ജിദ്ദ – ഡെന്റൽ മെഡിസിൻ പ്രൊഫഷൻ (ദന്ത ഡോക്ടർമാർ) മേഖലയിൽ സൗദിവൽക്കരണം 35 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2024 മാർച്ച് 10 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
സൗദിയിൽ വ്യത്യസ്ത പ്രവിശ്യകളിൽ സൗദി യുവതീയുവാക്കൾക്ക് കൂടുതൽ ഉത്തേജകവും ഉൽപാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാനുള്ള രണ്ടു മന്ത്രാലയങ്ങളുടെയും ശ്രമത്തിന്റെ ഭാഗമായാണ് ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദിവൽക്കരണം 35 ശതമാനമായി ഉയർത്തുന്നത്. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്ന പുതിയ തീരുമാനം നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും വിപണിയിൽ ഡെന്റൽ പ്രൊഫഷൻ വിഹിതത്തിനും അനുസൃതമായി പുതിയ തീരുമാനം നടപ്പാക്കുന്നതിന് ആരോഗ്യ മന്ത്രാലയം മേൽനോട്ടം വഹിക്കും.
സ്വദേശി ജീവനക്കാരെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനുമുള്ള പിന്തുണ, സ്വദേശി ജീവനക്കാരുടെ ശേഷികൾ പരിപോഷിപ്പിക്കാനുള്ള പരിശീലനങ്ങൾക്കുള്ള പിന്തുണ, പുതിയ ജോലിയിൽ നിയമിക്കുന്നവരുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് വഹിക്കുന്ന പദ്ധതി എന്നിവ അടക്കം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നൽകുന്ന വ്യത്യസ്ത പ്രോത്സാഹനങ്ങളും പിന്തുണകളും ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ശിക്ഷാ നടപടികൾ ഒഴിവാക്കാൻ സൗദിവൽക്കരണ തീരുമാനം ബന്ധപ്പെട്ട സ്ഥാപനങ്ങൾ പാലിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]