പേരാവൂർ∙ മലബാറിലെ കുടിയേറ്റത്തിനൊപ്പം പേരാവൂരിൽ സ്ഥാപിതമായ ആദ്യ വിദ്യാലയത്തിനു നവതി. പല തലമുറകളെ വിദ്യാഭ്യാസത്തിലൂടെ വളർത്തിയെടുത്ത തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന 90 ഇനം പരിപാടികൾ നടക്കും.
നവതി ലോഗോ പ്രകാശനം കെ.സുധാകരൻ എംപി നിർവഹിച്ചു. 2026 ജനുവരി 27 ചൊവ്വാഴ്ചയാണു നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും.
തുടക്കം കളരിയിൽ നിന്ന്
കൊല്ലരിക്കൽ കുടുംബത്തിൽ തുടങ്ങിയ ഒരു ആശാൻ കളരിയിൽ നിന്നാണ് സ്കൂളിന്റെ തുടക്കം.
1931-34 കാലഘട്ടത്തിൽ വർഗീസ് തുറക്കൽ, ജോസഫ് കൊല്ലറേത്ത് എന്നിവർ ചേർന്ന് ഒരു പള്ളിക്കൂടം നടത്തി. 1934ൽ ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു.
ആ ആഗ്രഹത്തിന് ഒപ്പം നിന്നതു കോളയാട് നിന്നുവന്ന വൈദികരായിരുന്നു. മലബാർ അക്കാലത്ത് മദ്രാസ് സർക്കാരിന്റെ കീഴിലുള്ള പ്രദേശമായിരുന്നു.
അതിനാൽ, ആദ്യ ശ്രമങ്ങളിലൊന്നും അംഗീകാരം ലഭിച്ചിരുന്നില്ല.
ഫാ.ഗ്രിഗറി തേങ്ങാപ്പുരക്കലിന്റെ നേതൃത്വത്തിൽ മദ്രാസ് ഗവൺമെന്റിൽ നിന്ന് അംഗീകാരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ വീണ്ടും തുടർന്നു. ഇതിന്റെ തുടർച്ചയായി കുടിപ്പള്ളിക്കൂടം പിന്നീട് സെന്റ് ജോൺസ് എലമെന്ററി സ്കൂളായി അംഗീകരിച്ചു.
1936ൽ സ്ഥിരാംഗീകാരവും ലഭിച്ചു. കോഴിക്കോട് രൂപതയുടെ കീഴിലുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1953ൽ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ നേതൃത്വത്തിൽ തലശ്ശേരി അതിരൂപത സ്ഥാപിതമായപ്പോൾ ഈ വിദ്യാലയം തലശ്ശേരി അതിരൂപതയുടെ കീഴിലായി.
90 വിദ്യാർഥികളും 6 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ ഈ അധ്യയനവർഷം 828 വിദ്യാർഥികളുണ്ട്. 36 അധ്യാപകരാണ് അറിവു പകരാനെത്തുന്നത്. ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ കൂടിയാണിത്.
മികവ് തെളിയിച്ച്
ലോക കായിക ഭൂപടത്തിൽ ഇന്ത്യയുടെ യശസ്സുയർത്തിയ പേരാവൂരിന്റെ വോളിബോൾ ഇതിഹാസം ജിമ്മി ജോർജ് ഇവിടത്തെ പൂർവവിദ്യാർഥിയായിരുന്നു.
ഇന്ത്യൻ സിനിമയിൽത്തന്നെ ശ്രദ്ധേയനായ എഡിറ്റർ രഞ്ജൻ എബ്രഹാമും ഇവിടെ പഠിച്ചുയർന്ന വിദ്യാർഥിയാണ്. ഈ വർഷം ലങ്കാഡി ചാംപ്യൻഷിപ്പിൽ രണ്ടു വിദ്യാർഥികൾ ഇന്ത്യൻ ജേഴ്സിയണിഞ്ഞു.
മുൻവർഷങ്ങളിലെ പോലെത്തന്നെ ഈ വർഷവും സബ്ജില്ലാ കലോത്സവത്തിൽ എൽപി, യുപി വിഭാഗങ്ങളിൽ ഓവറോളും ഒട്ടേറെ ഗെയിമുകളിൽ ചാംപ്യൻഷിപ്പും നേടി. സ്കൗട്ട് ആൻഡ് ഗൈഡ്, ബുൾബുൾ, കബ്ബ് തുടങ്ങിയവയ്ക്കൊപ്പം ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ, ലങ്കാഡി, കബഡി, ഹോക്കി, ചെസ്, കാരംസ്, ടേബിൾ ടെന്നിസ്, നീന്തൽ പരിശീലനം എന്നിവയിൽ പരിശീലനവും നൽകുന്നുണ്ട്.
നയിക്കാൻ ഇവർ
തലശ്ശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ.സോണി വടശ്ശേരി, സ്കൂൾ മാനേജർ ഫാ.ഷാജി തെക്കേമുറി, പ്രധാനാധ്യാപകൻ മാത്യു ജോസഫ് വരമ്പുങ്കൽ, പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താനി എന്നിവരുടെ നേതൃത്വത്തിലാണു സ്കൂളിന്റെ പ്രവർത്തനം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

