ആലപ്പുഴ ∙ ജലസംഭരണിയുടെ മുകളിൽ നിന്നു വീണ് 29 വർഷമായി ശരീരം തളർന്ന മകൻ; സ്വന്തം കാര്യം പോലും നോക്കാൻ ആരോഗ്യമില്ലാത്ത അവസ്ഥയിലും മകനെ പരിചരിക്കുന്ന വയോധികരായ ദമ്പതികൾ. ജീർണിച്ചു നിലംപൊത്താറായ വീടിനുള്ളിൽ ദുരിതജീവിതം നയിക്കുകയാണ് ഈ കുടുംബം.1996ൽ നടന്ന അപകടമാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് തറയിൽ വീട്ടിൽ ബിജു ജോസഫിന്റെ ജീവിതം (52) കട്ടിലിലേക്കു ചുരുക്കിയത്.
മകനെ ചികിത്സിക്കാനും വീടു പുലർത്താനുമായി മത്സ്യബന്ധനവും സെക്യൂരിറ്റി ജോലിയും ചെയ്തു പിതാവ് ജോസഫിന്റെ (88) ശരീരവും മനസ്സും തളർന്നു. ശരീരം തളർന്ന മകനെ പരിചരിച്ചു അമ്മ റോസ് ദലീമയുടെ (75) നട്ടെല്ല് വളഞ്ഞു.
ജോസഫ് ജലഅതോറിറ്റിയിൽ ദിവസവേതന ജോലിയിൽ പ്രവേശിച്ച് രണ്ടാം മാസത്തിലായിരുന്നു ഈ കുടുംബം തകർത്ത് അപകടമുണ്ടായത്.
1996 ഓഗസ്റ്റിൽ നാട്ടിൽ കോളറ പടർന്നുപിടിച്ചപ്പോൾ പുന്നപ്ര കപ്പക്കട ജംക്ഷനിലെ ജലഅതോറിറ്റിയുടെ സംഭരണിയിൽ ബീച്ചിങ് പൗഡർ കലർത്താനായി കയറിയതായിരുന്നു.
ജോലിക്കിടെ കാൽവഴുതി താഴേക്കുവീണു. നട്ടെല്ലിനു ഗുരുതര പരുക്കേറ്റു.
ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രികളിലും ആലപ്പുഴ ആയുർവേദ ആശുപത്രിയിലും ഹോമിയോ ആശുപത്രിയിലും ചികിത്സ നടത്തി. 25 വർഷത്തോളം ഒരേ കിടപ്പായിരുന്നു.
ദീർഘനാളത്തെ ചികിത്സയുടെ ഫലമായി നാലു വർഷമായി വാക്കറിന്റെ സഹായത്തോടെ എഴുന്നേറ്റു നിൽക്കാമെന്നായിട്ടുണ്ട്.
ബിജുവിനു എല്ലാ കാര്യങ്ങൾക്കും അമ്മ റോസ് ദലീമയുടെ സഹായം വേണം. മകനെ പിടിച്ചുയർത്തിയും കിടത്തിയും പരിചരിച്ചും നട്ടെല്ലിനു വളവുവന്നതിനാൽ റോസ് ദലീമയ്ക്കു നിവർന്നുനിൽക്കാൻ കഴിയില്ല. മത്സ്യത്തൊഴിലാളിയായ ജോസഫിന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം.
കടലിൽ പോകാൻ വയ്യാതായതോടെ എട്ടുവർഷത്തോളം സെക്യൂരിറ്റി ജോലി നോക്കി. രാത്രി ഉറക്കമില്ലാതെയുള്ള ജോലിയും പകൽ വീട്ടിലെത്തി മകനെ പരിചരിക്കലുമെല്ലാമായി ജോസഫിന്റെ ആരോഗ്യവും മോശമായി.
ജീവിതദുരിതങ്ങൾ മനസ്സിലും പരുക്കേൽപിച്ചതോടെ 5 വർഷത്തോളമായി ജോസഫ് കിടപ്പുതന്നെയാണ്.
ആഹാരം കഴിക്കാൻ മാത്രം എഴുന്നേൽക്കും.വീടിന്റെ മേൽക്കൂരയും ഭിത്തിയും ജീർണിച്ചു. കാറ്റടിച്ചാൽ നിലം പൊത്തുന്ന സ്ഥിതിയാണ്.
ബിജുവിന്റെ ഭിന്നശേഷി പെൻഷനും, ജോസഫിന്റെ മത്സ്യത്തൊഴിലാളി പെൻഷനും മാത്രമാണു വരുമാനം. അടച്ചുറപ്പുള്ളൊരും വീടും മരുന്നും ഭക്ഷണവും മാത്രമാണ് ഇവർ ആഗ്രഹിക്കുന്നത്.
തങ്ങളുടെ കാലശേഷം മകനെ ആരുനോക്കുമെന്ന ആധിയും ഈ അമ്മയുടെ കണ്ണിൽ നനവായി പടരുന്നു. ബിജുവിന്റെ ഫോൺ: 9947078495 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

