ചെറുതോണി ∙ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഇനി സഞ്ചാരികൾക്കു നടന്നു കാണാം. അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനടയാത്രയ്ക്കുള്ള ടിക്കറ്റിന്റെ വിതരണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
സഞ്ചാരികളുടെ വർധന കണക്കിലെടുത്തും എല്ലാവർക്കും അണക്കെട്ടുകൾ കാണാൻ അവസരം ലഭിക്കുന്നതിനും വേണ്ടിയാണ് കാൽനടയാത്രക്കാർക്ക് അനുമതി നൽകാൻ തീരുമാനിച്ചതെന്നു മന്ത്രി പറഞ്ഞു.
ദിവസവും 3750 പേർക്ക് സന്ദർശിക്കാം
രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് ഡാം സന്ദർശന സമയം. കാൽനടയാത്രയ്ക്ക് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് നിരക്ക്.
ബഗ്ഗി കാർ യാത്രയ്ക്ക് ഒരാൾക്ക് 150 രൂപ നൽകണം. ഡാം ടോപ്പിൽ 8 ബഗ്ഗി കാറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ദിവസവും 3750 പേർക്കാണ് ഇപ്പോൾ സന്ദർശനാനുമതി. 2500 പേർക്ക് ഓൺലൈൻ മുഖേന കാൽനടയാത്രയ്ക്കും 1248 പേർക്ക് ബഗ്ഗി കാർ സേവനം പ്രയോജനപ്പെടുത്തിയും ഡാം സന്ദർശിക്കാം.
ഓൺലൈൻ ബുക്കിങ്ങിൽ യാത്രക്കാർ പൂർണമായില്ലെങ്കിൽ സ്പോട്ട് ടിക്കറ്റിങ് സംവിധാനവും പ്രയോജനപ്പെടുത്താം.
ഈ മാസം 30 വരെയാണ് നിലവിൽ സന്ദർശനാനുമതി. ടിക്കറ്റുകൾ www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്ങിനു ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഇവിടെനിന്നു ടിക്കറ്റ് വാങ്ങാം.
2023 ജൂലൈ 22ന് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഇടുക്കി ഡാമിൽ അതിക്രമിച്ചു കയറി ഹൈമാസ്റ്റ് ലൈറ്റുകളുടെ ചുവട്ടിൽ താഴിട്ടു പൂട്ടുകയും ചെറുതോണി അണക്കെട്ടിന്റെ ഷട്ടറിൽ ദ്രാവകം ഒഴിക്കുകയും ചെയ്തതിനെ തുടർന്ന് അണക്കെട്ടുകളിലേക്കുള്ള സന്ദർശനാനുമതി പിൻവലിച്ചിരുന്നു.
സെപ്റ്റംബർ 4ന് കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്. പിന്നീട് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു.
ഇതിനു ശേഷമാണ് ബഗ്ഗി കാറുകളിലൂടെ മാത്രം സഞ്ചാരം അനുവദിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

