രാജകുമാരി∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഷോപ് സൈറ്റുകളുടെ പട്ടയം മലയോര മേഖലയിലെ മുന്നണി സ്ഥാനാർഥികളുടെ നെഞ്ചിടിപ്പേറ്റുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കഴിഞ്ഞ ഒക്ടോബറിൽ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
കട്ടപ്പനയുൾപ്പെടെയുള്ള ടൗണുകളിൽ ഷോപ് സൈറ്റുകൾക്ക് ഉടൻ പട്ടയം നൽകുമെന്നും ഇടത് നേതാക്കൾ ആവർത്തിച്ചു പറഞ്ഞു.
എന്നാൽ സിഎച്ച്ആറിലെ പട്ടയ വിലക്ക് തുടരുന്നതിനാൽ കട്ടപ്പന, രാജാക്കാട്, നെടുങ്കണ്ടം ഉൾപ്പെടെയുള്ള ടൗണുകൾ ഉൾപ്പെടുന്ന സിഎച്ച്ആറിന്റെ പരിധിയിലുള്ള 26 വില്ലേജുകളിൽ പട്ടയം നൽകാനാവില്ലെന്ന് അന്ന് തന്നെ നിയമ വിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണിതെന്നായിരുന്നു യുഡിഎഫിന്റെ വാദം.
സിഎച്ച്ആറിൽ 1993ലെ ചട്ടപ്രകാരമാണ് പട്ടയം നൽകുന്നത്.
ഇൗ ചട്ടമനുസരിച്ച് വീട് നിർമാണം, കൃഷി, ഉപജീവനത്തിനായി കടമുറി നിർമാണം എന്നിവയാണ് അനുവദിക്കുന്നത്. എന്നാൽ 2009ൽ ഇടതു സർക്കാരിൽ ഷോപ് സൈറ്റ് എന്നത് ചെറിയ കടമുറി എന്ന് വ്യാഖ്യാനിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരൻ ഉത്തരവിറക്കിയത്.
അതിന് ശേഷം 1993ലെ ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ഇൗ ഉത്തരവ് ഹൈക്കോടതിയും ശരി വച്ചു.
ഇതോടെയാണ് ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിൽ പ്രതിസന്ധിയുണ്ടായത്.
സിഎച്ച്ആറിലെ പട്ടയ വിലക്ക്, ഒരു വർഷം കഴിഞ്ഞു
2024 ഒക്ടോബർ 24നാണ് സിഎച്ച്ആറിൽ പട്ടയ നടപടികൾ തടഞ്ഞു കാെണ്ട് സുപ്രീംകോടതി ഉത്തരവിറക്കിയത്. സിഎച്ച്ആർ വനമാണെന്നും ഇവിടത്തെ പാട്ടവും പട്ടയങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലെ തുടർ വാദങ്ങൾക്കിടെയാണ് കോടതിയിൽ നിന്നും പട്ടയ വിലക്കേർപ്പെടുത്തിയ ഇടക്കാല ഉത്തരവുണ്ടായത്.
സർക്കാർ അഭിഭാഷകൻ അന്ന് കോടതിയിൽ ഇതിനെ എതിർത്തില്ല. അതിന് ശേഷം ഒരു വർഷമായപ്പോഴാണ് റവന്യു വകുപ്പ് ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത്.
സിഎച്ച്ആറിൽ പട്ടയം നൽകുന്നതിൽ വ്യക്തത വരുത്തേണ്ടത് സുപ്രീംകോടതിയാണെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകി.
ഇതിന്റെയടിസ്ഥാനത്തിൽ കോടതിയിൽ സമർപ്പിക്കാൻ റവന്യു വകുപ്പ് വിശദമായ സത്യവാങ്മൂലം തയാറാക്കി. എന്നാൽ കേസ് അടിയന്തരമായി പരിഗണിക്കുന്നതിന് റിവ്യൂ പെറ്റീഷൻ ഇതുവരെ നൽകിയിട്ടില്ലെന്നാണ് വിവരം.
1986ൽ സിഎച്ച്ആറിലെ 20363.
159 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകാൻ കേന്ദ്രം അനുമതി നൽകിയതാണ്. ഇതിനെതിരെ പരിസ്ഥിതി സംഘടന ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. 2009ൽ സുപ്രീംകോടതി സിഎച്ച്ആറിൽ പട്ടയം നൽകാൻ അനുമതി നൽകിയതാണ്.
ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയാൽ പട്ടയ വിലക്ക് നീക്കാൻ കഴിയുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

