കോഴിക്കോട്: വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ കേസെടുക്കാൻ സാധ്യത.
ചെർപ്പുളശ്ശേരി മുൻ സിഐ ബിനു തോമസിൻ്റെ ആത്മഹത്യാക്കുറിപ്പിലെ ഗുരുതര ആരോപണങ്ങളും, കുറിപ്പിൽ പരാമർശിക്കുന്ന സ്ത്രീയുടെ മൊഴിയുമാണ് ഇതിന് അടിസ്ഥാനം. വടക്കാഞ്ചേരിയിൽ ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പെൺവാണിഭ കേസിൽ പിടികൂടിയ സ്ത്രീയെ ഉമേഷ് ബലാത്സംഗം ചെയ്തുവെന്നാണ് ബിനു തോമസിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
ഈ സ്ത്രീയുടെ മൊഴി പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രേഖപ്പെടുത്തിയിട്ടുണ്ട്. താൻ വടക്കാഞ്ചേരി സ്റ്റേഷനിൽ എസ്ഐ ആയിരുന്ന കാലത്ത് സിഐ ആയിരുന്ന ഉമേഷ് ഒരു പെൺവാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും, സംഘത്തിലുണ്ടായിരുന്ന സ്ത്രീയെ മറ്റൊരിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും ബിനു തോമസ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഈ സ്ത്രീയുമായി ബന്ധപ്പെടാൻ ഉമേഷ് തന്നോട് ആവശ്യപ്പെട്ടതായും കുറിപ്പിലുണ്ട്. 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലെ നാല്, അഞ്ച്, ആറ് പേജുകളിലാണ് നിലവിൽ വടകര ഡിവൈഎസ്പിയായ എ.
ഉമേഷിനെതിരായ ഈ വെളിപ്പെടുത്തലുകൾ. ഈ ആരോപണങ്ങളെല്ലാം ശരിവെക്കുന്ന മൊഴിയാണ് പീഡനത്തിനിരയായ സ്ത്രീ കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നൽകിയത്.
പെൺവാണിഭക്കേസിലെ നിയമനടപടികളിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഉമേഷ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാൻ സാധിക്കുമെങ്കിലും സംഭവം നടന്ന് പത്ത് വർഷം കഴിഞ്ഞതിനാൽ, പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി മുന്നോട്ട് വന്നാൽ മാത്രമേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുള്ളൂ.
ഈ സ്ത്രീയുടെ പേരുപറഞ്ഞ് ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ബിനു തോമസിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്. ഇത് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താവുന്ന സാഹചര്യത്തിലേക്കും വിരൽ ചൂണ്ടുന്നു.
ബിനു തോമസിൻ്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണക്കേസിൻ്റെ ഭാഗമായി ഈ ആരോപണങ്ങളെല്ലാം വിശദമായി അന്വേഷിച്ചു വരികയാണെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. നവംബർ 15-നാണ് ബിനു തോമസിനെ ചെർപ്പുളശ്ശേരിയിലെ പോലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

