പുൽപള്ളി ∙ ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജൻമൻ ഭവനനിർമാണ പദ്ധതിയിലെ ഗുണഭോക്താക്കളെ ഉദ്യോഗസ്ഥർ വലയ്ക്കുന്നതായി പരാതി. രേഖകൾ പരിശോധിച്ച് കരാറൊപ്പിട്ട് ഒന്നും രണ്ടും ഗഡു ലഭിച്ചവർക്ക് തുടർസഹായം ലഭിക്കാത്തതിനാൽ പണി തുടരാനാവുന്നില്ല.
വീട് നിർമാണം വിവിധ ഘട്ടത്തിലെത്തിയപ്പോഴാണ് പഞ്ചായത്തിൽ നിന്നുള്ള പെർമിറ്റ് ആവശ്യപ്പെടുന്നത്. ഗോത്ര സങ്കേതങ്ങളിൽ സർക്കാർ സഹായം ഉപയോഗിച്ചുള്ള വീട് നിർമാണത്തിന് പെർമിറ്റ് ആവശ്യമില്ലെന്ന് 2019ൽ സർക്കാർ ഉത്തരവുണ്ട്.
ഇതൊന്നും പരിഗണിക്കാതെ ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത തേടുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ.
പനമരം ബ്ലോക്കിൽ 200 ഓളം വീടുകളുടെ നിർമാണം മുടങ്ങിക്കിടക്കുന്നു. മുള്ളൻകൊല്ലി മാടപ്പള്ളിക്കുന്നിൽ ഒരുവർഷം മുൻപ് നിർമാണം പൂർത്തീകരിച്ച വീടിന്റെ പണം ലഭിച്ചിട്ടില്ല.പൂതാടി പഞ്ചായത്തിനും നിരവധി വീടുകളുടെ നിർമാണം പെരുവഴിയിലായി.
മഴക്കാലം മാറിയതിനാൽ നിർമാണം പുനഃരാരംഭിക്കാൻ അനകൂല സാഹചര്യങ്ങളായി. 7 മാസത്തോളം നീണ്ട
മഴക്കാലത്ത് ഗോത്ര വിഭാഗങ്ങൾ അനുഭവിച്ച യാതനകൾക്കു കണക്കില്ല. വനത്തിനുള്ളിലും വനയോര ഗ്രാമങ്ങളിലും സാമഗ്രികളുമെത്തിക്കാൻ കഴിയാതെ മാസങ്ങൾ വൈകി.
ചിലേടങ്ങളിൽ നിർമാണത്തിനു കരുതിയ സിമന്റ്, മണൽ എന്നിവയടക്കം നഷ്ടപ്പെട്ടവരുണ്ട്. കെ സ്മാർട്ട് വഴി ലഭിച്ച അപേക്ഷകളിലെ അപാകതകൾ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് ഇപ്പോൾ ഫണ്ട് വിതരണം വൈകിക്കുന്നതെന്ന് ഗോത്ര സംഘടനകൾ കുറ്റപ്പെടുത്തി.
പാതിരി വനത്തിലെ വിവിധ ഗോത്ര സങ്കേതങ്ങളിൽ വിറങ്ങലിച്ചു കഴിയുന്ന നിരവധി ഗോത്ര കുടുംബങ്ങളെ അതിദരിദ്രരുടെ പട്ടികയിൽനിന്നു കരകയറ്റാൻ ആരംഭിച്ച ശ്രമങ്ങളും അട്ടിമറിക്കപ്പെടുന്നു.
പ്ലാസ്റ്റിക് ഷീറ്റിന്റെ കാരുണ്യത്തിൽ കഴിയുന്ന ഇവർ അതിദരിദ്രരുടെ അവസ്ഥയിലാണു കഴിയുന്നത്. സർക്കാർ പദ്ധതിയിലെ ഭവനനിർമാണം താളംതെറ്റിയത് പലരുടെയും ജീവിതത്തെയും മാറ്റിമറിക്കുന്നു.
പകൽസമയത്തും ആനയിറങ്ങുന്ന പള്ളിച്ചിറ, വെട്ടത്തൂർ, കുറിച്ചപ്പറ്റ, പാളക്കൊല്ലി ഊരുകളിലെ ജനങ്ങളെ നിസാര കാരണങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർ വലയ്ക്കുകയാണ്. തിരഞ്ഞെടുപ്പു കാലത്ത് ഗോത്രസമൂഹത്തിന്റെ പ്രതിഷേധം എതിരാകുമെന്ന ചിന്ത ഭരണക്കാരെയും അലട്ടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

