കാഞ്ഞങ്ങാട് ∙ നാമനിർദേശ പത്രിക സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും പത്രിക സ്വീകരിച്ചത് ചോദ്യം ചെയ്ത് യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയത് കാഞ്ഞങ്ങാട് നഗരസഭയിൽ ബഹളത്തിനും നേരിയ സംഘർഷത്തിനും കാരണമായി. നാമനിർദേശ പത്രിക സ്വീകരിക്കേണ്ട
സമയം കഴിഞ്ഞാണ് ഇടതു സ്ഥാനാർഥികളുടെ പത്രിക ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന ആരോപണവുമായി യുഡിഎഫ് നഗരസഭ സ്ഥാനാർഥിയും മുസ്ലിം ലീഗ് പ്രസിഡന്റുമായ എം.പി.ജാഫർ, കെപിസിസി സെക്രട്ടറി എം.അസൈനാർ എന്നിവർ റിട്ടേണിങ് ഓഫിസറെ ചോദ്യം ചെയ്തതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്.
യുഡിഎഫ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ ചോദ്യം ചെയ്ത് എൽഡിഎഫ് പ്രവർത്തകരും മുന്നോട്ട് വന്നതോടെ നഗരസഭ ഓഫിസ് ബഹളത്തിൽ മുങ്ങി. ഓഫിസിന് പുറത്തും പ്രവർത്തകർ ചേരി തിരിഞ്ഞ് പ്രതിഷേധിച്ചു.
രംഗം വഷളാകുമെന്നു കണ്ടതോടെ അധികൃതർ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി പ്രവർത്തകരെ പുറത്താക്കി സ്ഥിതി ശാന്തമാക്കുകയായിരുന്നു.
വ്യാഴാഴ്ച വരെ 3 മണിക്ക് ശേഷം പത്രിക സ്വീകരിക്കാൻ അധികൃതർ തയാറായിരുന്നില്ല. യുഡിഎഫ് സ്ഥാനാർഥികളിൽ പലരും അന്നേ ദിവസം മടങ്ങി ഇന്നലെ രാവിലെയാണ് പത്രിക നൽകിയത്.
ഇതിനിടയിലാണ് സമയം കഴിഞ്ഞെത്തിയ കേരള കോൺഗ്രസ് സ്ഥാനാർഥികളുടെ പത്രിക ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. എന്നാൽ, സമയത്തിന് മുൻപായി തന്നെ സ്ഥാനാർഥി ഓഫിസിൽ എത്തിയിരുന്നു.
ടോക്കൺ നൽകിയ ശേഷം ഉദ്യോഗസ്ഥർ പുറത്തു നിർത്തുകയായിരുന്നുവെന്ന് എൽഡിഎഫ് നേതാക്കൾ പറയുന്നു. നാമനിർദേശ പത്രിക വാങ്ങി പ്രതിജ്ഞയെടുക്കാൻ ആവശ്യപ്പെടാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും സ്ഥാനാർഥി തെറ്റുകാരനല്ലെന്നും നേതൃത്വം പറയുന്നു.
പ്രതിഷേധത്തിന്റെ പശ്ചത്തലത്തിൽ നാമനിർദേശ പത്രികയിൽ സമയം ചേർത്താണ് അധികാരികൾ സ്വീകരിച്ചതെന്നു യുഡിഎഫ് നേതാക്കൾ പറയുന്നു.
പത്രിക സമർപ്പണത്തിന്റെ സമയപരിധി കഴിഞ്ഞും എൽഡിഎഫിന് അനുകൂലമായി നിലപാടെടുത്ത കാഞ്ഞങ്ങാട് നഗരസഭ റിട്ടേണിങ് ഓഫിസറുടെ (2) നടപടി പ്രതിഷേധാർഹമാണെന്ന് കെപിസിസി സെക്രട്ടറി എം.അസൈനാർ, മുസ്ലിം ലീഗ് നേതാവ് എം.പി.ജാഫർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ചന്ദ്രശേഖരൻ, എം.കുഞ്ഞിക്കൃഷ്ണൻ എന്നിവർ ചൂണ്ടിക്കാട്ടി. നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട വരണാധികാരി പ്രതിഷേധം അറിയിച്ച നേതാക്കളെ അധിക്ഷേപിച്ച് പ്രശ്നം രൂക്ഷമാക്കാൻ ആണ് ശ്രമിച്ചതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

