ചിറ്റൂർ ∙ തെരുവിൽ കഴിഞ്ഞിരുന്ന അയ്യപ്പന് ഇഴജന്തുക്കളെ ഭയക്കാതെ, മഴ നനയാതെ ഇനി സുരക്ഷിതമായി ഉറങ്ങാം. അയ്യപ്പനെ സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്തു വയോജനകേന്ദ്രത്തിലേക്കു മാറ്റി.
ഭിന്നശേഷിക്കാരനായ വടക്കത്തറ സ്വദേശി അയ്യപ്പൻ (62) കാഴ്ചശക്തികൂടി കുറഞ്ഞതോടെ റോഡരികിൽ കിടക്കുന്ന ദുരവസ്ഥയെക്കുറിച്ചു കഴിഞ്ഞ ദിവസം മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ ഇടപെടൽ.
ഇന്നലെ വൈകിട്ടു സ്ഥലത്തെത്തിയ സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫിസർ കെ.ജി.രാഗപ്രിയ, ജൂനിയർ സൂപ്രണ്ട് ആദർശ് എന്നിവർ അയ്യപ്പനോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു.വലതുകാലിനു സ്വാധീനമില്ലെങ്കിലും കുറച്ചെങ്കിലും കണ്ണു കാണാമായിരുന്നെങ്കിൽ സ്വന്തം കാര്യങ്ങൾ പരസഹായമില്ലാതെ ചെയ്യാനാകുമായിരുന്നെന്ന് അയ്യപ്പൻ പറഞ്ഞു.നിലവിൽ സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ കൊടുവായൂരിൽ പ്രവർത്തിക്കുന്ന വയോജനകേന്ദ്രത്തിലേക്കാണു കൊണ്ടുപോയിട്ടുള്ളത്.
എന്നാൽ, അവിടെ ഉൾക്കൊള്ളാനാവുന്നതിലും അധികം അന്തേവാസികളുണ്ട്.
കൂടുതൽ സൗകര്യമുള്ള സ്ഥാപനത്തിലേക്കു മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കണ്ണിനുൾപ്പെടെ അയ്യപ്പന് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ അടുത്ത ദിവസങ്ങളിൽ ഉറപ്പാക്കുമെന്നും സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പറഞ്ഞു.ചില ആശുപത്രികളും വ്യക്തികളും അയ്യപ്പനെ സഹായിക്കാൻ സന്നദ്ധത അറിയിച്ചതായി പൊതുപ്രവർത്തകരും അയ്യപ്പനു വിവിധ സഹായങ്ങൾ ചെയ്തു നൽകിയിരുന്നവരുമായ കെ.രതീഷ്, എ.ലക്ഷ്മണൻ, ജഗദീശൻ എന്നിവർ അറിയിച്ചു.
എന്നാൽ അതിനു മുൻപുതന്നെ സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരായ എം.അഞ്ജലി, കെ.ശിവദാസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

