കെഎസ്എഫ്ഡിസി നിർമ്മിച്ച് നവാഗതയായ ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിച്ച ‘വിക്ടോറിയ’ എന്ന ചിത്രം ഈ മാസം 28-ന് തിയേറ്ററുകളിലെത്തുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് പുരസ്കാരങ്ങൾ നേടിയ ചിത്രത്തിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
1.09 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലർ, ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ആഖ്യാനരീതിയുടെ സൂചന നൽകുന്നതാണ്. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി ഒട്ടനവധി പുരസ്കാരങ്ങൾ നേടിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഒരു ബ്യൂട്ടി പാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ കഥയാണ് ചിത്രം പറയുന്നത്. മീനാക്ഷി ജയൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിലെ അഭിനയത്തിന് ചൈനയിലെ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബറ്റ് പുരസ്കാരം മീനാക്ഷിക്ക് ലഭിച്ചിരുന്നു. പൂർണ്ണമായും സ്ത്രീ കഥാപാത്രങ്ങളിലൂടെ സമകാലിക കേരളത്തിലെ സ്ത്രീജീവിതം വരച്ചുകാട്ടുന്ന ചിത്രത്തിൽ മീനാക്ഷിയെ കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറയ്ക്കൽ, ജീന രാജീവ്, രമാദേവി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കൊപ്പം ഒരു പൂവൻകോഴിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമാണ്. ചൈനയിലെ ഷാങ്ഹായ് ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്നു വിക്ടോറിയ.
ഐഎഫ്എഫ്കെ 2024-ൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസ്കി പുരസ്കാരം ഈ ചിത്രത്തിലൂടെ ശിവരഞ്ജിനി നേടി. മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, സംവിധായിക, ഛായാഗ്രഹണം എന്നീ മൂന്ന് പുരസ്കാരങ്ങൾ, സിയോൾ വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എക്സലൻസ് അവാർഡ്, പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്കാരം, ഇരിങ്ങാലക്കുട
ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം എന്നിവയും ചിത്രം സ്വന്തമാക്കി. മലേഷ്യ, തായ്പോ, സൗത്ത് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ്, കൊൽക്കത്ത, ധരംശാല തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും വിക്ടോറിയ പ്രദർശിപ്പിച്ചിട്ടുണ്ട്.
ആനന്ദ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അഭയദേവ് പ്രഫുൽ സംഗീതം നൽകിയിരിക്കുന്നു.
കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി വനിതാ സംവിധായകർക്കായി കെഎസ്എഫ്ഡിസി ഒരുക്കിയ സംരംഭത്തിലൂടെയാണ് വിക്ടോറിയ നിർമ്മിച്ചത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

