മങ്കൊമ്പ് ∙ കാലാവസ്ഥ അനുകൂലമായതോടെ കുട്ടനാടൻ വൈക്കോലിനു ഡിമാൻഡ് ഏറി. ഇതര സംസ്ഥാനത്തു നിന്നു പോലും ആളുകൾ എത്തി കുട്ടനാട്ടിൽ നിന്നു വൈക്കോൽ ശേഖരിക്കുന്നുണ്ട്.
സാധാരണയായി കുട്ടനാട്ടിലെ വിളവെടുപ്പു സമയത്തു പലപ്പോഴും മഴ ആയതിനാൽ വൈക്കോൽ പാടശേഖരത്തിൽ കിടന്നു നശിക്കുകയാണു പതിവ്. അടുത്ത കൃഷി ഇറക്കാൻ വൈക്കോൽ തീയിട്ടു നശിപ്പിക്കുന്നതായിരുന്നു പതിവ്.
വിളവെടുപ്പു കഴിഞ്ഞ പാടശേഖരത്തിൽ വൈക്കോലിനു തീയിടുന്നതു മൂലമുണ്ടാകുന്ന പുക പരിസരവാസികളെ ദുരിതത്തിലാക്കുന്നതു പതിവായിരുന്നു.
എന്നാൽ ഇത്തവണ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ വിളവെടുക്കുന്ന പാടശേഖരത്തിൽ നിന്നു വൈക്കോൽ ശേഖരിക്കാൻ പലരും മത്സരിക്കുന്ന കാഴ്ചയാണു കാണാൻ സാധിക്കുന്നത്. തമിഴ്നാട്ടിലേക്കും തെക്കൻ ജില്ലകളിലേക്കുമാണു വൈക്കോൽ ഇപ്പോൾ കൂടുതലായി കയറി പോകുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ളവർ വൈക്കോൽ തിരിയാക്കിയും മറ്റുള്ളവർ റോൾ ആക്കിയുമാണു ശേഖരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള ഒട്ടനവധി തൊഴിലാളികളാണു കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങൾ എത്തിയിട്ടുള്ളത്. ഇവർ സ്ത്രീ തൊഴിലാളികളുടെ സഹായത്തോടെ പാടശേഖരത്തിലുള്ള വൈക്കോൽ ചെറു കൂനകളാക്കും.
പുരുഷ തൊഴിലാളികളെത്തി കമ്പ് ഉപയോഗിച്ചു വൈക്കോൽ തിരികളാക്കിയാണു വാഹനങ്ങളിൽ കയറ്റി കൊണ്ടു പോകുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും തിരിയാക്കിയാണ് വൈക്കോൽ കൊണ്ടു പോകുന്നത്.
ട്രാക്ടർ ഉപയോഗിച്ചു വൈക്കോൽ റോളുകളാക്കിയാണു ചിലർ വൈക്കോൽ ശേഖരിക്കുന്നത്.
ഒരു കെട്ട് വൈക്കോൽ പാടശേഖരത്തിൽ നിന്നു ശേഖരിച്ചു റോളാക്കി നൽകുന്നതിനു 45 മുതൽ 50 രൂപ വരെയാണു ട്രാക്ടർ ഉടമകൾ വാങ്ങുന്നത്. കെട്ടിന്റെ വലിപ്പം അനുസരിച്ച് ഒരേക്കറിൽ നിന്നു 100 മുതൽ 150 കെട്ടുവരെ വൈക്കോൽ ലഭിക്കുന്നുണ്ട്.
പല കർഷകരും വൈക്കോൽ സൗജന്യമായാണു വിട്ടുകൊടുക്കുന്നത്. വാഹനം നേരിട്ട് എത്തിച്ചേരാൻ സൗകര്യമുള്ള ചില ഭാഗങ്ങളിൽ ഒരേക്കറിലെ വൈക്കോലിന് 500 രൂപ വരെ കർഷകനു നൽകിയും ശേഖരിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

