ബന്തടുക്ക ∙ കുറ്റിക്കോൽ പഞ്ചായത്തിലെ ബന്തടുക്ക മാണിമൂലയിൽ പുരാവസ്തു വകുപ്പ് അധികൃതർ നടത്തിയ പഠനത്തിൽ മുൻപു കണ്ടെത്തിയ പുരാവസ്തു ശേഖരത്തിനു പുറമേ വീണ്ടും പൊട്ടിയ മൺപാത്രങ്ങളും ഇരുമ്പ് ഉളിയും ഇരുമ്പ് ദണ്ഡും കണ്ടെത്തി. കൽപ്പത്തായം ഖനനം ചെയ്തപ്പോഴാണ് ഇവ കണ്ടെടുത്തത്.
പുരാവസ്തു വകുപ്പ് ഏറ്റെടുത്ത നിധിശേഖരം വിദഗ്ധ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കും.
ഏപ്രിൽ 4നാണു ജലജീവൻ പദ്ധതിക്കായി കുഴിയെടുക്കുന്നതിനിടെ പ്രദേശത്തു മഹാശിലാ സംസ്കാരത്തിന്റെ ശേഷിപ്പുകളിൽപെട്ട മൺപാത്രങ്ങളും എല്ലിൻഭാഗങ്ങളും കണ്ടെത്തിയത്.
തുടർന്നു മഴ കാരണം ഖനനം നീളുകയായിരുന്നു. നവംബർ 16ന് ഗുഹയിലെ മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചു.
അർദ്ധമൂല്യ കന്മുത്തുകളും ഇരുമ്പുപകരണങ്ങളും മൺപാത്രങ്ങളും കൽപ്പത്തായത്തിനു സമീപം മണ്ണിനിടയിലെ അറയിൽനിന്നു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
കൊത്തുപണികളാൽ അലങ്കരിച്ച കവാടത്തിൽ ഒറ്റ ചെങ്കൽപ്പാളി വച്ച് അടച്ചനിലയിലുണ്ടായിരുന്ന ഗുഹാരൂപത്തിലുള്ള രഹസ്യഅറ തുറന്നപ്പോഴാണു മഹാശിലയുഗ സംസ്കാരത്തിന്റെ ശേഷിപ്പുകൾ വീണ്ടും കണ്ടെടുത്തത്. പ്രദേശത്തു കൂടുതൽ പുരാവസ്തുശേഖരം ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണു കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിലെ ചാർജ് ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിൽ എക്സവേഷൻ അസിസ്റ്റന്റ് ഓഫിസർ വി.എ.വിമൽകുമാർ, ടി.പി.നിബിൻ എന്നിവരടങ്ങിയ സംഘം ഖനനത്തിന് മാണിമൂലയിലെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

