സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുകയറ്റം. കേരളത്തിൽ ഇന്ന് ഗ്രാമിന് 110 രൂപ മുന്നേറി വില 11,445 രൂപയിലെത്തി.
880 രൂപ ഉയർന്ന് 91,560 രൂപയാണ് പവൻവില. ഇന്നലെ പവന് 1,280 രൂപ ഇടിഞ്ഞശേഷമാണ് ഇന്ന് വൻ തിരിച്ചുവരവ്.
രാജ്യാന്തര വില ഔൺസിന് 4,000 ഡോളർ നിലവാരത്തിൽനിന്ന് 4,070ലേക്ക് ഉയർന്നത് കേരളത്തിലും വില കൂടാൻ വഴിതെളിച്ചു.
യുഎസിൽ എഐ കുമിളപ്പേടിയെ തുടർന്ന് ഓഹരി വിപണികൾ നേരിട്ട തളർച്ച, ഉടൻ പുറത്തുവരുമെന്ന് കരുതുന്ന തൊഴിലില്ലായ്മക്കണക്ക് സംബന്ധിച്ച ആശങ്ക, കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനയത്തിലെ അനിശ്ചിതത്വം എന്നിവ സ്വർണ നിക്ഷേപ പദ്ധതികൾക്ക് സമ്മാനിക്കുന്ന സ്വീകാര്യതയാണ് വിലയെ വീണ്ടും മുന്നോട്ട് നയിക്കുന്നത്.
അമേരിക്കയിൽ തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം ഒക്ടോബറിൽ രണ്ടുമാസത്തെ ഉയരത്തിലെത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഒക്ടോബർ 18 വരെയുള്ള കണക്കുപ്രകാരം മാത്രം 19 ലക്ഷം പേർ ആനുകൂല്യത്തിനായി അപേക്ഷിച്ചു. യുഎസ് സമ്പദ്വ്യവസ്ഥയിൽനിന്ന് പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണിത്.
ട്രംപ് ഭരണകൂടം ഉടൻ പുറത്തുവിടുന്ന റിപ്പോർട്ട് ഇതു ശരിവച്ചാൽ, ഡിസംബറിലെ യോഗത്തിൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കും. പലിശഭാരം കുറച്ച് സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ വിപണിക്കും പിന്തുണയേകുകയാണ് ലക്ഷ്യം.
പലിശനിരക്ക് കുറയുന്നത് സ്വർണത്തിന് നേട്ടമാകും.
ഈയൊരു വിലയിരുത്തലിന്റെ പിൻബലത്തിലുമാണ് ഇപ്പോൾ രാജ്യാന്തര സ്വർണവിലയുടെ തിരിച്ചുകയറ്റം. ഡിസംബറിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത 46 ശതമാനമായി ഇന്നലെ കുറഞ്ഞിരുന്നു.
ഇപ്പോൾ വിപണി വിലയിരുത്തുന്നത് 50:50 സാധ്യതയാണ്.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ കൂടി ഇന്ന് 9,460 രൂപയായി. ഗ്രാമിന് 2 രൂപ ഉയർന്ന് 167 രൂപയാണ് വെള്ളിവില.
ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് വില 90 രൂപ ഉയർന്ന് 9,415 രൂപയാണ്. വെള്ളിക്ക് 163 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

