നിലയ്ക്കൽ∙ശബരിമല നട തുറന്ന് 5 ദിവസത്തിനു ശേഷം ഇലവുങ്കൽ സേഫ് സോണിന്റെ പ്രവർത്തനം ആരംഭിച്ചു.ഇന്നലെ മുതൽ റോന്ത് ചുറ്റൽ തുടങ്ങി.
അതേ സമയം കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും പദ്ധതിക്കാവശ്യമായ ഫണ്ട് കൈമാറുന്ന നടപടികൾ നീളുന്നു. ഇലവുങ്കൽ കൺട്രോൾ സ്റ്റേഷനിൽ നിന്നും എട്ട് സ്ക്വാഡ് റോന്ത് ചുറ്റൽ സംഘവും ഒരു ദ്രുതകർമ സേനയുടെയും സേവനം 24 മണിക്കൂറും ഇനി മുതൽ ലഭ്യമാണ്.
ഇതിനു പുറമേ എരുമേലി, കുട്ടിക്കാനം സ്റ്റേഷനുകളിൽ ആറംഗ സ്ക്വാഡും തീർഥാടന പാതകളിൽ ഉണ്ടാവും.
ഇലവുങ്കലിൽ രണ്ട് ക്രെയിനും എത്തി. പമ്പ, സന്നിധാനം ഭാഗത്ത് സർവീസ് നടത്തുന്ന ട്രാക്ടറുകളുടെ നിരീക്ഷണത്തിനു എംവിഡിയുടെ നേതൃത്വത്തിലുള്ള സംഘം പമ്പയിൽ ഉണ്ടാവും.
വിവിധ കമ്പനികളുടെ മെക്കാനിക്കുകളും എത്തി കഴിഞ്ഞു. ഇലവുങ്കൽ സ്റ്റേഷനിൽ മാത്രം ഉദ്യോഗസ്ഥരടക്കം നൂറോളം പേരാണ് ഡ്യൂട്ടിക്കുള്ളത്.
റോന്ത് ചുറ്റുന്ന വാഹനങ്ങൾക്കുള്ള ഡീസൽ മുക്കൂട്ടുത്തറ, പെരുനാട് പമ്പുകളിൽ നിന്നും കടമായി വാങ്ങാനും ധാരണയായി.
പദ്ധതിയുടെ ഉദ്ഘാടനം 15നു നടന്നിരുന്നെങ്കിലും ഫണ്ട് ലഭിക്കാഞ്ഞതിനെ തുടർന്ന് നട തുറന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ ആരംഭിക്കാനാകാഞ്ഞത് വ്യാപകമായ വിമർശനങ്ങൾക്കു ഇടയാക്കിയിരുന്നു.സേഫ് സോൺ പദ്ധതിക്കുള്ള ഫണ്ട് കേരള റോഡ് സേഫ്റ്റി അതോററ്റിയാണ്(കെആർഎഫ്എ) നൽകേണ്ടത്.
തീർഥാടനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഫണ്ട് ലഭിക്കാഞ്ഞതിനെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സ്വന്തം ഫണ്ടിൽ നിന്നും 1,27,000 രൂപ ചൊവ്വാഴ്ച അനുവദിച്ചിരുന്നു.
ഇതിനെ തുടർന്നാണ് പ്രവർത്തനങ്ങൾ ആരംഭിക്കാനായത്.അനുവദിച്ച നിന്നും 50000 രൂപ പൊലീസ് മെസിൽ അടച്ചതിനെ തുടർന്നാണ് സേഫ് സോണുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു ഇന്നലെ മുതൽ ഭക്ഷണം ലഭിച്ച് തുടങ്ങിയത്.
പ്രവർത്തനം മുടങ്ങിയത് ആദ്യമായി
ശബരിമല ദർശനത്തിനു എത്തുന്ന തീർഥാടകർക്കു സുരക്ഷിത യാത്ര ഒരുക്കുന്ന സേഫ് സോൺ പദ്ധതി 17 വർഷം മുൻപാണ് ആരംഭിക്കുന്നത്.
പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് സേഫ് സോൺ പ്രവർത്തനങ്ങൾ ഇത്രയും ദിവസം മുടങ്ങുന്നത്.സേഫ് സോൺ പദ്ധതി പ്രോജക്ട് രണ്ട് മാസം മുൻപേ ഗതാഗത വകുപ്പിൽ സമർപ്പിച്ചതാണെങ്കിലും വേണ്ട നടപടികൾ യഥാസമയം എടുക്കാൻ ഇനിയും ആയിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

