തളിപ്പറമ്പ് ∙ ഫാം ടൂറിസം പദ്ധതിയിലൂടെ ശ്രദ്ധേയമാകുന്ന കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിനെ മനോഹരമാക്കുകയാണു തോട്ടത്തിലെ പൂന്തോട്ടങ്ങളും ജീവൻ തുടിക്കുന്ന ശിൽപങ്ങളും. കാടുപിടിച്ചു കിടന്നിരുന്ന കൃഷിത്തോട്ടത്തിന്റെ ഓഫിസ് പരിസരങ്ങളെല്ലാം ജീവനക്കാരായ കരിമ്പം സ്വദേശി വി.വി.രൂപേഷിന്റെ കരവിരുതിലൂടെ പൂന്തോട്ടങ്ങളായി മാറിക്കഴിഞ്ഞു. കൃഷിത്തോട്ടത്തിൽ തൈകളും പച്ചക്കറി വിത്തുകളും ചെടികളും വാങ്ങാനെത്തുന്നവരെയും പഠനയാത്രയ്ക്കായി എത്തുന്ന വിദ്യാർഥികളെയും ഇപ്പോൾ സ്വാഗതം ചെയ്യുന്നതു കൃഷിത്തോട്ടത്തിന്റെ മുൻപിലുള്ള ചെടികളും ശിൽപങ്ങളുമാണ്.
ഇതിൽ ഏറ്റവും പുതിയതാണു വിൽപന കൗണ്ടറിനു സമീപത്തെ വലിയ ആമയുടെ ശിൽപം.
കൃഷിത്തോട്ടത്തിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് തേക്കുമരങ്ങൾ കൊണ്ടു നിർമിച്ച റെസ്റ്റ് ഹൗസ്. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു മകൾ ഇന്ദിരാഗാന്ധിക്കൊപ്പം ഇവിടെ താമസിച്ചിരുന്നു.
ഈ റെസ്റ്റ് ഹൗസ് അടുത്ത കാലത്ത് നവീകരിച്ച് മോടി പിടിപ്പിച്ചപ്പോൾ ഇതിനു പരിസരത്തായി രൂപേഷ് പൂന്തോട്ടവും ഒരുക്കി. സിമന്റിലും മറ്റുമായി നിർമിച്ച കായ്ച്ചു നിൽക്കുന്ന പ്ലാവും ചക്കയും കുളങ്ങളും മത്സ്യങ്ങളും റെസ്റ്റ് ഹൗസിനെ കൂടുതൽ മനോഹരമാക്കി.
ഇതിനു ശേഷമാണ് തൈകളും ചെടിയും വിൽക്കുന്ന സെയിൽസ് കൗണ്ടറിനു സമീപത്ത്, വലിയൊരു ആമയും കുളവും കൃഷിത്തോട്ടത്തിലെ രണ്ടു തരം മാങ്ങകളും അടങ്ങിയ ശിൽപം നിർമിച്ചത്.
‘സെയിൽസ് കൗണ്ടറിലെ ജീവനക്കാരായ രാജേഷിന്റെയും രാജീവന്റെയും നിർദേശപ്രകാരമായിരുന്നു ശിൽപ നിർമാണം. ഓഫിസർമാരും സഹപ്രവർത്തകരും പിന്തുണച്ചു.
സിമന്റ്, കമ്പി തുടങ്ങിയവ ഉപയോഗിച്ചാണ് ഇവയും നിർമിച്ചത്. കെ.പി.മോഹനൻ എംഎൽഎയിൽ നിന്നും മന്ത്രി പി.പ്രസാദിൽ നിന്നും അംഗീകാരങ്ങളും ലഭിച്ചിരുന്നു.
ശിൽപകലാരംഗത്ത് യാതൊരു പഠനമോ പരിശീലനമോ ലഭിച്ചിട്ടില്ല.
മനസ്സിലുള്ള ആശയങ്ങളെ പകർത്താൻ ശ്രമിക്കുന്നെന്നു മാത്രം’, രൂപേഷ് പറഞ്ഞു. ഇവിടെ ജോലിക്കു കയറുംമുൻപേ തന്നെ കൃഷിത്തോട്ടത്തെക്കുറിച്ച് വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ ശേഖരിച്ചു തോട്ടത്തിന്റെ ആൽബങ്ങളും രൂപേഷ് തയാറാക്കിയിട്ടുണ്ട്.
കരിമ്പത്തെ ടി.കൃഷ്ണനും ഓമനയുമാണു മാതാപിതാക്കൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

