ദുബായ് എയർ ഷോയ്ക്കിടെ തേജസ് വിമാനം അപകടത്തിൽപ്പെടുകയും വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സമ്മർദത്തിലായി പ്രതിരോധ കമ്പനികളുടെ ഓഹരികൾ. തേജസ് വിമാന നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ (എച്ച്എഎൽ) ഓഹരികൾ ഇന്നൊരുവേള 9% വരെ ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം നിജപ്പെടുത്തി.
ഇന്നുരാവിലെ 10.45 വരെയുള്ള കണക്കുപ്രകാരം ഓഹരിവിലയുള്ളത് 3.49% ഇടിവിൽ.
മറ്റ് പ്രതിരോധ കമ്പനികളുടെ ഓഹരികളും വിൽപനസമ്മർദത്തിലാണുള്ളത്. ബെമൽ 2.68%, കൊച്ചിൻ ഷിപ്പ്യാർഡ് 1.96%, ഗാർഡൻറീച്ച് (ജിആർഎസ്ഇ) 2.08%, മാസഗോൺ ഡോക്ക് 1.07%, പരസ് ഡിഫൻസ് 2.19%, ഡേറ്റ പാറ്റേൺസ് 1.63% എന്നിങ്ങനെ ചുവന്ന് വ്യാപാരം ചെയ്യുന്നു.
നവംബർ 21ന് ദുബായ് എയർഷോ നടന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെ യുഎഇ സമയം ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു തേജസ് അപകടം.
എയർഷോയ്ക്കിടെ നമാംശിന്റെ വിമാനം രണ്ടുതവണ കരണംമറിഞ്ഞ് മുകളിലേക്ക് ഉയർന്നിരുന്നു. മൂന്നാംതവണ ഇത് ആവർത്തിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.
താഴേക്കുപതിച്ച വിമാനം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. നമാംശ് രക്ഷപ്പെടാൻ ശ്രമിച്ചിരിക്കാമെന്നും എന്നാൽ, വിമാനം പെട്ടെന്ന് താഴേക്ക് വീണതിനാൽ സീറ്റിൽ നിന്ന് ഇജക്റ്റ് ചെയ്ത് രക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചില്ലെന്നുമാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ 6 വ്യാപാര സെഷനുകളിലായി എച്ച്എഎൽ ഓഹരികൾ നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഉന്നമിട്ട് ഇന്ത്യ വിജയകരമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷം എച്ച്എഎൽ ഓഹരികൾ വൻതോതിൽ കുതിച്ചുകയറിയിരുന്നു. കഴിഞ്ഞ മാർച്ച് 3ന് 3,046.05 രൂപയെന്ന ഒരുവർഷത്തെ താഴ്ചയിലായിരുന്ന ഓഹരിവില, മേയ് 16ന് 5,165 രൂപയെന്ന ഒരുവർഷത്തെ ഏറ്റവും ഉയരത്തിലേക്ക് പറന്നെത്തി.
രണ്ടുമാസത്തിനിടെ 70 ശതമാനത്തിലധികം മുന്നേറ്റം. പിന്നീട് വീണ്ടും ലാഭമെടുപ്പ് സമ്മർദം അലയടിച്ചെങ്കിലും 2025ൽ ഇതുവരെ 10 ശതമാനത്തിൽ കുറയാത്ത നേട്ടമുണ്ട്.
കഴിഞ്ഞ ഒരുവർഷത്തിനിടെ എച്ച്എഎൽ ഓഹരികൾ നിക്ഷേപകർക്ക് നൽകിയ നേട്ടം (റിട്ടേൺ) 15.35 ശതമാനമാണ്.
1,100 ശതമാനത്തിനടുത്താണ് കഴിഞ്ഞ 5 വർഷത്തെ നേട്ടം (റിട്ടേൺ). 395 രൂപയിൽ നിന്നായിരുന്നു 5,000 രൂപയ്ക്കുമുകളിലേക്ക് ഓഹരി മുന്നേറ്റം.
ഈയാഴ്ച എച്ച്എഎൽ ഓഹരികൾ സമ്മർദത്തിലായേക്കാമെന്ന വിലയിരുത്തലുകളുണ്ട്. അതേസമയം, തേജസ് യുദ്ധവിമാനത്തിന് ഉൾപ്പെടെ മികച്ച ഓർഡർ ബുക്ക് എച്ച്എഎലിന്റെ കരുത്താണെന്നും നിലവിലെ അപകടത്തെ തുടർന്നുള്ള സമ്മർദം ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും മറ്റു ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
3.07 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള എച്ച്എഎൽ ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 10.5% വളർച്ചയോടെ 1,669 കോടി രൂപയുടെ സംയോജിത ലാഭം നേടിയിരുന്നു.
മുൻവർഷത്തെ സമാനപാദത്തിലെ 1,510.48 കോടി രൂപയിൽ നിന്നാണ് വളർച്ച. വരുമാനം 11% ഉയർന്ന് 6,628.61 കോടി രൂപയുമായിരുന്നു.
‘മഹാരത്ന’ പദവിയുള്ള കമ്പനിയാണ് എച്ച്എഎൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

