പാലക്കാട് ∙ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാസലഹരി, സ്പിരിറ്റ് എന്നിവയുടെ കടത്ത് തടയാൻ എക്സൈസിന്റെ വ്യാപക പരിശോധന ആരംഭിച്ചു. ജില്ലാ അതിർത്തിയിൽ 50 കിലോമീറ്റർ സീൽ ചെയ്താണ് പരിശോധന.
പാലക്കാട് കൂടാതെ തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുൾപ്പെടെ 15 ടീമുകൾ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.എക്സൈസ് കമ്മിഷണർ എം.ആർ.അജിത്കുമാർ ചിറ്റൂരിലെത്തി നടപടിക്കു തുടക്കം കുറിച്ചു. മുഴുവൻസമയവും പരിശോധന നടത്താനും അനധികൃത ഇടപാട് പിടികൂടിയാൽ തത്സമയം കേസ് റജിസ്റ്റർ ചെയ്യാനും അദ്ദേഹം നിർദേശിച്ചു.
അഡിഷനൽ എക്സൈസ് കമ്മിഷണർ ദേവമനോഹർ, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.സതീഷ് എന്നിവരും കമ്മിഷണർക്കൊപ്പമുണ്ടായിരുന്നു.
അതിർത്തിയിലെ മുഴുവൻ റോഡുകളും ഊടുവഴികളും പരിശോധിക്കുന്നുണ്ട്.
ഒാഫിസർമാർ ഉൾപ്പെടെ ആകെ 156 ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു. പരിശോധനയ്ക്കും തുടർനടപടികൾക്കും വേണ്ട
ഉപകരണങ്ങളും വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്.ചിറ്റൂർ മേഖലയിലെ തെങ്ങിൻതോപ്പുകളിലും പരിശോധന നടത്തും.
12 ജില്ലകളിലേക്കു കള്ള് എത്തിക്കുന്ന തോപ്പുകളിൽ വ്യാജകള്ള് നിർമാണം നടക്കുന്നതായി ആരോപണമുണ്ട്.സ്പിരിറ്റ് കലർത്തി കള്ളുണ്ടാക്കുന്ന സംഘങ്ങളും പലയിടത്തുമുണ്ട്. ഇവർക്കു രാഷ്ട്രീയ സഹായം ലഭിക്കുന്നതിനാൽ പലപ്പോഴും നടപടി പാതിവഴിയിൽ അവസാനിക്കുന്ന സ്ഥിതിയുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് അതിർത്തിയിൽ സാധാരണ പൊലീസ്–എക്സൈസ് പരിശോധന നടത്താറുണ്ടെങ്കിലും ഇത്രയും വിപുലമായ നടപടി ആദ്യമാണ്.
എക്സൈസ് മധ്യമേഖലാ ജോയിന്റ് കമ്മിഷണർ എസ്. കൃഷ്ണകുമാറിനാണ് പരിശോധനയുടെ ചുമതല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

