ആലത്തൂർ- ടാപ്പിംഗ് തൊഴിലാളിയുടെ ആത്മഹത്യക്ക് കാരണം വനംവകുപ്പുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് എന്നാരോപിച്ച് വനംവകുപ്പ് ഓഫീസിനു മുന്നിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. മംഗലംഡാം ഓടംതോട് കാനാട്ട് വീട്ടിൽ സജീവി (54) ന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് മംഗലംഡാം വനംവകുപ്പ് ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്. റബ്ബർടാപ്പിംഗിന് പോയ സജീവിനെ ഞായറാഴ്ചയാണ് കവിളുപാറയിലെ എസ്റ്റേറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്യൂരിഡാൻ പോലുള്ള വിഷം അകത്ത് ചെന്നതാണ് മരണകാരണം എന്ന് ഇന്നലെ നടന്ന പോസ്റ്റുമാർട്ടത്തിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 11ന് ഓടംതോട്ടിൽ പുലി ചത്തു കിടന്ന സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പധികൃതർ സജീവിനെ ഒന്നിലധികം തവണ ചോദ്യം ചെയ്തിരുന്നു. അതിനെത്തുടർന്ന് ആൾ വലിയ മാനസികവിഷമത്തിലായിരുന്നുവെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു. പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹവുമായി എത്തിയ ആംബുലൻസ് അര മണിക്കൂറോളം നേരം വനംവകുപ്പ് ഓഫീസിനു മുന്നിൽ നിർത്തിയിട്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പുലി ചത്തതിന്റെ പേരിൽ സമാനമായ രീതിയിൽ പലരേയും ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ചോദ്യം ചെയ്യലിന്റെ ഭാഗമായി മൂന്നാംമുറ പ്രയോഗമുണ്ടെന്നാണ് പരാതി. പ്രതിഷേധം സംഘർഷത്തിന് വഴിയൊരുക്കുമെന്ന ആശങ്ക ഉയർന്നു. ആലത്തൂർ സി.ഐ ടി.എൻ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് നാട്ടുകാരെ അനുനയിപ്പിച്ചത്. സജീവന്റെ മൃതദേഹം പാമ്പാടി ഐവർമഠത്തിൽ സംസ്കരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]