കൊൽക്കത്ത: ഹോട്ടൽ മുറിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മരിച്ച 33കാരനായ യുവാവിനൊപ്പം മുറിയിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായത്.
കൊൽക്കത്തയിലെ കസ്ബയിലുള്ള ഹോട്ടലിലാണ് സംഭവം. കസ്ബയിലെ ഹോട്ടലിൽ വെള്ളിയാഴ്ച രാത്രിയാണ് മൂവരും ഓൺലൈനായി ബുക്ക് ചെയ്ത് മുറിയെടുത്തത്.
രാത്രി 8.30ന് ഹോട്ടലിലെത്തിയ ഇവരിൽ നിന്നും പുരുഷനും സ്ത്രീയും പുലർച്ചെ 1.30ഓടെ പുറത്തുപോയി. ഇവർ തിരികെ വരാതിരിക്കുകയും മുറി തുറക്കാതിരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
മുറി വൃത്തിയാക്കാനെത്തിയ ഹോട്ടൽ ജീവനക്കാർ പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോൾ യുവാവിനെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അഞ്ചാം നിലയിലെ മുറിയിലായിരുന്നു മൃതദേഹം. മരിച്ചത് ബീർഭൂം ദുബ്രാജ്പൂർ സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആദർശ് ലോസാൽകയാണെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആദർശിനൊപ്പമുണ്ടായിരുന്നവരെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
ആദർശിനോട് ഇവർക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
മൃതദേഹത്തിൽ മൂക്കിന് സമീപം രക്തവും കഴുത്തിൽ ഞെരിച്ച പാടുകളും കണ്ടെത്തിയിരുന്നു. കാലുകൾ ബന്ധിച്ച നിലയിലായിരുന്നു.
മരണത്തിന് മുൻപ് ആദർശ് മദ്യപിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആമാശയത്തിൽ മദ്യത്തിൻ്റെ അംശവും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി.
ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നുമാണ് പോലീസിൻ്റെ പ്രാഥമിക നിഗമനമെന്ന് newskerala.net റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച വൈകുന്നേരം മകനുമായി സംസാരിച്ചപ്പോൾ അലിപൂരിലേക്ക് പോകുകയാണെന്നാണ് പറഞ്ഞതെന്ന് ആദർശിൻ്റെ അച്ഛൻ പ്രതികരിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൊൽക്കത്തയിൽ ജോലി ചെയ്യുന്ന മകന് ശത്രുക്കളാരെങ്കിലും ഉള്ളതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

