കോഴിക്കോട് ∙ ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണാടിക്കലിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ നാലു പേർ പിടിയിൽ. ആർട്സ് കോളജ് ചെമ്പലശ്ശേരിവയൽ വീട്ടിൽ നവാസ് (31), ചെറുവണ്ണൂർ ഖലീഫാന്റകത്ത് വീട്ടിൽ അജാസ് (32), കൊളത്തറ പറമ്പത്ത് വീട്ടിൽ ഷഫീഖ് (34), മാത്തറ ഈങ്ങമണ്ണപറമ്പിൽ വീട്ടിൽ അഫ്സൽ (33) എന്നിവരെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സിറ്റിയിലെ നൈറ്റ് പട്രോളിങ് സംഘവും ചേവായൂർ പൊലീസും കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച രാത്രി പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുന്ന കാസർകോട് സ്വദേശി യൂനസിനെയാണ് തട്ടിക്കൊണ്ടുപോയത്.
കാറിൽ കണ്ണാടിക്കലിൽ എത്തിയ പ്രതികൾ യുവാവിനോട് കാറിൽ കയറാൻ പറയുകയുമായിരുന്നു. ഇതിനു വിസമ്മതിച്ച യുവാവിനെ പ്രതികൾ മർദിക്കുകയും ബലമായി പിടിച്ചു കാറിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. പൊലീസിന്റെ 112 എന്ന നമ്പറിലേയ്ക്ക് കണ്ണാടിക്കലിൽ നിന്ന് ഒരു യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയതായും വാഹനം ടൗൺ ഭാഗത്തേക്ക് ഓടിച്ചു പോയിട്ടുണ്ടെന്നും കോൾ വരികയായിരുന്നു.
ഇതോടെ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സിറ്റിയിലെ മുഴുവൻ നൈറ്റ് പട്രോളിങ് സംഘവും ചേവായൂർ പൊലീസും തട്ടിക്കൊണ്ടുപോയ വാഹനം തേടി നഗരത്തിൽ തിരച്ചിൽ ഊർജിതമാക്കി. ഒടുവിൽ മാവൂർ റോഡിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം കൺട്രോൾ റും വെഹിക്കിൾ കാർ തടഞ്ഞുനിർത്തുകയും യുവാവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ഗുരുതര പരുക്കേറ്റ യൂനസിനെ പൊലീസ് ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. പ്രതിയായ അഫ്സലിന്റെ പക്കൽ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപയുടെ പലിശയായ പതിനായിരം രൂപ കൊടുക്കാൻ ബാക്കിയുണ്ടായിരുന്നതായും അതിനു വേണ്ടിയാണ് തന്നെ കാറിൽ ബലമായി പിടിച്ചു കൊണ്ടുപോയത് എന്നും യൂനസ് മൊഴി നൽകി.
കാറിനകത്ത് വച്ച് തലയ്ക്കും മുഖത്തും ശക്തമായി ഇടിക്കുകയും തല സീറ്റിനുള്ളിലേക്ക് വച്ച് ചവിട്ടുകയും ചെയ്തു എന്നും കാറിൽ ഉണ്ടായിരുന്ന ഇരുമ്പ് വടി കൊണ്ട് അഫ്സൽ എന്നയാൾ തലയ്ക്കും പുറത്തും അടിക്കുകയും ചെയ്തു എന്നും യുവാവ് പൊലീസിനോട് പറഞ്ഞു. മർദനത്തിൽ യുവാവിന്റെ കണ്ണിനു മുകളിലെ എല്ലിനു പൊട്ടലും തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്തിട്ടുണ്ട്. കൃത്യസമയത്ത് പൊലീസ് കണ്ടെത്തിയതിനാലാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

