അടിച്ചിപ്പുഴ ∙ എസ്റ്റിമേറ്റ് എടുക്കുന്നതിൽ എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗം കാട്ടിയ മെല്ലെപ്പോക്കു നയം മൂലം വിവാഹമണ്ഡപത്തിനായി എംഎൽഎ ഫണ്ടിൽ അനുവദിച്ച 50 ലക്ഷം രൂപ ലാപ്സായി. മണ്ഡപത്തിനായി നിർമിച്ച തൂണുകളും അടിത്തറയും കാടു മൂടി.
ജില്ലയിലെ ഏറ്റവും വലിയ പട്ടികവർഗ ഉന്നതിയായ അടിച്ചിപ്പുഴയിലെ കാഴ്ചയാണിത്. അടിച്ചിപ്പുഴയിലെ താമസക്കാർക്ക് ഒത്തുകൂടാൻ പി.കെ.വേലായുധൻ മന്ത്രിയായിരുന്നപ്പോൾ പണിത കമ്യൂണിറ്റി ഹാളാണ് ഉണ്ടായിരുന്നത്. കാലപ്പഴക്കത്താൽ അതു നശിച്ചു.
പിന്നീട് എംപി ഫണ്ടിൽ ഹാൾ പണിതെങ്കിലും അൻപതോളം പേരെ മാത്രമേ ഇതിൽ ഉൾക്കൊള്ളാനാകൂ. ഇതിനു പരിഹാരം കാണാനാണ് പൊതു ആവശ്യങ്ങൾക്കും വിവാഹങ്ങൾക്കുമായി മണ്ഡപം പണിയാൻ രാജു ഏബ്രഹാം എംഎൽഎയായിരിക്കെ തീരുമാനിച്ചത്.
50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പണി നടന്നില്ല.
നിലവിലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ധനമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണു മുൻ എംഎൽഎമാരുടെ ഫണ്ട് ചെലവഴിക്കാൻ തീരുമാനിച്ചത്.
നിർമിതിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് ജില്ലാ ഭരണകൂടം അയച്ചു കൊടുത്തിരുന്നു. തുടർ നടപടി വൈകുന്നതു കണ്ട് എംഎൽഎ ഓഫിസിലെ ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് രേഖകൾ നീക്കിയിട്ടില്ലെന്ന് അറിയുന്നത്. പിന്നീട് എസ്റ്റിമേറ്റ് തയാറാക്കി പണി കരാർ ചെയ്തു.
അടിത്തറയും തൂണുകളും നിർമിച്ചു. പിന്നാലെ ഫണ്ട് ചെലവഴിക്കുന്നതിലെ കാലാവധി അവസാനിച്ചു.
ഫണ്ടില്ലാത്തതിനാൽ തുടർന്നുള്ള നിർമാണം നടത്താനായില്ല. കമ്പിക്കാലുകളിൽ ഒതുങ്ങുകയാണിത്.
സർക്കാരോ പട്ടികവർഗ ക്ഷേമ വകുപ്പോ ഇടപെട്ട് ഇതു പൂർത്തിയാക്കുകയാണാവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

