കോഴിക്കോട് ∙ മലാപ്പറമ്പ് ഫ്ലാറ്റ് കേന്ദ്രീകരിച്ചു അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ പ്രതി ചേർത്ത 2 പൊലീസ് ഡ്രൈവർമാർ ഉൾപ്പെടെ 12 പേർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷ് കോടതിയിൽ കുറ്റപത്രം നൽകി. 2 പൊലീസ് ഡ്രൈവർമാർക്കും സംഭവത്തിൽ ബന്ധമുണ്ടെന്നും, കെട്ടിടം വാടകയ്ക്കെടുത്ത വിദേശത്തുള്ള പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 4 ൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
11,12 പ്രതികളായ പൊലീസുകാർ ഇടപാടുകാരെ അനാശാസ്യ കേന്ദ്രത്തിൽ എത്തിക്കുന്ന ഇടനിലക്കാരായി പ്രവർത്തിച്ചെന്നും, ഇതു വഴി ധനം സമ്പാദിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
മാത്രമല്ല, ഒന്നാം പ്രതി മുതൽ 7 വരെയുള്ള പ്രതികളും 10 മുതൽ 12 വരെയുള്ള പ്രതികളും അനാശാസ്യ കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിലൂടെ ധനം സമ്പാദിച്ചതായും റിപ്പോർട്ടിൽ സൂചന ഉണ്ട്. അറസ്റ്റിലായ പൊലീസുകാർക്കെതിരെ അന്വേഷണ സംഘം സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ രണ്ടു പൊലീസുകാരെ നേരത്തെ സേനയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.
ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡ്രൈവർമാരായ പെരുമണ്ണ കുന്നുമ്മൽ കെ.ഷൈജിത്ത് (42), കുന്നമംഗലം പടനിലം കൊല്ലത്തടി വീട്ടിൽ കെ.സനിത്ത് (45), നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി പഞ്ചമി, പുറ്റേക്കാട് സ്വദേശി എം.ഉപേഷ്, ഇടനിലക്കാരായ അഞ്ജുള, യോഗ്വേശ്വരി, ക്രിസ്റ്റൽ ആന്റണി, അനിമോൾ, മലപ്പുറം സ്വദേശികളായ ഷക്കീർ, നഹാസ്, അനാശാസ്യ കേന്ദ്രത്തിനു കെട്ടിടം വാടകയ്ക്കു എടുത്ത ബാലുശ്ശേരി വട്ടോളി പനങ്ങാട് സ്വദേശിയും ഇപ്പോൾ ബഹ്റനിൽ ജോലി ചെയ്യുന്ന എം.കെ.അനിമീഷ് എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയത്.
അറസ്റ്റ് ചെയ്ത പ്രതികൾക്ക് പിന്നീട് കോടതി ജാമ്യം നൽകിയിരുന്നു.
കഴിഞ്ഞ ജൂൺ 6 നാണ് നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ‘ഗാർഡനീയ’ ഫ്ലാറ്റിൽ മിന്നൽ പരിശോധന നടത്തിയത്. തുടർന്നു സംഭവ സ്ഥലത്തു നിന്നു നടത്തിപ്പുകാരി ഉൾപ്പെടെ 9 പേരെ പിടികൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ 2 പൊലീസ് ഡ്രൈവർമാരും ഉൾപ്പെട്ടെന്നു വ്യക്തമായി. മാത്രമല്ല കെട്ടിടം വാടകയ്ക്കെടുത്തത് വിദേശത്തുള്ള വ്യക്തിയാണെന്നും തിരിച്ചറിഞ്ഞു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ പൊലീസ് ഡ്രൈവർമാരുടെ പങ്ക് വ്യക്തമായി. ജൂൺ 11 ന് പൊലീസുകാരെ കേസിൽ പ്രതിചേർത്തു അന്വേഷണ സംഘം കമ്മിഷണർക്ക് റിപ്പോർട്ട് നൽകി.
ഇതോടെ ഇരുവരും മുങ്ങുകയായിരുന്നു.
പിന്നീട് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഹെയർപിൻ’ എന്നു പേരിട്ട അന്വേഷണ സംഘം രൂപീകരിച്ചു.
പ്രതികൾ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയിൽ ശ്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് നഗരത്തിൽ പ്രതികളുമായി ബന്ധപ്പെട്ടവരുടെ വാഹനങ്ങൾ നിരീക്ഷിച്ചു.
6 ദിവസം കൊണ്ട് താമരശ്ശേരി കോരങ്ങോട്ടെ സുഹൃത്തിന്റെ ആൾത്താമസമില്ലാത്ത വീടിനു മുകളിലെ ഒളിസങ്കേതത്തിൽ നിന്നു പൊലീസ് ഡ്രൈവർമാരെ പിടികൂടുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

