തലയോലപ്പറമ്പ് ∙ തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പകൽ പൂരം ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്ത് കിഴക്കോട്ട് ദർശനമായി 15ഗജരാജാക്കന്മാർ അണിനിരന്നു.
ഇടതും വലതുമായി നിന്ന 14ഗജവീരന്മാരുടെ മധ്യത്തിൽ തിരുപുരത്തപ്പന്റെ തിടമ്പേറ്റി ഗുരുവായുർ ഇന്ദ്രസെൻ നിലയുറപ്പിച്ചതോടെ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, പൂര മൈതാനിയിൽ ദീപപ്രകാശനം നടത്തി. മോൻസ് ജോസഫ് എംഎൽഎ പങ്കെടുത്തു.
മേള പ്രമാണി ചെറുശേരി കുട്ടൻ മാരാരുടെ പ്രമാണിത്വത്തിൽ 100ൽ അധികം വാദ്യ കലാകാരന്മാർ പങ്കെടുത്ത പാണ്ടിമേളം ആസ്വാദകരുടെ മനം കവർന്നു. വാദ്യമേളത്തിന്റെ താളത്തിനൊപ്പം നൃത്ത ചുവടുകളുമായി പൂര മൈതാനിയിൽ നിറഞ്ഞാടിയ മയിലാട്ടം നയനമനോഹരമായി.
തൃശൂർ പൂരത്തിനു സമാനമായി 15തവണ വിവിധ വർണങ്ങളിലുള്ള കുടകൾ മാറി മാറി ഉയർത്തിയപ്പോൾ മൈതാനിയിൽ തടച്ചുകൂടിയവർ ആവേശത്തിലായി. ഗുരുവായൂർ വലിയ വിഷ്ണു, ഗുരുവായൂർ പീതാംബരൻ, ഗുരുവായൂർ ശ്രീധരൻ, ഇത്തിത്താനം വിഷ്ണു നാരായണൻ, വഴുവാടി ശ്രീകണ്ഠൻ, പനയ്ക്കൽ നന്ദകുമാർ, കണ്ടിയൂർ പ്രേംശങ്കർ, വേമ്പനാട് അനന്തപത്മനാഭൻ, പുത്തൻകുളം മോദി, പീച്ചിയിൽ രാജീവ്, ഉണ്ണിപ്പള്ളി ഗണേശൻ, പുത്തൻകുളം വിക്രം, വേമ്പനാട് അർജുനൻ, അരുൺ അയ്യപ്പൻ എന്നീ ആനകൾ അകമ്പടിയേകി.
പൂരത്തിൽ പങ്കെടുക്കാൻ ഗജരാജാക്കൻമാരും, മേള പ്രമാണിമാരും എത്തി തുടങ്ങിയതോടെ ഇന്നലെ പുലർച്ചെമുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തങ്ങളുടെ ഇഷ്ടപ്പെട്ട
ആനയെ അടുത്തു കാണാനും ചിത്രം പകർത്താനും ആരാധകരുടെ പ്രവാഹമായിരുന്നു. ഇന്നലെ രാവിലെ 9ന് നടത്തുന്ന വലിയ ശ്രീബലിക്ക് 5ഗജവീരന്മാർ അണിനിരന്നു.
ചൊവ്വല്ലൂർ മോഹന വാരിയർ, ഉദയനാപുരം ഹരി, രാജേഷ് എന്നിവരുടെ പ്രമാണിത്വത്തിൽ മേളം ഒരുക്കി, രാത്രി നടത്തിയ വലിയ വിളക്കിന് ചോറ്റാനിക്കര ഹരീഷ് മാരാരുടെ പ്രമാണിത്വത്തിൽ മേളം ഒരുക്കി.ഇന്ന് 9ന് വിശേഷാൽ ശ്രീബലി, 12.30ന് ആറാട്ട് സദ്യ, 4.30ന് കൊടിയിറക്ക്, 5.30ന്, ആറാട്ട് പുറപ്പാട്, ഗുരുവായൂർ ഇന്ദ്രസെൻ തിടമ്പേറ്റും. 7ന് ആറാട്ട്. 7.30ന്ഭക്തിഗാനസുധ, 9ന് ആറാട്ട് എതിരേൽപ്, ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെ പ്രമാണത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം, 12ന് ഇറക്കി പൂജ എന്നിവ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

