കണ്ണൂർ: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കണ്ണൂർ ജില്ലയിൽ 14 സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്തൂർ നഗരസഭയിൽ അഞ്ചും, കണ്ണപുരം ഗ്രാമപഞ്ചായത്തിൽ ആറും, മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ മൂന്നും എൽഡിഎഫ് സ്ഥാനാർത്ഥികളാണ് എതിരാളികളില്ലാതെ വിജയിച്ചത്.
ആന്തൂർ നഗരസഭയിൽ തർക്കത്തെ തുടർന്ന് മാറ്റിവെച്ച അഞ്ച് പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടന്നു. ഇതിൽ രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികകൾ സ്വീകരിച്ചപ്പോൾ മറ്റ് രണ്ട് പേരുടേത് തള്ളി.
ഒരു യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെയാണ് നഗരസഭയിലെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
നാമനിർദ്ദേശം ചെയ്തവർ ഒപ്പ് തങ്ങളുടേതല്ലെന്ന് വ്യക്തമാക്കിയതോടെയാണ് ആന്തൂർ നഗരസഭയിലെ തളിയിൽ, കോടല്ലൂർ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത്. തർക്കമുണ്ടായിരുന്ന തളിവയൽ, കോൾമൊട്ട
ഡിവിഷനുകളിലെ യുഡിഎഫ് പത്രികകൾക്ക് അംഗീകാരം ലഭിച്ചു. അതേസമയം, സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി കോൺഗ്രസ് ആരോപിച്ചിരുന്ന 26-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു.
29 ഡിവിഷനുകളുള്ള നഗരസഭയിൽ അഞ്ചിടത്ത് എതിരില്ലാതെ വിജയം ഉറപ്പിച്ചതോടെ എൽഡിഎഫ് പ്രവർത്തകർ ധർമ്മശാലയിൽ ആഹ്ലാദ പ്രകടനം നടത്തി. സിപിഎം ഭീഷണിപ്പെടുത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
കണ്ണപുരം പഞ്ചായത്തിൽ തർക്കത്തെ തുടർന്ന് സൂക്ഷ്മപരിശോധന ഇന്നു നടന്നപ്പോൾ എട്ടാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെയും ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെയും പത്രികകൾ തള്ളി. ഇതോടെ, എട്ടാം വാർഡിൽ എൽഡിഎഫിലെ ടി.ഇ.
മോഹനനും ഒന്നാം വാർഡിൽ ഉഷ മോഹനനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വിമതശല്യം; തലസ്ഥാനത്ത് മുന്നണികൾക്ക് തലവേദന തലസ്ഥാനത്ത് വിമത സ്ഥാനാർത്ഥികൾ ഇരുമുന്നണികൾക്കും ഒരുപോലെ ഭീഷണിയാകുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനുമെതിരെ അഞ്ച് വീതം വിമതരാണ് മത്സരരംഗത്ത് തുടരുന്നത്. അതേസമയം, മറ്റ് ജില്ലകളിലും മുന്നണികളിൽ തർക്കങ്ങൾ നിലനിൽക്കുന്നു.
മലപ്പുറം പള്ളിക്കൽ പഞ്ചായത്തിലെ കൂട്ടാലുങ്ങൽ വാർഡിൽ ഒമ്പത് യുഡിഎഫ് സ്ഥാനാർത്ഥികളാണ് പത്രിക നൽകിയിരിക്കുന്നത്. അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി ലീഗ് പിന്മാറിയപ്പോൾ, കൽപ്പറ്റയിൽ വിമതനായി മത്സരിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

