പെരിയ ∙ കേരള കേന്ദ്ര സർവകലാശാലാ ക്യാംപസിൽ വീണ്ടും പുലിയെ കണ്ടതായുള്ള വിവരത്തെത്തുടർന്ന് ക്യാംപസിൽ ജാഗ്രതാ നിർദേശം. കഴിഞ്ഞ ദിവസം സർവകലാശാലാ ഗെസ്റ്റ് ഹൗസിനു സമീപം പകൽസമയം ജീവനക്കാരിലൊരാൾ പുലിയെ കണ്ടെന്നാണ് അറിയിച്ചത്.
വിവരമറിഞ്ഞ് വനംവകുപ്പിന്റെ ആർആർടി സംഘം ക്യാംപസിലെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. സ്ഥലത്ത് ക്യാമറകളും സ്ഥാപിച്ചു.
പുലിയെ കണ്ടതായുള്ള വിവരം പ്രചരിച്ചതോടെ ക്യാംപസിൽ താമസിക്കുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും സർവകലാശാലാ റജിസ്ട്രാർ ജാഗ്രതാ നിർദേശം നൽകി.
ഫാക്കൽറ്റി ക്വാർട്ടേഴ്സുകൾ, ഗെസ്റ്റ് ഹൗസുകൾ, ഹോസ്റ്റലുകൾ എന്നിവയിൽ താമസിക്കുന്നവർ ക്യാംപസിലെ പുല്ല്/മരങ്ങൾ പടർന്നു പിടിച്ചിരിക്കുന്ന വിദൂരപ്രദേശങ്ങളിലേക്ക് പോകരുത്, ക്യാംപസിനകത്ത് പൂച്ചകളെും നായ്ക്കളെയും താമസസ്ഥലത്തുനിന്ന് അകറ്റിനിർത്തുക, ഭക്ഷണാവശിഷ്ടങ്ങൾ ശ്രദ്ധാപൂർവം സംസ്കരിക്കുക, അതിരാവിലെയും വൈകുന്നേരവുമുള്ള നടത്തം ഒഴിവാക്കുക, ക്യാംപസിൽ ഒറ്റയ്ക്ക് നീങ്ങുന്നതിനുപകരം കൂട്ടമായി നീങ്ങുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവകലാശാലാ ലൈബ്രറി രാത്രി 8 വരെ മാത്രമേ പ്രവർത്തിക്കൂ. കഴിഞ്ഞ ഓഗസ്റ്റിലും പെൺകുട്ടികളുടെ ഹോസ്റ്റലിനും ലൈബ്രറിക്കും അടുത്തുള്ള കുറ്റിക്കാട്ടിൽ പുലിയെ കണ്ടെന്ന വിവരത്തെത്തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാംപസിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. സർവകലാശാലാ ക്യാപസിനോടു ചേർന്നുള്ള വീട്ടിൽ അന്ന് കെട്ടിയിട്ട
നായയെ പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സർവകലാശാലയുടെ പരിസരത്ത് കഴിഞ്ഞ ദിവസം 2 പുലികളെ കണ്ടെന്നാണ് ജീവനക്കാർ നൽകിയ വിവരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

