കോഴിക്കോട് ∙ മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ ജലവിതരണ പൈപ്പ് വൻശബ്ദത്തോടെ പൊട്ടി. നാലു വീടുകളിൽ വെള്ളവും ചെളിയും ഇരച്ചുകയറി.
ഒരു വീടിന്റെ മതിൽ ഇടിഞ്ഞുവീണു. രണ്ടു കാറുകളിലും സ്കൂട്ടറിലും വെള്ളം കയറി.
റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.
ഉറങ്ങിക്കിടക്കുകയായിരുന്ന സമീപ വീട്ടുകാർ സ്ഫോടനശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്.
വാതിൽ തുറന്നപ്പോഴാണ് വീട്ടിലേക്ക് ചെളിയും വെള്ളവും ഇരച്ചുകയറിയത്.
മലാപ്പറമ്പ് ജംക്ഷനിൽനിന്ന് വനിതാ പോളിടെക്നിക്കിനു മുന്നിലൂടെ പുതിയ ദേശീയപാത അണ്ടർപാസ് വരെയുള്ള ഭാഗത്തെ ജല അതോറിറ്റിയുടെ വലുപ്പമേറിയ പ്രധാന ജലവിതരണ പൈപ്പാണ് പൊട്ടിയത്.
ഈ പൈപ്പിലൂടെയുള്ള ജലവിതരണം ഒരു മാസത്തിനകം ഉപേക്ഷിക്കാനിരിക്കെയാണ് ഇന്നലെ പൈപ്പ് പൊട്ടിയത്.
ഒരു മീറ്ററോളം ഭാഗത്തെ പൈപ്പാണ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകി 25 മീറ്ററോളം ഭാഗത്ത് റോഡ് തകർന്നിട്ടുണ്ട്.
പൈപ്പ് പൊട്ടിയതോടെ റോഡിന്റെ ഒരുവശം ഇളകി നടപ്പാതയ്ക്കു മുകളിലേക്ക് പൊങ്ങി. റോഡിന്റെ അടിവശത്ത് വൻഗർത്തം രൂപപ്പെട്ടു.
ഫ്ലോറിക്കൻ റോഡിൽ ടാറിങ് പൂർത്തിയായിട്ട് ഏതാനും മാസങ്ങളായിട്ടേയുള്ളൂ.
പൈപ്പ് പൊട്ടിയതോടെ വെള്ളവും ചെളിയും ഫ്ലോറിക്കൻ റോഡ് പുൽപ്രക്കുട്ടം പൊയിൽചാലിൽ പി.കെ.സുധാകരന്റെ വീടിന്റെ മുറ്റത്തേക്ക് ശക്തിയോടെ ഇരച്ചുകയറുകയായിരുന്നു.
പുൽപ്രക്കുട്ടംപൊയിൽചാലിൽ അശ്വിന്റെ വീടിനോടു ചേർന്നുള്ള മതിൽ ഇടിഞ്ഞുവീണു.
അശ്വിന്റെ വീടിനകത്തേക്ക് ചെളിയും വെള്ളവും കയറി. കിണറുകളിലും ചെളി നിറഞ്ഞു.
ഈ രണ്ടു വീടുകൾക്കു പുറമെ പുലിക്കോട്ടിൽ ബാബു പോൾ, കൈലാഷിൽ രാധാകൃഷ്ണൻ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളവും ചെളിയും ഇരച്ചുകയറിയത്.
സംഭവമറിഞ്ഞ് ജല അതോറിറ്റി ഉടനെതന്നെ വാൽവ് അടച്ചു.
എക്സിക്യൂട്ടീവ് എൻജിനീയർ, സൂപ്രണ്ടിങ് എൻജിനീയർ, ഡിസ്ട്രിബ്യൂഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ തുടങ്ങിയവർ സ്ഥലത്തെത്തി.
രാവിലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളിനീക്കി അറ്റകുറ്റപ്പണി തുടങ്ങി. ഇന്നലെ പൈപ്പ് പൊട്ടിയതോടെ ഇതുവഴിയുള്ള ജലവിതരണം പൂർണമായും നിലച്ചു.
24 മണിക്കൂറിനകം പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയാവുമെന്ന് അസി. എൻജിനീയർ പറഞ്ഞു.
റോഡ് അറ്റകുറ്റപ്പണിക്ക് കൂടുതൽ സമയമെടുക്കും.
പൊട്ടിയത്
പഴക്കമേറിയ
പ്രിമോ പൈപ്പ്
50 വർഷത്തിലേറെ പഴക്കമുള്ള ‘പ്രിമോ’ കോൺക്രീറ്റ് പൈപ്പാണ് പൊട്ടിയത്. ശരാശരി പത്തുവർഷമാണ് ഇത്തരം പൈപ്പുകളുടെ കാലാവധിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കാലപ്പഴക്കം ചെന്നതിനാൽ ഇവിടെ പൈപ്പിലെ ഇരുമ്പുകമ്പികൾ തുരുമ്പിക്കുകയും പൈപ്പു പൊട്ടുകയുമായിരുന്നു.
ദേശീയപാതയ്ക്ക് സമാന്തരമായി നിർമിച്ച പുതിയ പൈപ്പിലേക്ക് ജലവിതരണം മാറ്റാനിരിക്കുന്നതിനാൽ ഒരു മാസത്തിനുള്ളിൽ ഈ പൈപ്പിലൂടെയുള്ള വിതരണം നിർത്താനിരിക്കുകയായിരുന്നു.
വീടുകളിലെ ജലവിതരണത്തിന് പഴയ പൈപ്പിനു പകരം പുതിയ പൈപ്പ് സ്ഥാപിക്കാൻ 60 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് അനുമതി കിട്ടിയാൽ നിർമാണം തുടങ്ങും.
ഞങ്ങളെല്ലാവരും നല്ല ഉറക്കത്തിലായിരുന്നു.
രണ്ടരയോടെ വലിയ ശബ്ദം കേട്ടാണ് ഉണർന്നത്. മുറ്റത്തേക്ക് നോക്കിയപ്പോൾ നിറയെ ചെളിവെള്ളം.
വാതിൽ തുറന്നതോടെ അകത്തേക്ക് വെള്ളം കയറി. മുറ്റത്ത് നിർത്തിയ കാറും സ്കൂട്ടറും ചെളിയിലായി.
തൊട്ടപ്പുറത്തെ വീട്ടിലെ കാറും ചെളിയിലായി. മുറ്റത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു.
രണ്ടു കിണറിലും ചെളി നിറഞ്ഞു.
∙ അശ്വിൻ പുൽപ്രക്കുട്ടംപൊയിൽചാലിൽ
മൂന്നു മാസം മുൻപ് ഇവിടെ പൈപ്പ് പൊട്ടി റോഡിൽ കുഴിയായിരുന്നു. അറ്റകുറ്റപ്പണി അടുത്തിടെയാണ് പൂർത്തിയായത്.
ദേശീയപാതയിൽനിന്ന് മലാപ്പറമ്പ് ജംക്ഷനിലേക്കുള്ള ഈ റോഡിൽ ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മാസങ്ങളോളം അടച്ചിട്ടതാണ്.
∙ ബാബു പോൾ, പുലിക്കോട്ടിൽ
രാത്രി അതിവേഗം ഈ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നതാണ്. പൈപ്പ് പൊട്ടിയ സമയത്ത് വണ്ടികൾ വരാത്തതിനാൽ അപകടം ഒഴിവായി.
ഞാനും ഭർത്താവും അസുഖബാധിതരാണ്. പേരക്കുട്ടിയുടെ പിറന്നാളാഘോഷം രണ്ടുദിവസം കഴിഞ്ഞ് നടത്താനിരിക്കെയാണ് വീട്ടിൽ ചെളിവെള്ളം കയറിയത്.
ഈ റോഡിൽ പൈപ്പ് പൊട്ടുന്നത് പതിവാണ്.
∙ ലസിത പുൽപ്രക്കുട്ടംപൊയിൽചാലിൽ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

