പനമരം∙ നെല്ല് കതിരായ പാടശേഖരങ്ങളിൽ കൃഷി നശിപ്പിച്ചുള്ള കാട്ടാനയുടെ വിളയാട്ടം തുടരുന്നു. വനംവകുപ്പും കർഷകരും ഒരുക്കിയ പ്രതിരോധ മാർഗങ്ങൾ മറികടന്നെത്തിയ കാട്ടാനയാണു കതിരായ നെല്ല് വ്യാപകമായി തിന്നും ചവിട്ടിയും നശിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം പാതിരി സൗത്ത് സെക്ഷനിലെ പാത്രമൂലയിൽ വനംവകുപ്പ് നിർമിച്ച കന്മതിൽ ചാടിക്കടന്ന് ചെഞ്ചടി പാടശേഖരത്തിലെത്തിയ ഒറ്റയാൻ പൂതാടി പഞ്ചായത്തിലെ ചെഞ്ചടി അനന്തു കൃഷ്ണന്റെ കതിരായ നെല്ല് വ്യാപകമായി തിന്നുനശിപ്പിച്ചു.
കാട്ടാനയെ പ്രതിരോധിക്കാനും കാട്ടാന വയലിൽ എത്തുന്നത് അറിയുന്നതിനുമായി കർഷകൻ നെൽക്കൃഷിക്ക് ചുറ്റും സ്ഥാപിച്ച പടക്കക്കെണി തകർത്താണ് വയലിൽ ഇറങ്ങി നെല്ല് തിന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3 തവണയാണ് കാട്ടാന വയലിൽ ഇറങ്ങി കൃഷി നശിപ്പിച്ചത്. തൊഴിലാളികളെ വച്ച് കാവൽ ഏർപ്പെടുത്തിയാലും വലിയ കാര്യമില്ലെന്നും വയർ നിറയാതെ വയലിൽ നിന്ന് കാട്ടാന പോകാൻ കൂട്ടാക്കാറില്ലെന്നും പ്രദേശത്തെ കർഷകർ പറയുന്നു.
നാലുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാട്ടാനയുടെ വിളയാട്ടം പ്രദേശത്ത് രൂക്ഷമായത്.
ക്രാഷ് ഗാർഡ് വേലി നിർമാണത്തിന് സാധനങ്ങൾ എത്തിക്കാനെന്ന പേരിൽ വനാതിർത്തിയിൽ മുൻപ് വനംവകുപ്പ് സ്ഥാപിച്ച വൈദ്യുത വേലിയും കിടങ്ങും തകർത്തതും കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങാൻ കാരണമാകുന്നുണ്ട്. മഴയെ തുടർന്ന് നിർത്തിവച്ച ക്രാഷ് ഗാർഡ് വേലിയുടെ പണി പുനരാരംഭിക്കാൻ അധികൃതരുടെയോ കരാറുകാരന്റെയോ ഭാഗത്തുനിന്ന് നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

