തിരുവനന്തപുരം∙ കേരളത്തിലേക്ക് രാജസ്ഥാനിൽ നിന്നെത്തുന്ന ആയുർവേദ മരുന്നുകളിൽ വ്യാജൻ. വിവിധ രോഗങ്ങൾക്കെന്നു കാണിച്ച് രാജസ്ഥാനിൽനിന്നു വരുന്ന മരുന്നുകൾ മിക്കതിലും വേദന സംഹാരികളായ അലോപ്പതി മരുന്നുകളുടെ ചേരുവ കണ്ടെത്തി.
രാജസ്ഥാനിൽ നിന്നെത്തുന്ന ശ്രേയസ് കർപ്പൂര തുളസി, അഭയാരിഷ്ടം, ബലാരിഷ്ടം, കുടജാരിഷ്ടം, അമൃതാരിഷ്ടം, ദശമൂലാരിഷ്ടം , അവിപത്തിചൂർണം, അശോകാരിഷ്ടം തുടങ്ങിയ മരുന്നുകളിൽ അലോപ്പതി വേദനസംഹാരികൾ പകുതിയോളമുണ്ടെന്നാണ് ഡ്രഗ് കൺട്രോളർ വകുപ്പിന്റെ ലാബിന്റെ പരിശോധനാ ഫലം.
കരൾ രോഗം, വേദന, ചർമം തിളങ്ങുന്നതിന്, മുടി വളർച്ച, പ്രതിരോധശേഷി ഉയർത്തൽ, ശ്വാസകോശ സംബന്ധ രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കെന്ന പേരിലാണ് ഇൗ മരുന്നുകൾ വിപണിയിലെത്തിയത്. പരിശോധനയിൽ പൾമണറി ആർട്ടീരിയൽ ഹൈപ്പർ ടെൻഷന് നിർദേശിക്കുന്ന സിൽഡെനാഫിൽ സിട്രേറ്റ്, ആർത്രൈറ്റിസിന്റെ വേദനയ്ക്കും വീക്കത്തിനും നൽകുന്ന ഡൈക്ലോഫിനാക് സോഡിയം, ആസ്മയ്ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും നൽകുന്ന എറ്റോഫിലിൻ– തിയോഫിലൈൻ ഗുളികകൾ എന്നിവയാണ് വിവിധ ആയുർവേദ മരുന്നുകളിൽ കണ്ടെത്തിയത്.
മദ്യപാനത്തിന്റെ ചികിത്സയ്ക്കു നൽകുന്ന ഡൈസൾഫിറാമും ചില മരുന്നുകളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പുറമേ, ഗുണനിലവാരമില്ലാത്ത വിവിധതരം ഹെയർ ഓയിലുകൾ, ഷാംപൂ, കുട്ടികൾക്കുള്ള സോപ്പ്, ഗുളികകൾ തുടങ്ങിയവ എല്ലാ ജില്ലകളിൽനിന്നും വ്യാപകമായി പിടിച്ചെടുത്തു. ആലപ്പുഴ , ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലായി 22 കേസുകളും 2 വർഷത്തിനിടെ റജിസ്റ്റർ ചെയ്തു.
മരുന്നു വിപണിയിലിറക്കുന്നതിന് മുൻപ് ഉൽപാദന കമ്പനികൾ തന്നെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്ന നിയമം ഉള്ളപ്പോൾ, നിലവാരം കുറഞ്ഞ മരുന്നുകൾ വിപണിയിലെത്തുന്നത് എങ്ങനെയെന്ന ചോദ്യത്തിന് സർക്കാരിന് ഉത്തരമില്ല.
ഡ്രഗ് ഇൻസ്പെക്ടർമാർ പേരിന് മാത്രം
100 മെഡിക്കൽ സ്റ്റോറുകൾ പരിശോധിക്കാൻ ഒരു ഡ്രഗ് ഇൻസ്പെക്ടർ വേണമെന്നാണ് ഏഴാം ലോക്സഭാ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ശുപാർശ.
24,000 മെഡിക്കൽ സ്റ്റോറുകളും മറ്റു ഫാർമസികളും ഉൾപ്പെടെ 30,000 സ്ഥാപനങ്ങളിൽനിന്നു സാംപിൾ എടുത്ത് പരിശോധിക്കാൻ കേരളത്തിൽ ആകെയുള്ളത് 48 ഡ്രഗ് ഇൻസ്പെക്ടർമാരാണ്. ഉള്ളവർക്ക് പോകാൻ വാഹനങ്ങളും വേണ്ടത്രയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

