ശബരിമല ∙ സന്നിധാനവും മരക്കൂട്ടം വരെയുള്ള തീർഥാടനപാതയും ശുദ്ധിയും വെടിപ്പും ഉള്ളതാക്കാൻ എഡിഎം ഡോ അരുൺ.എസ്.നായരുടെ നേതൃത്വത്തിൽ വിശുദ്ധി സേനാംഗങ്ങൾ ശുചീകരണ യജ്ഞം നടത്തി. സന്നിധാനത്തെയും പരിസരങ്ങളിലെയും മാലിന്യങ്ങൾ നീക്കി.
സന്നിധാനം മുതൽ മരക്കൂട്ടം വരെയുള്ള പാതയിലെ ജൈവ-അജൈവ മാലിന്യങ്ങളും നീക്കം ചെയ്തു.
മരക്കൂട്ടം- ശരംകുത്തി – സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ, ഇരിപ്പിടങ്ങൾ, ശുചിമുറികൾ എന്നിവിടങ്ങൾ വൃത്തിഹീനമായിരുന്നു. മുഴുവൻ മാലിന്യങ്ങളും നീക്കി.
കൃത്യമായ ഇടവേളയിൽ വൃത്തിയാക്കണമെന്ന നിർദേശവും നൽകി. 400 വിശുദ്ധി സേനാംഗങ്ങളെയാണു സന്നിധാനത്ത് വിന്യസിച്ചിട്ടുള്ളത്.
ഓരോ മേഖലയിലും ശുചീകരണം ഉറപ്പാക്കുന്നതിനു സൂപ്പർവൈസർമാരെയും നിയോഗിച്ചു.
മരക്കൂട്ടത്ത് സ്ഥാപിച്ചിട്ടുള്ള 8 ക്യൂ കോംപ്ലക്സുകളിൽ പ്രത്യേക പരിശോധന നടത്തി. ഇവിടെ നൂറിലധികംശുചിമുറികളാണ് തീർഥാടകർക്ക് ഇരിക്കാൻ ഇരിപ്പിടങ്ങളും ഉണ്ട്. ഭക്തർക്ക് കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കി.വിശുദ്ധി സേനാംഗങ്ങളും ദേവസ്വം ബോർഡ് നിയമിച്ച ശുചീകരണ തൊഴിലാളികളുമാണ് നവംബർ 20ന് മാസ് ക്ലീനിങ് നടത്തിയത്.
വരും ദിവസങ്ങളിലും തുടരും. ജൈവ- അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ചാണ് നീക്കം ചെയ്തത്.
ദേവസ്വം ബോർഡിന്റെ കീഴിൽ ശുചീകരണ തൊഴിലാളികൾ ശുചിമുറികളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നുണ്ട്.
പരിശോധനയിൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ബി.അഖിലേഷ് കുമാർ, ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം അസി. എൻജിനീയർ ജി .മനോജ്കുമാർ എന്നിവരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
ആധുനിക നിലവാരത്തിലുള്ള ചികിത്സയുമായി സർക്കാർ ആശുപത്രി
ശബരിമല ∙ ആധുനിക നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളുമായി സന്നിധാനത്ത് സർക്കാർ ആശുപത്രി പ്രവർത്തനം തുടങ്ങി.
24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി സേവനം എന്നിവയോടൊപ്പം ലാബ്, എക്സ്റേ, ഇസിജി, ഓപ്പറേഷൻ തിയറ്റർ, 5 കിടക്കയുള്ള ഐസിയു വാർഡ്, 18 കിടക്കകളുള്ള വാർഡ് എന്നിവയും ഉണ്ട്. സാധാരണ മരുന്നുകൾക്കൊപ്പം ഹൃദയാഘാതത്തിനുള്ള മരുന്ന്, പേവിഷബാധ വാക്സിൻ, ആന്റി വെനം എന്നിവയും കരുതിയിട്ടുണ്ട്.
സന്നിധാനത്തിന്റെ റഫറൽ ആശുപത്രികൾ കോട്ടയം, കോന്നി മെഡിക്കൽ കോളജുകളാണ്.
കാർഡിയോളജിസ്റ്റ്, ഫിസിഷ്യൻ, ഓർത്തോ, ജനറൽ സർജൻ, അനസ്തീസിയോളജിസ്റ്റ്, അസിസ്റ്റന്റ് സർജൻ എന്നീ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാണ്. അടിയന്തരഘട്ട
ഉപയോഗത്തിനായി ആംബുലൻസും ഉണ്ട്. ഇതുകൂടാതെ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആശുപത്രിയും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുകളും ചരൽമേട്, കരിമല ഡിസ്പെൻസറികളും പ്രവർത്തിക്കുന്നു.
പമ്പ മുതൽ സന്നിധാനം വരെ 17 , എരുമേലി – കരിമല കാനന പാതയിൽ 5 അടിയന്തര വൈദ്യസഹായ കേന്ദ്രവും പ്രവർത്തിക്കുന്നു.
പമ്പ മുതൽ സന്നിധാനം വരെ എവിടെ അത്യാഹിതം ഉണ്ടായാലും 04735 203232 എന്ന ടോൾ ഫ്രീ എമർജൻസി കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണം. പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ ആവശ്യമായ അടിയന്തര വൈദ്യസഹായം നൽകും.
ആംബുലൻസ് സേവനവും ലഭ്യമാകും.
‘മെസിലെ അപാകതകൾ പരിഹരിക്കണം’
ശബരിമല ∙ ദേവസ്വം മെസിലെ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു. സ്റ്റാഫ് ക്വോട്ടേഴ്സ്, ഡ്യൂട്ടി പോയിന്റ്, മെസ് എന്നിവ തമ്മിലുള്ള അകലം വളരെ കൂടുതലാണ്.
അതിനാൽ ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണത്തിന് എത്തുമ്പോൾ കിട്ടാതെ വരുന്നു.
ദേവസ്വം മെസിൽ ഭക്ഷണ വിതരണത്തിന് ആവശ്യത്തിനു ജീവനക്കാരില്ല. ഇതുകാരണം ശരിയായി വിതരണവും നടക്കുന്നില്ല.
ഭക്ഷണത്തിനു ഗുണനിലവാരവും ഇല്ല. കടുത്ത രക്തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ള ജീവനക്കാർ യഥാസമയം ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നതായും എംപ്ലോയീസ് സംഘം സംസ്ഥാന അധ്യക്ഷൻ ടി.രാഖേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ.പുഷ്പ രാജൻ എന്നിവർ ആരോപിച്ചു.
രക്തപരിശോധന നടത്തി
ശബരിമല ∙ വിശുദ്ധി സേനാംഗങ്ങൾക്കും അതിഥി തൊഴിലാളികൾക്കും ആരോഗ്യ വകുപ്പ് രക്തപരിശോധനയും എലിപ്പനി പ്രതിരോധത്തിനായുള്ള ഗുളിക വിതരണവും നടത്തി.
രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോഗിങ്, സ്പ്രേയിങ് എന്നിവയും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്.ബി.പിള്ള , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെ.എംആകാശ്, മനോജ്കുമാർ, ഫീൽഡ് അസിസ്റ്റന്റ് ടി.എസ്.അരുൺ, ഫീൽഡ് വർക്കർമാരായ എം.എ.അരുൺ, ദീപു ശങ്കർ എന്നിവർ നേതൃത്വം നൽകി.
പൂർണസജ്ജരായി അഗ്നിരക്ഷാസേന
ശബരിമല ∙ തീപിടിത്തമോ അത്യാഹിതങ്ങളോ ഉണ്ടായാൽ തടയാനുള്ള എല്ലാ മുൻകരുതലുമായി അഗ്നിരക്ഷാസേന സന്നിധാനം, പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ പൂർണസജ്ജം.സന്നിധാനത്ത് സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തൽ, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെഎസ്ഇബി, കൊപ്രാക്കളം എന്നിങ്ങനെ വിവിധ സ്ഥലങ്ങളാണ് ഫയർ പോയിന്റുകൾ ഉള്ളത്.
ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫയർ ഹൈഡ്രന്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കി.
കൂടാതെ അരവണ കൗണ്ടറിനു സമീപം അഗ്നിരക്ഷാസേന വിഭാഗത്തിന്റെ പ്രധാന കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. 86 പേരടങ്ങുന്ന സംഘത്തെയാണ് മരക്കൂട്ടം മുതൽ സന്നിധാനം വരെ വിന്യസിച്ചിട്ടുള്ളത്.
ഓരോ ഫയർ പോയിന്റിലും ആറു മുതൽ 10 ജീവനക്കാരുടെ സേവനം ലഭ്യമാണ്.
സന്നിധാനത്തെ ഹോട്ടലുകൾ, അപ്പം, അരവണ കൗണ്ടർ, പ്ലാന്റ്, ശർക്കര ഗോഡൗൺ, കൊപ്രാക്കളം, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തീർഥാടനം ആരംഭിച്ചതു മുതൽ നിരന്തരമായി ഫയർ ഓഡിറ്റിങ് നടക്കുന്നുണ്ടെന്നു ജില്ലാ ഫയർ ഓഫിസർ എസ്.സൂരജ് പറഞ്ഞു.
സന്നിധാനത്ത് ഉൾപ്പെടെ അടിയന്തര വൈദ്യസഹായം നൽകാനും പൂർണ സജ്ജമാണ്. ഓരോ പോയിന്റിലും സ്ട്രക്ചർ, സ്പൈൻ ബോർഡ് എന്നിവ കരുതിയിട്ടുണ്ട്.
സഹായത്തിനായി 30 സിവിൽ ഡിഫൻസ് സന്നദ്ധ സേവകരും ഉണ്ട്.
അസ്കാലൈറ്റ്, ഹൈഡ്രോളിക് കട്ടർ, ഹാമർ, റോപ് റസ്ക്യൂ കിറ്റ്, ബ്രീതിങ് അപ്പാരറ്റസ്, ചെയിൻ സോ, ഭാരം ഉയർത്തുന്നതിനുള്ള ന്യൂമാറ്റിക് ബാഗ്, ജനറേറ്റർ തുടങ്ങി രക്ഷാപ്രവർത്തനത്തിനുള്ള എല്ലാവിധ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. കൂടാതെ തെർമൽ ഇമേജിങ് ക്യാമറ പോലുള്ള ആധുനിക ഉപകരണങ്ങളും സന്നിധാനം സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ടെന്നു സ്റ്റേഷൻ ഓഫിസർ അർജുൻ.കെ.കൃഷ്ണൻ പറഞ്ഞു.
അടിയന്തരഘട്ടങ്ങളിലും വൈദ്യസഹായം ആവശ്യമുള്ള സാഹചര്യത്തിലും സേനയുടെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ, പൊലീസ്, ദേവസ്വം ബോർഡ് എന്നിവരുമായി ചേർന്നു പ്രവർത്തനം ഏകോപിപ്പിക്കും.
ഫയർ ഫോഴ്സ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടേണ്ട നമ്പർ –സന്നിധാനം:– 04735 202033, പമ്പ:– 04735 203333 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

