നീലംപേരൂർ ∙ പൈപ്പിടാനായി റോഡിൽ എടുത്ത കുഴികൾ കെണിയായി. വാഹനങ്ങൾ റോഡിൽ താഴുന്നത് പതിവാകുന്നു.
നീലംപേരൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കുട്ടനാട് ശുദ്ധജല പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നത്. പൈപ്പ് ഇട്ടതിനു ശേഷം റോഡ് കൃത്യമായി മൂടിയിട്ടില്ല. പി.എൻ.പണിക്കർ സ്മാരകത്തിനു സമീപം എൽപി സ്കൂൾ റോഡിൽ കഴിഞ്ഞ ദിവസം വിദ്യാർഥികളുമായി വന്ന സ്കൂൾ വാൻ കുഴിയിൽ താഴ്ന്നു ചെരിഞ്ഞു.
ഒരു ഭാഗം മതിലിൽ തട്ടിയതിനാൽ വാൻ മറിഞ്ഞില്ല. മറ്റൊരു വാഹനമെത്തിച്ച് സ്കൂൾ വാൻ കെട്ടിവലിക്കുകയായിരുന്നു.
സമീപത്ത് തന്നെ കൈനടി പൊലീസിന്റെ ജീപ്പ് മതിലിൽ ഇടിച്ചും അപകടമുണ്ടായി.
കുഴിയിൽ ചാടാതിരിക്കാൻ ജീപ്പ് വെട്ടിച്ചുമാറ്റിയതാണ്. നീലംപേരൂർ ക്ഷേത്രത്തിനു മുൻപിലൂടെയുള്ള റോഡും തകർന്നു.
ഈര – കൈതാരം റോഡ്, ചക്കച്ചംപാക്ക, പയറ്റുപാക്ക റോഡുകളും തകർന്നു. വിവിധ ഇടവഴികളും പൊളിച്ചിട്ടിരിക്കുകയാണ്.
ചെറിയ റോഡുകൾ തകർന്ന് കിടക്കുന്നത് കാരണം ആളുകൾ വലയുകയാണ്. വീടുകളിലേക്കുള്ള പ്രവേശന ഭാഗം പലരും സ്വന്തം നിലയ്ക്ക് നന്നാക്കി തുടങ്ങി. മുന്നറിയിപ്പുകളില്ലാതെ റോഡ് പൊളിച്ചതിൽ പ്രതിഷേധം വ്യാപകമാണ്.
ശുദ്ധജലം വരുമോ ?
കുട്ടനാട് ശുദ്ധജല പദ്ധതിയുടെ ഭാഗമായാണ് ജോലികൾ.
കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. കിഫ്ബി പ്രോജക്ടിൽ ജലഅതോറിറ്റിയാണ് പൈപ്പ് സ്ഥാപിക്കുന്നത്. നീരേറ്റുപുറത്ത് നിർമിക്കുന്ന പുതിയ പ്ലാന്റിൽ നിന്നു ശുദ്ധജലം നീലംപേരൂരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
നീരേറ്റുപുറത്തെ പ്ലാന്റിന്റെ നിർമാണം പൂർത്തിയായിട്ടില്ല. ഇതിനു മുന്നോടിയായി പൈപ്പ് ഇടുന്ന ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം.
പൈപ്പിടാനായി കുത്തിപ്പൊളിച്ച റോഡുകൾ കാലാവസ്ഥ അനുകൂലമായാൽ അറ്റകുറ്റപ്പണി നടത്തുമെന്ന് കിഫ്ബി വിഭാഗം അറിയിച്ചു.
പഴയ ടാങ്കിന്റെ തകരാറുകൾ പരിഹരിക്കും
നീലംപേരൂർ ക്ഷേത്രത്തിനു സമീപം മൂന്ന് പതിറ്റാണ്ടുകളായി നോക്കുകുത്തിയായി നിൽക്കുന്ന ജലസംഭരണി പദ്ധതിയുടെ ഭാഗമാകുമെന്ന് അധികൃതർ പറയുന്നു. ഇതിനായി ജലസംഭരണിയുടെ തകരാറുകൾ പരിഹരിച്ച് അറ്റകുറ്റപ്പണി നടത്തുമെന്നും പറഞ്ഞു.
പല ഭാഗത്തെയും കോൺക്രീറ്റ് അടർന്നു മാറിയിരിക്കുകയാണ്. പൈപ്പുകളും തുരുമ്പെടുത്തു നശിച്ചിരിക്കുകയാണ്.
നീലംപേരൂർ പഞ്ചായത്തിനാകെ ശുദ്ധജല വിതരണം ചെയ്യാനാണ് സംഭരണി നിർമിച്ചത്. എന്നാൽ ആസൂത്രണത്തിലെ പിഴവ് കാരണം ഒരിറ്റു വെള്ളം പോലും സംഭരണിയിൽ വീണില്ല. ശുദ്ധജലം വിലയ്ക്കു വാങ്ങിയാണ് ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത്. ഇപ്പോൾ പുതിയ പൈപ്പ് സ്ഥാപിക്കാൻ റോഡിൽ കുഴിയെടുത്തപ്പോൾ 30 വർഷം മുൻപിട്ട
പൈപ്പുകൾ റോഡിനടിയിൽ നിന്നു കണ്ടെത്തി.
വാലടിയിൽ പുതിയ ടാങ്ക്
ശുദ്ധജല പദ്ധതിക്കായി വാലടിയിൽ മൃഗാശുപത്രിക്കു സമീപം 5.5 ലക്ഷം ലീറ്റർ സംഭരണിയുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. നീരേറ്റുപുറം പ്ലാന്റിൽ നിന്നുള്ള ശുദ്ധജലമാണ് ടാങ്കിലെത്തിക്കുക.
അധികൃതർ കേൾക്കണം; നാട്ടുകാർക്ക് പറയാനുണ്ട്
നാട്ടുകാരായ അജയ് പൂന്തോട്ടം, രാധാകൃഷ്ണക്കുറുപ്പ്, ബി.കാർത്തികേയൻ, സജീവ് പയ്യംപള്ളിൽ, സരോജം എന്നിവർ പറയുന്നു.
∙ പൈപ്പിടാനായി പൊളിച്ച റോഡുകൾ നന്നാക്കണം. ∙ പഴയ ശുദ്ധജല പദ്ധതി പോലെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച് പോകരുത്.
∙ ശുദ്ധജല പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകണം. ∙ പഴയ ടാങ്കിന്റെ അപകടഭീഷണി ഒഴിവാക്കിയതിനു ശേഷം മാത്രം പദ്ധതിയുടെ ഭാഗമാക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

