ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ട കാറുകളിലൊന്ന് കണ്ടെത്തി.
തിരുപ്പതിയിൽ നിന്നാണ് ഇന്നോവ കാർ ഉപക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചത്.
അതേസമയം പ്രതികളെ കുറിച്ചുള്ള ഒരു സൂചനയും പൊലീസിന് ഇതുവരെയും ലഭിച്ചില്ല. 7 മിനിറ്റ് കൊണ്ട് 7 കോടി രൂപയാണ് കഴിഞ്ഞ ദിവസം കൊള്ളയടിച്ചത്.
ഇതെത്തുടർന്ന് നഗരത്തിലുടനീളം പൊലീസ് തെരച്ചിൽ നടത്തുമ്പോൾ സംസ്ഥാതിർത്തി കടന്ന് കാർ തിരുപ്പതിയിലെത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണമാണ് കൊള്ളയടിച്ചത്.
കവർച്ച നടന്ന് ഒന്നര ദിവസമാകുമ്പോഴും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ആകെയുണ്ടായ പുരോഗതി പ്രതികൾ രക്ഷപ്പെട്ട
മൂന്ന് കാറുകളിലൊന്ന് തിരുപ്പതിയിൽ നിന്ന് കണ്ടെത്താനായി എന്നുള്ളതാണ്. ഗ്രേ കളർ ഇന്നോവ കാറാണ് കണ്ടെത്തിയത്.
തിരുപ്പതിയിൽ ഹോട്ടലുകളിൽ ഉടനീളം പൊലീസ് തെരച്ചിൽ നടത്തുകയാണ്. പണവുമായി പോയ വാനിന്റെ ഡ്രൈവറെയും സുരക്ഷാ ജീവനക്കാരെയും സിഎംഎസിലെ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല.
ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തിട്ടും ഒരേ മൊഴിയാണ് ഇവരിൽ നിന്ന് ലഭിക്കുന്നത് എങ്കിലും ആർക്കും പൊലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. പണം കൊണ്ടുപോകുന്ന വിവരം ആരോ ചോർത്തി നൽകിയിട്ടുണ്ടെന്ന വിശ്വാസത്തിൽ തന്നെയാണ് പൊലീസ്.
സിഎംഎസിൽ ഇപ്പോൾ ജോലി ചെയ്യുന്നവരുടെയും ജോലി ഉപേക്ഷിച്ച് പോയവരുടെയും വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ഇവർക്കാർക്കെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പരപ്പന ജയിലിലും ഇതിനിടെ പൊലീസിന്റെ ഒരു സംഘമെത്തി. നഗരത്തിലുടനീളവും അതിർത്തികളിലും പൊലീസ് പരിശോധന തുടരുകയാണ്.
വാനിനകത്തെ ഡിവിആർ മോഷ്ടാക്കൾ കൊണ്ടുപോയത് ആസൂത്രിത നീക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം, അപരിചിതർ വാഹനം തടയുന്ന സമയത്ത് പണം സൂക്ഷിച്ചിരുന്ന ലോക്കറുകൾ പൂട്ടാൻ മുതിരാതിരുന്നതും വാഹനത്തിലെ സൈറൺ പ്രവർത്തിപ്പിക്കാതിരുന്നതിനും ഉത്തരം കണ്ടെത്താൻ പൊലീസിനായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

