കണ്ണൂർ ∙ പയ്യന്നൂരിൽ പൊലീസ് സംഘത്തെ സ്റ്റീൽ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ചെന്ന കേസിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. നിഷാദ് (35), ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.സി.വി.നന്ദകുമാർ (35) എന്നിവർക്ക് 20 വർഷം വീതം കഠിനതടവും രണ്ടരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.
പയ്യന്നൂർ നഗരസഭയിൽ നിലവിൽ കൗൺസിലറായ നിഷാദ് ഇത്തവണ വെള്ളൂർ മൊട്ടമ്മൽ വാർഡിൽ സ്ഥാനാർഥിയാണ്.
2012 ഓഗസ്റ്റ് ഒന്നിന് പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനു നേരെ ബോംബെറിഞ്ഞ കേസിലാണ് തളിപ്പറമ്പ് അഡിഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി.
അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ അറസ്റ്റിലായതിനു പിന്നാലെ നടന്ന സംഘർഷങ്ങളുടെ ഭാഗമായിരുന്നു ബോംബേറ്.
ശിക്ഷിക്കപ്പെട്ട 2 പേരെയും കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.
നിഷാദ് മത്സരരംഗത്തു തുടരുമെന്നു സിപിഎം നേതൃത്വം അറിയിച്ചു. വിധിക്കെതിരെ ഇന്നു ഹൈക്കോടതിയിൽ അപ്പീൽ നൽകും.
തളിപ്പറമ്പ് ∙ പയ്യന്നൂരിൽ പൊലീസ് സംഘത്തെ സ്റ്റീൽ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട
വി.കെ.നിഷാദ് (35), ടി.സി.വി.നന്ദകുമാർ (35) എന്നിവരുടെ പേരിൽ ആകെയുള്ളത് 33 കേസുകൾ. ഒന്നാം പ്രതിയായ വി.കെ.നിഷാദിന്റെ പേരിൽ കൊലപാതകക്കേസും കൊലപാതകശ്രമവും ഉൾപ്പെടെ 19 കേസുകൾ ഉണ്ടെന്നതും രണ്ടാം പ്രതി നന്ദകുമാറിന്റെ പേരിൽ 2 കൊലപാതകവും രണ്ടു കൊലപാതകശ്രമവും പൊതുമുതൽ നശിപ്പിക്കലും ഉൾപ്പെടെ 14 കേസുകൾ ഉണ്ടെന്നതും ജഡ്ജി ചൂണ്ടികാട്ടി.
പൊലീസിനെ ബോംബെറിഞ്ഞ കേസിൽ വിവിധ വകുപ്പുകളിലായാണ് കോടതി 20 വർഷം വീതം തടവുശിക്ഷ വിധിച്ചത്.
307 വകുപ്പ് പ്രകാരം വധശ്രമത്തിന് 5 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും, സ്ഫോടക വസ്തു കൈവശം വച്ചത് സെക്ഷൻ 5 പ്രകാരം 5 വർഷം തടവും 50000 രൂപ പിഴയും, ബോംബെറിഞ്ഞതിന് 4 എ, ബി വകുപ്പുകൾ പ്രകാരം 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണിത്.
ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി. റിമാൻഡിൽ കഴിഞ്ഞ ഒരു മാസം ഇതിൽനിന്നു കുറവുചെയ്യും.
കേസിൽ മറ്റു പ്രതികളായിരുന്ന വെള്ളൂർ ആറാംവയൽ എ.മിഥുൻ (36), ആലിൻകീഴിൽ കുനിയേരി കെ.വി.കൃപേഷ് (38) എന്നിവരെ വിട്ടയച്ചിരുന്നു. പയ്യന്നൂർ എസ്ഐ കെ.പി.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഘർഷ സ്ഥലത്തേക്കു പോകുമ്പോഴാണു പയ്യന്നൂർ ബൈപാസ് റോഡ് ജംക്ഷനു സമീപത്ത് ഉച്ചയ്ക്ക് 12.45നു രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞത്.
ബോംബ് പൊട്ടിയിരുന്നില്ല. അഡീ.എസ്ഐ കുട്ടിയമ്പു, സിപിഒ പ്രമോദ്, ഡ്രൈവർ നാണുക്കുട്ടൻ, കെഎപിയിലെ അനൂപ്, ജാക്സൺ എന്നിവരായിരുന്നു പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വാദിഭാഗത്തിനായി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശൻ ഹാജരായി.
സിപിഎം നേതൃത്വം നിഷാദിനെ തള്ളിപ്പറയണം: വിനോദ്കുമാർ
കണ്ണൂർ ∙ പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി വി.കെ.നിഷാദിനെ തള്ളിപ്പറയാൻ സിപിഎം നേതൃത്വം തയാറാകണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ്കുമാർ ആവശ്യപ്പെട്ടു. ക്രിമിനലുകളാണു സിപിഎമ്മിനെ നിയന്ത്രിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണു നിഷാദിന്റെ സ്ഥാനാർഥിത്വം.
നിയമവാഴ്ചയിലും ജനാധിപത്യത്തിലും വിശ്വാസമുണ്ടെങ്കിൽ നിഷാദിനുള്ള പിന്തുണ പിൻവലിച്ചു സിപിഎം നേതൃത്വം പൊതുസമൂഹത്തോടു മാപ്പ് പറയണം.
വിധിയിൽ വയലാറും മാർട്ടിൻലൂഥർ കിങ്ങും
തളിപ്പറമ്പ് ∙ ‘ഏതെങ്കിലും ഒരിടത്തുള്ള അനീതി എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്’ – മാർട്ടിൻ ലൂഥർ കിങ്ങിന്റെ ഈ വാക്കുകൾ ഉദ്ധരിച്ചാണ്, പൊലീസിനെ ബോംബെറിഞ്ഞ കേസിലെ വിധി പ്രസ്താവന ജഡ്ജി ആരംഭിച്ചത്. വയലാറിന്റെ ‘വാളല്ലെൻ സമരായുധം … കരവാളു വിറ്റൊരു മണിപൊൻ വീണ വാങ്ങിച്ചു ഞാൻ’ എന്ന കവിതാശകലവും പരാമർശിച്ച ജഡ്ജി, രാഷ്ട്രീയമെന്നാൽ സ്നേഹമായിരിക്കണമെന്നും ചൂണ്ടിക്കാട്ടി.
ജയിലിലേക്കു കൊണ്ടുപോകുമ്പോൾ കോടതിവളപ്പിൽ മുദ്രാവാക്യം
∙ പ്രതികളെ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകുമ്പോൾ കോടതി വളപ്പിൽ സിപിഎം പ്രവർത്തകർ യാത്രയയച്ചത് മുദ്രാവാക്യം മുഴക്കി.
ഈ സമയം സെഷൻസ് കോടതി പിരിഞ്ഞിരുന്നെങ്കിലും ഇതിന്റെ മുകളിൽ നിലയിലുള്ള കുടുംബക്കോടതിയും സമീപത്തുള്ള മുൻസിഫ്, മജിസ്ട്രേട്ട് കോടതികളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. കോടതിയും പരിസരവും ശബ്ദരഹിത മേഖലകളായിരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.
സിപിഎം നേതാക്കളായ സി.കൃഷ്ണൻ, വി.നാരായണൻ, തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ്, സരിൻ ശശി എന്നിവരും സ്ഥലത്തുണ്ടായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചപ്പോൾ വി.ശിവദാസൻ എംപിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം അഭിവാദ്യവുമായെത്തി.
ഡമ്മി വേണ്ട; നിഷാദ് തന്നെ സ്ഥാനാർഥി
പയ്യന്നൂർ ∙ നിഷാദ് മത്സരിക്കുന്ന വെള്ളൂർ മൊട്ടമ്മൽ വാർഡിൽ ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ സിപിഎം വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം എം.ഹരീന്ദ്രൻ പത്രിക പിൻവലിച്ചിരുന്നില്ല.
വിധി വരുമ്പോൾ ആവശ്യമെങ്കിൽ ഹരീന്ദ്രനെ സ്ഥാനാർഥിയാക്കാമെന്ന ധാരണയിലായിരുന്നിത്. എന്നാൽ നിഷാദ് മത്സരിക്കുന്നതിൽ തടസ്സമില്ലെന്ന നിയമോപദേശമാണു സിപിഎമ്മിനു ലഭിച്ചതെന്ന് അറിയുന്നു.
കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്യുമെന്ന വിശ്വാസത്തിലാണു സിപിഎം. പ്രചാരണത്തിന്റെ ഭാഗമായി, വിധിയുടെ തലേന്നുവരെ നിഷാദ് വലിയൊരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം വാർഡിലെ മുഴുവൻ വീടുകളിലുമെത്തി വോട്ട് അഭ്യർഥിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

