പോത്തൻകോട് ∙ വാഹനാപകടത്തിൽ ഇടതുകൈക്ക് സ്വാധീനം നഷ്ടമായെങ്കിലും മുട്ടട സ്വദേശിയായ ആർട്ടിസ്റ്റ് വി.എസ്.
ബിജു തളർന്നില്ല. കുട്ടിക്കാലം മുതൽ 40 വർഷമായി തിരഞ്ഞെടുപ്പുകളിൽ ചുവരെഴുതുന്ന ബിജു വേദന മറന്ന് വീണ്ടും ബ്രഷ് എടുത്ത് എഴുതി; ‘ മുരുക്കുംപുഴ വാർഡിലെ…’.
ആദ്യ വാചകം എഴുതി തീർക്കാൻ ബിജുവിന് വേണ്ടിവന്നത് മൂന്നോ നാലോ സെക്കൻഡുകൾ മാത്രം. ഇദ്ദേഹത്തിന്റെ അനായാസ മടങ്ങിവരവിന് സുഹൃത്തുക്കളും ബന്ധുക്കളും സ്ഥാനാർഥി എസ്.വിധീഷും സാക്ഷിയായി.
വലതുകൈ കൊണ്ടാണ് എഴുതുന്നതെങ്കിലും ചുവരെഴുത്തിൽ ഇരുകൈകളും ആവശ്യമാണെന്നാണു ബിജുവിന്റെ പക്ഷം. കൈകൊണ്ടാണ് ബിജു എഴുതുന്നതിന്റെ അളവ് പോലും എടുത്തിരുന്നത്.
കെ.കരുണാകരനടക്കം നൂറോളം സ്ഥാനാർഥികൾക്കായി ബിജു ഇതിനോടകം ചുവരെഴുതിയിട്ടുണ്ട്.പത്താംക്ലാസിൽ പഠിക്കുമ്പോൾ ഹിന്ദുസംഗമത്തിന്റെ പ്രചാരണാർഥമാണ് ആദ്യം ചുവരെഴുതിയത്.
പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ കെ.ജി മാരാർ, കെ.വി സുരേന്ദ്രനാഥ്, എം.എം. ഹസൻ, എം.വിജയകുമാർ തുടങ്ങി തിരുവനന്തപുരത്ത് നിന്നു നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ച ഒട്ടുമിക്ക സ്ഥാനാർഥികൾക്കു വേണ്ടിയും ബിജുവിന്റെ വടിവൊത്ത അക്ഷരങ്ങൾ നിരന്നു.കഴിഞ്ഞ ജൂണിലാണ് വട്ടപ്പാറ– വെമ്പായം റോഡിൽ വച്ചു ബിജു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ് ഒരുമാസം വെന്റിലേറ്ററിലും ഒന്നരമാസം ഐസിയുവിലും കഴിഞ്ഞു.ഇത് തന്റെ രണ്ടാം ജന്മം ആണെന്നാണ് ഇദ്ദേഹം പറയുന്നത്.
തിരഞ്ഞെടുപ്പ് എത്തിയാൽ ബിജുവിന് ബ്രഷ് താഴെ വയ്ക്കാൻ സമയമില്ല. തിരക്കോടു തിരക്കാണ്.
എഴുതിയവരിൽ ഏറിയ പങ്കും ജയിച്ചു കയറിയതോടെ ആദ്യത്തെ ചുവരെഴുതാൻ ബിജു തന്നെ വേണമെന്നായി. ഇപ്പോൾ അയിരൂപ്പാറ അരുവിക്കരക്കോണം ശബരീശത്തിലാണ് താമസം.
ഭാര്യ ശശികലയും അമ്മ പ്രസന്നകുമാരിയും ആണ് കുടുംബാംഗങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

