ചിറ്റൂർ ∙ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെത്തുടർന്നു കുഞ്ഞു മരിച്ചു. പ്രസവസമയത്തുണ്ടായ പിഴവാണു മരണകാരണമെന്ന പരാതിയുമായി കുഞ്ഞിന്റെ അച്ഛൻ രംഗത്ത്.
വണ്ടിത്താവളം മണിയാട്ടുകുളമ്പ് സ്വദേശികളായ നാരായണൻകുട്ടി- ആനന്ദി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണു മരിച്ചത്. നാരായണൻകുട്ടി പറയുന്നതിങ്ങനെ: ആനന്ദി ഗർഭിണിയായതു മുതൽ താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സ. അവസാന മാസത്തെ സ്കാനിങ്ങിനു ശേഷം, കുഞ്ഞിന്റെ തല തിരിഞ്ഞാണ് ഇരിക്കുന്നതെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു. ബുധനാഴ്ച ശസ്ത്രക്രിയ നടത്തണമെന്നും ചൊവ്വാഴ്ച തന്നെ ആശുപത്രിയിലെത്തണമെന്നും നിർദേശിച്ചു.
എന്നാൽ, ചൊവ്വ പുലർച്ചെ പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ഉടനെ ഡോക്ടർ പരിശോധിച്ച് പുറത്തെടുത്തപ്പോൾ കുട്ടിയുടെ കൈകൾക്കു വളവുണ്ടായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനാൽ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാൻ നിർദേശിച്ചു. താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐസിയു ഇല്ലാത്തതാണു കാരണമായി പറഞ്ഞത്.
പ്രസവസമയത്തെ പിഴവുമൂലം കുഞ്ഞിന്റെ ഇടതുകയ്യിലെ അസ്ഥി ഒടിയുകയും തോൾഭാഗത്തെ ഞരമ്പ് മുറിയുകയും ചെയ്തതിനാൽ തലയിൽ രക്തം കട്ടപിടിച്ചാണു മരണമെന്നു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതായി നാരായണൻകുട്ടി പറയുന്നു. അതേസമയം, ശസ്ത്രക്രിയ നടത്തിയാൽ അമ്മയുടെ ജീവൻ കൂടി അപകടത്തിലാകാനുള്ള സാധ്യതയായിരുന്നെന്നും അതിനാൽ ശസ്ത്രക്രിയ കൂടാതെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നെന്നും താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.പി.എസ്.കൃഷ്ണനുണ്ണി പറഞ്ഞു.
ആനന്ദിയെ ആശുപത്രിയിലെത്തിക്കുമ്പോൾ കുട്ടിയുടെ പിൻഭാഗം പുറത്തേക്ക് എത്തിനിൽക്കുന്ന നിലയിലായിരുന്നു. ആ അവസ്ഥയിൽ കുഞ്ഞിനെ ഉടൻ പുറത്തെടുക്കുകയല്ലാതെ മാർഗമില്ലായിരുന്നു.
അര മണിക്കൂർ മുൻപെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നു ഡോക്ടർമാരായ കെ.ദീപികയും കൃഷ്ണനുണ്ണിയും പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ടെന്നു കുടുംബം അറിയിച്ചു. സംഭവം ജില്ലാ മെഡിക്കൽ ഓഫിസറെ അറിയിച്ചിട്ടുണ്ടെന്നും നിർദേശങ്ങൾക്കനുസരിച്ചു തുടർനടപടി ഉണ്ടാകുമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അശ്വിൻ പറഞ്ഞു.
പ്രതിഷേധവുമായി ബിജെപിയും കോൺഗ്രസും
കുഞ്ഞു മരിച്ച സംഭവത്തിൽ ബിജെപി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ആശുപത്രിയിലെത്തി. സ്കാൻ റിപ്പോർട്ടിൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കിയിട്ടും ശസ്ത്രക്രിയ നടത്താനുള്ള തീയതി ബുധനാഴ്ച വരെ നീട്ടിയ നടപടി ശരിയായില്ലെന്നു ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ പറഞ്ഞു.
ബിജെപി നേതാക്കളായ എൻ.രമേശ് കുമാർ, എ.കെ.മോഹൻദാസ്, വി.രമേശ്, എ.ദണ്ഡപാണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. കുട്ടികളുടെ ഐസിയു ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഇത്തരം സങ്കീർണമായ പ്രസവങ്ങൾ നടത്തുന്നത് ശരിയല്ലെന്ന് പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ആർ.കിഷോർ കുമാർ, മുരളി തറക്കളം, ജിതേഷ് നാരായണൻ, രാഹുൽ കൃഷ്ണ, ജി.സാദിഖ് അലി, കെ.സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

