വയനാടിന്റെ അതിർത്തിയിൽ ഒരേ പുഴയായാണു കബനി ഒഴുകുന്നതെങ്കിലും ഇരുകരകളും ഏറെ വ്യത്യസ്തം. നാടും ഭാഷയും സംസ്കാരവുമെല്ലാം വെവ്വേറെയാകുമ്പോഴും പെരിക്കല്ലൂരിലും അക്കരെ കർണാടക ഗ്രാമമായ ബൈരക്കുപ്പയിലുമെല്ലാമുള്ള മനുഷ്യർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ബാവലി ചെക്പോസ്റ്റ് കടന്ന്, ഇടിഞ്ഞുപൊളിഞ്ഞ ദേശീയപാതയിലൂടെ നാഗർഹോള വന്യജീവി സങ്കേതത്തിനുള്ളിലെ അതിർത്തിഗ്രാമമായ ബൈരക്കുപ്പയിലേക്കു വോട്ടർ സൈക്കിൾ എത്തിയപ്പോൾ നേരം പുലരുന്നതേയുള്ളൂ.
കോടമഞ്ഞിനെ വകഞ്ഞുമാറ്റി പെരിക്കല്ലൂരിൽനിന്നുള്ള കടത്തുതോണി വരുന്നു. പെരിക്കല്ലൂരിനെയും ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന പാലത്തിനായി കഴിഞ്ഞ 3 പതിറ്റാണ്ടായി കുടിയേറ്റ ജനത കാത്തിരിക്കുകയാണ്.
”ബൈരക്കുപ്പ പാലം ഉടനെയൊന്നും വരുമെന്നു തോന്നുന്നില്ല. ചേകാടി പാലം വന്നതോടെ ബൈരക്കുപ്പ പാലത്തിനു സാധ്യത കുറവാണെന്നാണു നേതാക്കൾ പറയുന്നത്”.
കടത്തുകൂലി പിരിക്കുന്നതിനിടയിൽ തോണിക്കാരൻ ഖാലിദ് വിലയിരുത്തി. 1994 സെപ്റ്റംബർ 22നാണ് അന്നത്തെ മുഖ്യമന്ത്രി കെ.
കരുണാകരനും കർണാടക മുഖ്യമന്ത്രിയായിരുന്ന എം. വീരപ്പമൊയ്ലിയും ചേർന്നു പാലത്തിനു തറക്കല്ലിട്ടത്.
ശിലാഫലകം ഇന്നും പെരിക്കല്ലൂർ തോണിക്കടവിൽ കാടുമൂടി കിടക്കുന്നുണ്ട്.
ചേലൊത്ത ചേകാടി
ചേകാടിയിലേക്കാണു വോട്ടർ സൈക്കിളിന്റെ യാത്ര. ബാവലിയിൽനിന്നു ചേകാടി വഴി പുൽപള്ളിയിലെത്താവുന്ന പ്രധാന പാതയിൽ മിക്കയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.
ചേകാടിയിൽനിന്നു പുൽപള്ളിയിലേക്കു വനപാതയിലൂടെയുള്ള ഇരുചക്രവാഹനയാത്ര ഏറെ ക്ലേശകരം. ”കുണ്ടിലും കുഴിയിലും ചാടി ബസിന് എപ്പോഴും പണിയാണ്.
കലക്ഷൻ കാശിൽ നല്ലൊരു പങ്കും വർക്ഷോപ്പുകാരനു കൊടുക്കാനേ തികയുന്നുള്ളൂ. ദിവസവും ഈ വഴിയിലൂടെ വണ്ടിയോടിച്ച് മേലുവേദന മൂലം ഉറങ്ങാൻ പോലും പറ്റുന്നില്ല”.
ചേകാടി വഴി തിരുനെല്ലിക്കു സർവീസ് നടത്തുന്ന രൺധീർ ബസിലെ ഡ്രൈവറായ ബൈജു സെബാസ്റ്റ്യൻ പറഞ്ഞു.
കൃഷിയെ ഹൃദയത്തോടു ചേർത്തവരുടെ നാടാണു ചേകാടി. കാടുകടന്നാലുടൻ ഗന്ധകശാലയുടെ സുഗന്ധം.
വയൽപ്പച്ചപ്പിൽ ഉയർന്നുനിൽക്കുകയാണ് ഏറുമാടങ്ങൾ. ടൂറിസം വകുപ്പിന്റെ വില്ലേജ് ടൂറിസം, സ്ട്രീറ്റ് ടൂറിസം തുടങ്ങി ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
സമൂഹമാധ്യമങ്ങളിലെ റീലുകളിൽ ചേകാടി തരംഗമാണിപ്പോൾ. റീൽ കണ്ടെത്തുന്ന സഞ്ചാരികൾക്ക് ഒരുക്കിവച്ചിരിക്കുന്നത് ഇടിഞ്ഞുപൊളിഞ്ഞ റോഡിലൂടെയുള്ള സഞ്ചാരം.
”റോഡ് ഇത്രയും മോശമാണെന്നറിഞ്ഞിരുന്നില്ല. വഴി മോശമായതിനാൽ ഇത് ഞങ്ങളൊരു ഓഫ്റോഡ് റൈഡ് ആക്കി മാറ്റി”– കോഴിക്കോട്ടെ കോളജിൽനിന്നു ചേകാടി കാണാനെത്തിയ ബുള്ളറ്റ് സംഘത്തിലെ അബിൻ ജോസ് പറഞ്ഞു.
പക്ഷിയെക്കൊണ്ടും രക്ഷയില്ലാതായി
വഴിയരികിലെല്ലാം വന്യമൃഗശല്യം മൂലം ഒഴിച്ചിട്ടിരിക്കുന്ന കൃഷിയിടങ്ങൾ കാണാം.
പ്രതിരോധസംവിധാനങ്ങൾ മറികടന്നും വന്യജീവികൾ കൃഷിയിടത്തിലെത്തുന്നു. ”വനത്തിനുള്ളിൽ കോടികൾ ചെലവഴിച്ചാണു മേലുദ്യോഗസ്ഥർക്കുള്ള കെട്ടിടങ്ങളും മറ്റും നിർമിക്കുന്നത്.
വനത്തിലൂടെയുള്ള റോഡ് നന്നാക്കുന്നതിൽ അവർ തന്നെ തടസ്സവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു”- കാട്ടിക്കുളം ചങ്ങലഗെയ്റ്റിനടുത്ത ഹോട്ടലിൽ ചായ കുടിക്കാനെത്തിയ താൽക്കാലിക വാച്ചർ പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പറഞ്ഞു.
വയലുകളിൽ നഞ്ചക്കൃഷി വിളവെടുക്കാനായിരിക്കുന്നു. ഏറുമാടങ്ങളിൽ ഉറക്കമിളച്ചു കാവലിരുന്നാലേ വിള സംരക്ഷിക്കാനാകൂ.
കാട്ടുപന്നിയും കാട്ടാനയും മാത്രമല്ല, ഇപ്പോൾ പക്ഷികൾ പോലും നെൽക്കർഷകർക്കു പേടിസ്വപ്നമായി. ”കൃഷിയിടത്തിലെ പഴങ്ങളെല്ലാം കുരങ്ങന്മാർ തിന്നുതീർക്കുന്നതിനാൽ പക്ഷികൾ പട്ടിണിയിലാണ്.
കതിരു മാത്രമാകും അവറ്റകൾക്ക് ഭക്ഷണം”– നടവയലിലെ കർഷകനായ ബേബിയുടെ വാക്കുകൾ.
ചികിത്സ തേടി നിലയ്ക്കാത്ത യാത്ര
മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നല്ല തിരക്ക്. അടിസ്ഥാന സൗകര്യങ്ങളിൽ പുരോഗതിയുണ്ടായെങ്കിലും ഡോക്ടർമാർ വേണ്ടത്രയില്ലാത്തതിന്റെ ദുരിതം.
സിടി സ്കാൻ, ലാബ് പരിശോധനകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ് ആശ്രയം. ഐസിയു ആംബുലൻസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കൊരുക്കി നിർത്തിയിരിക്കുകയാണ്.
ബേഗൂർ സ്വദേശി രാജനാണ് ആംബുലൻസിൽ.
”കാട്ടിക്കുളത്തു സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ ഏതോ ഒരു കാർ വന്നിടിച്ചതാണ്. തലയ്ക്കു ഗുരുതര പരുക്കുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുപോകാനാണു പറഞ്ഞിരിക്കുന്നത്”. ബന്ധുവായ ലക്ഷ്മി പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയുടെ ബഹുനിലക്കെട്ടിടത്തിൽ എംബിബിഎസ് വിദ്യാർഥികൾക്കു ക്ലാസ് നടക്കുകയാണ്.
കെട്ടിടത്തിന്റെ മുകൾനിലയിൽ തേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്നു. ആശുപത്രിയുടെ മുന്നിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ ജോയി പോളിന്റെ ഓട്ടോറിക്ഷയിൽ ഇങ്ങനെ എഴുതിയതു കണ്ടു: നിർധനരായ കാൻസർ, കിഡ്നി രോഗികൾക്ക് 5 കിലോമീറ്റർ വരെ ഈ ഓട്ടോറിക്ഷയിൽ സൗജന്യയാത്ര! വമ്പത്തി എന്നാണ് ഓട്ടോയ്ക്കു ജോയി ഇട്ട
പേര്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

