മാനന്തവാടി ∙ ടൗണിലെ അനധികൃത പാർക്കിങ്ങുമായി ബന്ധപ്പെട്ടു ട്രാഫിക് പൊലീസും സിപിഎമ്മിലെ ഒരു വിഭാഗവും തമ്മിലുള്ള പോര് മുറുകുന്നു. യുവനേതാക്കൾ ഏറ്റെടുത്ത പ്രശ്നത്തിന് മുതിർന്ന നേതാക്കൾ പിന്തുണ നൽകിയില്ലെന്ന പരാതിയുമുണ്ട്.
നേതാക്കളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് അമ്പുകുത്തി ബ്രാഞ്ച് സെക്രട്ടറി രാജിക്കൊരുങ്ങിയെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. പാർക്കിങ് സൗകര്യം കുറവായ മാനന്തവാടിയിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കു വ്യാപകമായി പിഴ ഇൗടാക്കി തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം.
സിപിഎം– ഡിവൈഎഫ്ഐ നേതാക്കൾ ട്രാഫിക് എസ്ഐയെ ഗാന്ധിപാർക്കിൽ വച്ച് പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ വിപിൻ വേണുഗോപാലിനെതിരെ പൊലീസ് കേസെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിലെ ഒരു വിഭാഗവും പൊലീസും തമ്മിലുള്ള തർക്കം രൂക്ഷമായത്. മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫും സിപിഎം യുവ നേതാവും ട്രാഫിക് ചുമതലയുള്ള ഹോം ഗാർഡിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപണം നിലനിൽക്കുന്നു.
ഇതു സംബന്ധിച്ച് മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
ട്രാഫിക് എസ്ഐക്കും ഹോം ഗാർഡിനും എതിരെ സിപിഎം നേതാക്കളും പരാതി നൽകിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം സുഹൃത്തിനുവേണ്ടി ഇടപെടാൻ ശ്രമിച്ചെന്നും ഇത് നടക്കാത്തതിന്റെ ഭാഗമായാണ് പൊലീസിനെതിരായ അതിരു കടന്ന വിമർശനമെന്നും ആക്ഷേപമുണ്ട്. ഫെയ്സ്ബുക്കിൽ സിപിഎം നേതാക്കളും ട്രാഫിക് എസ്ഐയും ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തിയിരുന്നു.
ട്രാഫിക് പൊലീസ് സിപിഎം പ്രവർത്തകന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് ഹോം ഗാർഡ് കമന്റിട്ടതാണ് മന്ത്രിയുടെ സ്റ്റാഫിനെയും ഒരു വിഭാഗം സിപിഎം നേതാക്കളെയും പ്രകോപിപ്പിച്ചത്. ഈ കമന്റ് പിൻവലിക്കണമെന്നും തങ്ങൾക്കെതിരെ തിരിഞ്ഞാൽ ജോലിയുണ്ടാവില്ല എന്നുമായിരുന്നു ഫോണിലൂടെയുള്ള ഭീഷണി.
അതേ സമയം സോഷ്യൽ മീഡിയ വഴി സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പ്രതികരണങ്ങൾ നടത്തിയെന്നു കാണിച്ച് ഹോം ഗാർഡിനെതിരെയും സിപിഎം നേതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
2 കൂട്ടരെയും വിളിച്ച് പ്രശ്നം ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ടൗണിലെത്തുന്ന വാഹനങ്ങളെ ട്രാഫിക് പൊലീസ് അകാരണമായി പിഴ ചുമത്തി ദ്രോഹിക്കുകയാണെന്നും ട്രാഫിക് എസ്ഐയെ സ്ഥലം മാറ്റണമെന്നുമാണ് യുവനേതാക്കളുടെ ആവശ്യം. തെരുവിലും സമൂഹ മാധ്യമങ്ങളിലും പൊലീസും ഭരണ മുന്നണിയിലെ നേതാക്കളും ചേരിതിരിഞ്ഞ് പോരാടുന്നത് സിപിഎമ്മിലും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പടുത്തിരിക്കെ വിവാദം വഷളാകാതെ പരിഹരിക്കാൻ സിപിഎം നേതൃത്വവും ശ്രമിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

