തൃശൂർ ∙ ചെമ്പൂക്കാവിലെ തൃശൂർ മൃഗശാലയിലുണ്ടായിരുന്ന ‘ഹൃഷിരാജ്’ എന്ന ആൺ കടുവ ചത്തു. ശനി രാത്രി ഒൻപതോടെയാണ് കടുവയെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
25 വയസ്സ് കണക്കാക്കുന്നു. ഒന്നര പതിറ്റാണ്ടായി മൃഗശാലയിലെ പ്രധാന ആകർഷങ്ങളിലൊന്നായിരുന്നു.
പ്രായാധിക്യം കാരണം അവശനിലയിൽ ആയതോടെ മൂന്നു മാസമായി കടുവയ്ക്കു പ്രത്യേക പരിചരണം നൽകുന്നുണ്ടായിരുന്നു. കൂട്ടിൽ സിസിടിവി ഉൾപ്പെടെ സ്ഥാപിച്ചാണ് നിരീക്ഷിച്ചിരുന്നത്.
ചലനശേഷി ഇല്ലാതായതോടെ തനിയെ തീറ്റയെടുക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു.
അതിനാൽ എല്ലില്ലാത്ത ഇറച്ചി അടക്കമുള്ള ഭക്ഷണം നേരിട്ടു വായിലേക്കു നൽകുകയായിരുന്നു. ശനിയാഴ്ച ഭക്ഷണം കഴിച്ചിരുന്നില്ല.
2015 ജൂലൈയിൽ വയനാട്ടിലെ ബത്തേരി റേഞ്ചിലുള്ള കാട്ടിക്കുളത്ത് നിന്നാണ് കടുവയെ പിടികൂടിയത്. തുടർന്നു തൃശൂരിലെത്തിച്ചു.
അന്ന് കടുവയ്ക്ക് ഏകദേശം 15 വയസ്സായിരുന്നു കണക്കാക്കിയിരുന്നത്.
പല്ലിന്റെ അവസ്ഥ, ശരീരഭാരം, രോമങ്ങളുടെ നിറം എന്നിവ പരിശോധിച്ചാണ് അന്ന് പ്രായം നിശ്ചയിച്ചത്. കാട്ടിൽ കടുവകളുടെ ശരാശരി ആയുസ്സ് 14 മുതൽ 16 വയസ്സു വരെയാണ്.
മൃഗശാലകളിൽ 17 മുതൽ 19 വയസ്സു വരെ ജീവിക്കാറുണ്ട്. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃഗശാല വളപ്പിൽ തന്നെ സംസ്കരിച്ചു.
ചില ശരീരഭാഗങ്ങളും കോശങ്ങളും വനംവകുപ്പിനു കൈമാറി.
പോസ്റ്റ്മോർട്ടത്തിൽ ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയെന്നു മൃഗശാല സൂപ്രണ്ട് ടി.വി. അനിൽകുമാർ പറഞ്ഞു.
മണ്ണുത്തി വെറ്ററിനറി കോളജിൽ നിന്നുള്ള വെറ്ററിനറി സർജന്മാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുണ്ടായിരുന്ന രാഹുൽ (23) എന്ന ബംഗാൾ കടുവ ഈ വർഷം ഏപ്രിലിൽ ചത്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

