കൊട്ടിയൂർ ∙ പന്നിയാംമലയിൽ കർഷകർ കൈവശമുള്ള വനഭൂമി കണ്ടെത്തുന്നതിനായി വനം വകുപ്പും റവന്യു വകുപ്പും ചേർന്നുള്ള സംയുക്ത പരിശോധനയ്ക്ക് ഉദ്യോഗസ്ഥ സംഘം എത്തി. ഇന്നലെ രാവിലെയാണ് കൊട്ടിയൂർ റേഞ്ച് ഓഫിസർ ടി.നിധിൻരാജ്, ഡപ്യൂട്ടി തഹസിൽദാർ ബിജി ജോൺ, കൊട്ടിയൂർ വില്ലേജ് ഓഫിസർ ഷാജി മാത്യു എന്നിവരുടെ നേതൃത്വത്തിൽ വനം, റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. മന്ദംചേരിയിൽ ബാവലി പുഴയുടെ പുതിയ പാലത്തിന് സമീപ മേഖലയിലാണ് പരിശോധനയ്ക്കായി സംഘം എത്തിയത്.
ആകെ രണ്ട് പേരുടെ ഭൂമിയിൽ പരിശോധന നടത്തിയ ശേഷം ഉദ്യോഗസ്ഥ സംഘം മടങ്ങി.
കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള അഗ്രികൾചർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും കൂടി എത്തിയ ശേഷം മാത്രമേ തുടർ പരിശോധനകൾ സാധ്യമാകൂ എന്ന് തീരുമാനിച്ചാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. തുടർ പരിശോധന എപ്പോൾ ഉണ്ടാകുമെന്ന് അറിയിച്ചിട്ടില്ല.
ഇന്നലെ പെട്ടെന്നാണ് സംഘം പരിശോധനയ്ക്ക് എത്തിയത്.
വനം വകുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരിശോധനയെന്ന് റവന്യു വകുപ്പ് അറിയിച്ചു. വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ പരിശോധനകൾ നടത്തിയിട്ടുള്ളതും നടപടി ക്രമങ്ങൾ അന്തിമ ഘട്ടത്തിൽ ഉള്ളതുമായ ഭൂമിയിലാണ് പരിശോധനയ്ക്ക് ഇപ്പോൾ ശ്രമിക്കുന്നത്.
75 വർഷത്തിൽ അധികമായി കർഷകരുടെ കൈവശമുള്ള ഭൂമി
∙ ഏകദേശം 75 വർഷത്തിൽ അധികമായി കർഷകരുടെ കൈവശമുള്ളതും കൃഷിയിടങ്ങളുമാണ് ഇവിടെയുള്ളത്.
ബാവലി പുഴയിലേക്ക് എത്തിച്ചേരുന്ന പന്നിയാംമല തോടിന്റെ ഒരു വശത്ത് കൈവശ ഭൂമിയും മറു വശത്ത് കൊട്ടിയൂർ വന മേഖലയുമാണ് ഉള്ളത്. കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം മുതൽ പന്നിയാംമല വരെ 97 കുടുംബങ്ങൾക്കും പാൽച്ചുരത്തെ ഉന്നതികളിലെ ഭൂമിക്കും പട്ടയം നൽകേണ്ടതുണ്ട്.
അമ്പായത്തോട് ടൗൺ അടക്കമുള്ള പ്രദേശങ്ങളിലും പട്ടയം ലഭിക്കേണ്ടതുണ്ട്. 1977 ജനുവരി ഒന്നിന് മുൻപു മുതൽ കൈവശ ഭൂമിയുള്ളവർക്ക് പട്ടയം നൽകണമെന്നാണ് മുൻ കാലത്തെ സർക്കാർ ഉത്തരവുള്ളത്.
എന്നാൽ ഇതിൽ വനം വകുപ്പിന് തർക്കമുണ്ട്. മേൽപറഞ്ഞ പ്രദേശങ്ങളിൽ കുറേ ഭാഗത്ത് തേക്ക് പ്ലാന്റേഷൻ നടത്തുകയും വെസ്റ്റഡ് ഫോറസ്റ്റായി നിലനിർത്തുകയും ചെയ്തിരിക്കുകയാണ്.
വെസ്റ്റഡ് ഫോറസ്റ്റ് പരിധിയിൽ വരുന്ന പന്നിയാംമലയിലെ 35ൽ അധികം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനാണ് ഇവിടെ പരിശോധന നടത്തുന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. അമ്പായത്തോട് ടൗൺ അടക്കമുള്ള പ്രദേശം 2011ൽ വന്യജീവി സങ്കേതത്തിന്റെ പരിധിയിലാണ് ഉള്ളത്.
അതിനാൽ തന്നെ പട്ടയം നൽകാൻ തടസ്സമുണ്ടെന്നും മുൻപ് ചൂണ്ടിക്കാണിച്ചിരുന്നു.
വനഭൂമിക്ക് പുറത്ത് പുഴയുടേയും തോടിന്റെയും മറു കരയിൽ കർഷകരുടെ കൈവശഭൂമിയിൽ വരെ സർവേ നമ്പർ പ്രകാരം വനഭൂമിയുണ്ട് എന്ന വാദത്തെ തുടർന്നാണ് വീണ്ടും പരിശോധനയ്ക്ക് എത്തിയത്. ഇതിനിടയിൽ തേക്ക് പ്ലാന്റേഷൻ മുറിച്ചു മാറ്റാനും അവിടം കൂടി വന്യജീവി സങ്കേതത്തിന്റെ ഭാഗമാക്കാനുമുള്ള നീക്കവുമുണ്ട്.
കയ്യേറിയ ഭൂമിയെന്ന് വനം വകുപ്പും കുടിയേറ്റ ഭൂമിയെന്ന് റവന്യു വകുപ്പും പറയുന്ന ഭൂമിയിൽ വിളകളുടെയും മരങ്ങളുടെയും പ്രായം കണക്കാക്കിയ ശേഷം ഭൂമി തരം തിരിക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്.
നിലവിൽ വനാതിർത്തി നിശ്ചയിച്ചുള്ള ജണ്ടകൾ പുഴയ്ക്കും തോടിനും മറുകരയിലെ വനഭൂമിയിലാണ് ഉള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് തിരക്കിട്ട് പരിശോധനയ്ക്ക് ശ്രമിച്ചതും വിവാദമാകുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

