കാഞ്ഞിരപ്പുഴ ∙ വാക്കോടനിൽ സ്വകാര്യ തോട്ടത്തിൽ കാടുവെട്ടുന്ന തൊഴിലാളികൾക്കു നേരെ പുലി പാഞ്ഞടുത്തു. തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു.
വാക്കോടൻ കൊട്ടാരം ജോർജിന്റെ തോട്ടത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടിനായിരുന്നു സംഭവം. പുലിയുടെ ശബ്ദം കേട്ടു തൊഴിലാളികളായ മാളിയേക്കൽ ബാബുവും സംഘവും ബഹളം വച്ചതോടെ പുലി തിരിഞ്ഞു നിന്നു.
ഇതിനിടെ കാടുവെട്ടു മതിയാക്കി തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. വിവരം വനംവകുപ്പിനെ അറിയിച്ചു.
അവരെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ആഴ്ചകൾക്കു മുൻപു വാക്കോടൻ കുണ്ട്രാമ്പിൽ അംബികയുടെ വീട്ടിലെ വളർത്തുമൃഗത്തെ പുലി പിടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായിരുന്നു. ഇതോടെ പുലിയുടെ സാന്നിധ്യവും അധികൃതർ സ്ഥിരീകരിച്ചിരുന്നു.
ഇതിന്റെ ഭീതി മാറും മുൻപേയാണു തൊഴിലാളികൾക്കു നേരെ പുലിയുടെ ആക്രമണം. പ്രദേശത്തു പുലിയുടെ ശല്യം ഏറെയാണെന്നും കൂടുവച്ചു പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വാക്കോടൻ മേഖലയിലെ പുലി അടക്കമുള്ള വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടു ജനകീയ സമിതിയുടെ നേതൃത്വത്തിൽ വൈകിട്ടു പ്രതിഷേധറാലി സംഘടിപ്പിച്ചു.
വാക്കോടൻ പള്ളിപ്പരിസരത്തു നിന്നാരംഭിച്ച റാലി പിച്ചളമുണ്ട കനാൽ ജംക്ഷനിൽ സമാപിച്ചു.
തുടർന്നു നടത്തിയ യോഗം കാഞ്ഞിരപ്പുഴ ഫൊറോന വികാരി ഫാ.ബിജു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ.ഐബിൻ കളത്താര, കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര, ജോമി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
ബോബി പാപ്പിനിശ്ശേരി പ്രതിഷേധറാലിക്കു നേതൃത്വം നൽകി. കുട്ടികളും അമ്മമാരും അടക്കം നൂറിലേറെപ്പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

