട
ഭാവമില്ല.
കലോത്സവം കളറാക്കിയ ജില്ല
പതിറ്റാണ്ടുകൾക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം 2020ൽ ജില്ലയിലേക്ക് എത്തിയത്. കാഞ്ഞങ്ങാട് നഗരം ഏറ്റെടുത്ത കലോത്സവത്തിലെ ആതിഥ്യമര്യാദ കണ്ട് തെക്കുനിന്നെത്തിയ വിദ്യാർഥികളും അധ്യാപകരും ഞെട്ടി.
13 ജില്ലകളിൽ നിന്നായി കലോത്സവത്തിന് എത്തുന്നവർക്ക് വേണ്ടത്ര താമസ സൗകര്യം ഒരുക്കാൻ ഈ ചെറിയ നഗരത്തിന് പറ്റുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ കാറ്റിൽപറത്തി കാഞ്ഞങ്ങാട്ടുകാർ അവരുടെ ഹൃദയവും വീടിന്റെ വാതിലും കുട്ടികൾക്കായി തുറന്നുവച്ചു. അതുവരെ നടന്ന കലോത്സവങ്ങളിൽ ഏറ്റവും മികച്ചത് എന്ന അഭിപ്രായത്തോടെ കാസർകോടിനെ ഹൃദയത്തിലേറ്റിയാണ് കലോത്സവത്തിന് ശേഷം കുട്ടികൾ നാട്ടിലേക്ക് വണ്ടി കയറിയത്.
ജനകീയ പങ്കാളിത്തത്തോടെ സംഘാടനത്തിന്റെ പുതുചരിത്രം രചിച്ചു കൊണ്ടാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് 2020ൽ കാഞ്ഞങ്ങാട്ട് തിരശീല വീണത്. സംസ്ഥാന കായികമേളയും കാസർകോട്ടേക്ക് എത്തിക്കണം എന്ന ആവശ്യം അന്നേ ഉയർന്നെങ്കിലും 5 വർഷമായിട്ടും അയിത്തം തുടരുന്നു.
അധികം വൈകാതെ കായികമേള കാസർകോട്ടേക്ക് എത്തിക്കാനുള്ള ശ്രമം ജനപ്രതിനിധികളുടെ ഭാഗത്തു നിന്നുണ്ടാകണം എന്ന ആവശ്യം ഉയരുന്നുണ്ട്.
ഒരുക്കങ്ങൾ നടത്തി കാത്തിരിക്കാം
മികച്ച സൗകര്യങ്ങളുള്ള നീലേശ്വരത്തെ ഇഎംഎസ് സ്റ്റേഡിയത്തിൽ കായികമേളയ്ക്ക് ആതിഥ്യമരുളാൻ പാകത്തിൽ മെച്ചപ്പെട്ട രീതിയിൽ ഒരുക്കുകയും കുറവുകൾ കണ്ടെത്തി നികത്തുകയും വേണം.
സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ ജില്ലയിലെ കായിക താരങ്ങളെയും ക്ലബ്ബുകളെയും ആകർഷിക്കുന്ന രീതിയിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ച് സ്റ്റേഡിയം സജീവമായി നിലനിർത്തണം.
അറ്റകുറ്റപ്പണി അനിവാര്യം
സ്റ്റേഡിയത്തിൽ രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു എങ്കിലും ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം പല സ്ഥലങ്ങളിലും അറ്റകുറ്റപ്പണികൾ അനിവാര്യമായി വന്നിട്ടുണ്ട്. 400 മീറ്റർ ട്രാക്കിൽ 100 മീറ്റർ മത്സരങ്ങൾ നടത്തുമ്പോൾ ആവശ്യമായ ഫ്രീസോൺ 10 മീറ്റർ വീതം ഇരു ഭാഗങ്ങളിലും തയാറാക്കുന്നത് ഉചിതമാകും എന്ന് കായികതാരങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സോൺ ഒരുക്കുന്നതിന് പര്യാപ്തമായ സ്ഥലവും ഇവിടെ ലഭ്യമാണ്. ബാസ്കറ്റ് ബോൾ കോർട്ട് കൃത്യമായി പരിപാലിക്കാത്തതിനാൽ പോളുകളിൽ പലയിടത്തും തുരുമ്പ് കയറിയിട്ടുണ്ട്.
കോർട്ടിന്റെ പരിസരത്ത് കാട് പടർന്നു കയറിയതായും കാണാം. വിശാലമായ ഫുട്ബോൾ ഗ്രൗണ്ട് ഉണ്ടെങ്കിലും ദേശീയ നിലവാരത്തിന് അനുസരിച്ച് നിലം ഒരുക്കിയിട്ടില്ല.
പാറപോലെ ഉറച്ച മണ്ണാണ് ഗ്രൗണ്ട് മുഴുവൻ എന്നതിനാൽ പുല്ല് വച്ച് പിടിപ്പിച്ചാലും ഗുണം ലഭിക്കില്ല എന്ന് കായിക താരങ്ങൾ പറയുന്നു.
വേണം, ത്രോയിങ് ഏരിയ
ത്രോ ഇനങ്ങളിൽ ഒട്ടേറെ ദേശീയ താരങ്ങളെ വളർത്തിയെടുത്ത നാട് എന്ന നിലയിൽ സ്റ്റേഡിയത്തിൽ ഒരു ത്രോയിങ് ഏരിയ ഒരുക്കണം എന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ത്രോ ഇനങ്ങളിലെ ദേശീയ താരങ്ങളായ ഹെലിൻ എലിസബത്ത്, അനുപ്രിയ, സർവാൻ തുടങ്ങിയരൊക്കെ ഇപ്പോഴും പരിശീലനം നടത്തുന്നത് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

