ഹൃദ്യമായ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ചലച്ചിത്ര ഗാനരചന സംസ്ഥാന ചലച്ചിത്ര അവാർഡിലൂടെ വിവാദത്തിലേക്കു നീങ്ങിയ സാഹചര്യത്തിൽ കൈതപ്രം നിലപാട് വ്യക്തമാക്കുന്നു.
അവാർഡിന് അർഹമായ വേടന്റെ വരികളിൽ കവിതയുണ്ട്.
അയാൾ സാംസ്കാരിക നായകനാണോ അതോ ജയിലിൽ കിടന്ന ആളാണോ എന്നൊന്നും എനിക്കു നോക്കേണ്ടതില്ല. അതിനു ചുമതലപ്പെട്ടവർ അക്കാര്യങ്ങൾ ശ്രദ്ധിക്കട്ടെ.
ജയിലിൽ കിടന്ന ഒരാൾക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രയാസമോ തടസ്സമോ ഇല്ലാത്ത നാട്ടിലാണ് വേടന്റെ പുരസ്കാരലബ്ധിയെക്കുറിച്ചു ചർച്ച നടക്കുന്നതെന്ന കാര്യം കൗതുകം പകരുന്നു. വേടന്റെ കാര്യത്തിൽ സദാചാരകാര്യം നീതിന്യായ വ്യവസ്ഥയാണു മറുപടി പറയേണ്ടത്.
അയാൾ എന്തെഴുതി എന്നാണു ഞാൻ അന്വേഷിക്കുന്നത്. ‘വിയർപ്പ് തുന്നിയ കുപ്പായം, നിറങ്ങൾ മായില്ല കട്ടായം’ എന്നെഴുതിയതിലൂടെ അവാർഡ് ലഭിച്ചതിൽ കുറ്റമില്ല എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.
അവാർഡു കമ്മിറ്റിക്കാർ പ്രസ്താവനകളിൽ കക്ഷിരാഷ്ട്രീയം കടത്തുന്നത് വിവാദം വരുത്തും- ചെയർമാനടക്കം. അതിനൊക്കെ അവർ മാത്രം ഉത്തരവാദികളായിരിക്കും.
സദാചാര വിരുദ്ധരെ പൊലീസാണു കൈകാര്യം ചെയ്യേണ്ടത്. എഴുത്താണ് എന്റെ മുൻപിൽ.
അവാർഡുകൾക്കു മുഴുവൻ ശരിയായ ചരിത്രമില്ല. അതിപ്പോഴുമില്ല.
വിദേശ ട്യൂണുകൾ ഉപയോഗിക്കുന്ന സംഗീത സംവിധായകരും ഭാഷയിൽ ശ്രദ്ധയില്ലാത്ത എഴുത്തുകാരും സംവിധായകരും ഒരുപോലെ കുറ്റക്കാരാണ്.
സംഗീതത്തിൽ കാലത്തിനനുസരിച്ച മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പക്ഷേ, സപ്തസ്വരങ്ങൾ എന്ന അടിസ്ഥാന തത്വത്തിൽ മാറ്റം വരുത്താതെയാണ് അതു മുന്നോട്ടുപോകുന്നത്.
സിനിമാ സംഗീതത്തിലെ നന്മയും തിന്മയും പാട്ടെഴുത്തുകാർ നിർണയിക്കുന്നതാണ്. ഇത് എഴുത്തുകാരന്റെ കാലമാണ്.
ഈണത്തിനനുസരിച്ചാണു പാട്ടെഴുതുന്നതെങ്കിലും പാട്ടിന്റെ ഗതി നിർണയിക്കുന്നത് എഴുത്തുകാരൻ തന്നെയാണ്. ഒരു ഗിമ്മിക്കും കാണിക്കാതെ ഞാനെഴുതിയ ‘മിന്നൽവള…’ എന്നു തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റായ അനുഭവം തന്നെ നമുക്കു മുന്നിലുണ്ട്.
സാധാരണ എഴുത്തു മാത്രമാണത്. പാട്ടെഴുത്തിലെ ധർമം ഞാൻ കൈവിട്ടില്ല.
ആദ്യവരി ജനകീയമാക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്നു മാത്രം. ഇവിടെ എഴുത്തുകാരന്റെ കയ്യടക്കമാണു പ്രധാനം.
കവിതകൾ നന്നായി വായിക്കുക, കവിതകൾ ഹൃദിസ്ഥമാക്കുക എന്നതു മാത്രമാണ് നല്ല പാട്ടെഴുത്തിന് അടിസ്ഥാനം.
താളബോധവും നന്നായി ശീലിക്കുക. മൊബൈലിലെ കുറുക്കുവഴികളൊന്നും ഇതിനു പകരമാവില്ല.
കാമരഹിതമായ പ്രണയം, നിർഭയത, കാരുണ്യം, കണ്ണു നിറയുന്ന വികാരപരത, നന്മയുടെ പൊരുതൽ, കരുതൽ, കൃത്യത, സ്വയം തിരുത്തൽ, ലഹരി വർജിക്കൽ – പുതിയ തലമുറ ശീലിക്കാനുള്ള കാര്യങ്ങൾ. നിരന്തരമായി തിരഞ്ഞെടുത്ത വായന നിർബന്ധം.
താളബോധം, സംഗീത ബോധം ഇവ ശീലമാക്കണം.
തലമുറമാറ്റം എന്നൊന്നില്ല. പരസ്പരം പകർന്നാടാനും പങ്കുവയ്ക്കാനും സ്നേഹിക്കാനും കഴിഞ്ഞാൽ മതി.
അസൂയ ആയുസ്സു കുറയ്ക്കും. ദൈവത്തെക്കാളും സ്വന്തം കർമത്തെ ഭയപ്പെടുക.
നന്മ സംഭവിക്കും എന്ന് എനിക്ക് ഉറപ്പാണ് – ഞാൻ വലിയ സ്വപ്നങ്ങൾ മുന്നിൽ നിർത്തി ശ്രമിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

