തൃക്കരിപ്പൂർ ∙ തിരഞ്ഞെടുപ്പ് ചൂടിലേക്കു കുതിക്കും മുൻപ് കവ്വായിക്കായലിൽ കല്ലുമ്മക്കായ വിത്തിട്ടു തീർക്കാനുള്ള ധൃതിയിലാണു കർഷകർ. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ കർഷകർ ശാസ്ത്രീയമായി കല്ലുമ്മക്കായ കൃഷി ചെയ്യുന്ന കവ്വായി ക്കായലിൽ ഇപ്പോൾ വിത്തിടുന്ന കാലമാണ്.
ഒക്ടോബർ അവസാനമാണ് വിത്തിറക്കി തുടങ്ങുക. കവ്വായി കായലിൽ നീളെ കാണുന്ന സ്റ്റേജുകളിലെല്ലാം കല്ലുമ്മക്കായ കൃഷിയാണ്.
മുളങ്കമ്പുകൾ കൊണ്ട് കെട്ടിയ സ്റ്റേജുകളിൽ തുണിയിൽ കോർത്തെടുത്ത കല്ലുമ്മക്കായ വിത്തുകൾ ഒരടി അകലം പാലിച്ച് റോപ്പുകളിൽ കായലിലേക്ക് ഞാത്തിയിടും. ജനുവരി വരെ കല്ലുമ്മക്കായ കൃഷിക്ക് അനുയോജ്യമായ കാലമാണ്.പരപ്പനങ്ങാടി, കോട്ടിക്കുളം, എട്ടിക്കുളം തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഇവിടെ വിത്ത് എത്തുന്നത്.
കണ്ണൂർ–കാസർകോട് ജില്ലകളിലേക്ക് പരന്നൊഴുകുന്ന കവ്വായി കായലിന്റെ വിവിധ തീരങ്ങളിൽ രണ്ടായിരത്തിലേറെ കല്ലുമ്മക്കായ കർഷകരുണ്ട്.
വ്യക്തികൾ, കുടുംബശ്രീ യൂണിറ്റുകൾ, പുരുഷ സ്വയംസഹായ സംഘങ്ങൾ എന്നിങ്ങനെ കൃഷിയിൽ വ്യാപൃതരായവർ കല്ലുമ്മക്കായ കൃഷിയിലൂടെ നാടിനു വരുമാനവും രുചിപ്പെരുമയും നേടിത്തരുന്നു. എങ്കിലും കർഷകർ പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നില്ല. വിത്തിന് ഓരോ ഇടങ്ങളിലും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്.
വിത്തിന്റെ വിലയിലും ഉൽപന്നം സംഭരിക്കുന്നതിലും കർഷകർ ചൂഷണത്തിനിരയാകുന്നുണ്ട്.
സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വിത്ത് വിതരണവും ഉൽപന്ന സംഭരണവും വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ചിലപ്പോൾ പ്രതീക്ഷിച്ച വില ലഭിക്കാത്ത കർഷകർ കടക്കെണിയിൽ വീഴുന്നുണ്ട്.
ധനകാര്യ സ്ഥാപനങ്ങളിലെ വായ്പയെടുത്താണ് നല്ലൊരു വിഭാഗം കർഷകരും ഈ രംഗത്ത് പുലരുന്നത്.അതോടൊപ്പം കാലാവസ്ഥാ വ്യതിയാനം നിമിത്തം സംഭവിക്കുന്ന കൃഷിനാശവും കർഷകർക്ക് ഇരുട്ടടിയാണ്. കർഷകർക്ക് സബ്സിഡി ലഭിക്കുന്നുണ്ട്.
പക്ഷേ, സബ്സിഡി തുക വർധിപ്പിക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവർ കേൾക്കുന്നില്ല. കാലാവസ്ഥയുടെ കണക്കിൽപെടുത്തി കർഷകരെ സമ്മർദത്തിലാക്കി ഉൽപന്നം കുറഞ്ഞ വിലയ്ക്ക് എടുക്കുന്നവർ പലപ്പോഴും കർഷകരുടെ കണ്ണീര് വീഴ്ത്തുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

