പനമരം ∙ വലിയ പ്രതീക്ഷയോടെ എണ്ണപ്പന കൃഷിയിറക്കിയ പലരും കൃഷി ഉപേക്ഷിച്ചു. കൃഷിയിടങ്ങളിലേക്ക് ആരും തിരിഞ്ഞു നോക്കാതായതോടെ പല തോട്ടങ്ങളും കാടുകയറി.
എണ്ണപ്പനങ്കുരുവിന് ആവശ്യക്കാരും വിലയും ഇല്ലാത്തതാണ് കൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. എണ്ണപ്പനങ്കുരു എടുക്കാൻ ആളുകൾ എത്താത്തതിനാൽ മൂത്തുപഴുത്ത പനങ്കുരു പനയിൽ നിന്ന് തന്നെ മുളച്ച് നിലത്തു വീഴുന്ന അവസ്ഥയാണ്.
വലിയ എണ്ണപ്പനകളുടെ ചുവട്ടിൽ വീഴുന്ന ഈ കായ്കൾ പിന്നീട് മുളച്ചുപൊന്തി തോട്ടം നിറയെ കാടുപോലെ വളരുകയാണ്. എണ്ണപ്പനങ്കുരു പഴുത്ത് നിൽക്കുന്ന തോട്ടങ്ങളിൽ കായുടെ പുറംതോട് തിന്നാനായി എത്തുന്ന പക്ഷികളുടെ ശല്യവും രൂക്ഷമാണ്.
മുൻപ് വലിയ ലാഭം പ്രതീക്ഷിച്ച് കൃഷിയിടത്തിലെ തെങ്ങും കമുകും വെട്ടിമാറ്റി പകരം എണ്ണപ്പന കൃഷിയിറക്കിയ ഒട്ടേറെ കർഷകർ ജില്ലയിലുണ്ട്. എന്നാൽ കായ് പിടിച്ചു തുടങ്ങിയതോടെ എടുക്കാൻ ആളില്ലാത്തതും വില ലഭിക്കാത്തതും എണ്ണപ്പനയ്ക്ക് ഉണ്ടാകുന്ന രോഗബാധയും മൂലം കൃഷി നശിക്കുന്നതും പ്രതിസന്ധിയിലാഴ്ത്തി.
കർഷകരിൽ പലർക്കും വിളവെടുപ്പിനുള്ള വിദ്യകൾ വശമില്ലാത്തതും തിരിച്ചടിയായി.
ഇതിനു പുറമേ കൃഷി വ്യാപിപ്പിക്കാൻ സർക്കാർ നടപ്പാക്കിയ പദ്ധതികൾ ക്രമേണ നിലച്ചതും പ്രതീക്ഷകൾ തകർത്തു. ജില്ലയിൽ വൈത്തിരി, ചേലോട്, പനമരം തുടങ്ങി വിവിധ പ്രദേശങ്ങളിൽ വ്യാപകമായി തന്നെ എണ്ണപ്പന കൃഷി നടത്തിയവരുണ്ട്.
ഇതിൽ പല തോട്ടത്തിനും 15 വർഷത്തിലേറെ പഴക്കമുണ്ട്. പെയ്ന്റ്, ഓയിൽ എന്നിവയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന എണ്ണപ്പനങ്കുരു എടുക്കാൻ ആളും സംഭരണ കേന്ദ്രങ്ങളും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇല്ലെന്നു കർഷകർ പറയുന്നു.
എണ്ണപ്പന ഇല വിരിച്ചു നിൽക്കുന്നതിനാൽ ഇതിന് സമീപത്ത് മറ്റു കൃഷികളൊന്നും ഇറക്കാൻ പറ്റാത്ത സ്ഥിതിയാണ്.
കുരങ്ങ് ഒഴികെയുള്ള വന്യമൃഗങ്ങളുടെ ശല്യം കുറവുണ്ട് എന്നതാണ് കർഷകരുടെ ഏക ആശ്വാസം. വിദേശ രാജ്യങ്ങളിൽ ലാഭം കൊയ്യുന്ന കൃഷികളിൽ ഒന്നാണ് എണ്ണപ്പന.
സർക്കാർ മുൻകൈ എടുത്തു കൃഷിയിറക്കിയ കർഷകരിൽ നിന്നു ന്യായവില ഉറപ്പ് വരുത്തി പഴുത്ത കായ് സംഭരിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണു കർഷകരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

