പാപ്പിനിശ്ശേരി ∙ ഓലച്ചൂട്ടിന്റെയും കുത്തുവിളക്കിന്റെയും ഇത്തിരി വെട്ടത്തിൽ നങ്ങോളങ്ങര ഭഗവതി തെയ്യം ഇറങ്ങുന്ന കാഴ്ച കാണാൻ ഇനിയുള്ള നാളുകളിൽ ഇരിണാവിലേക്ക് ഭക്തരെത്തിച്ചേരും. ഒരു വർഷമായി ആരും പ്രവേശിക്കാത്ത നങ്ങോളങ്ങര ദേവസ്ഥാനത്ത് ഇനി ഇരുപതു ദിവസവും സൂര്യാസ്തമയത്തോടെ തിരിതെളിയും.
വള്ളിക്കാട്ടിലെ നാഗസ്ഥാനത്തിനടുത്ത് കത്തിച്ചുവച്ച വിളക്കിന്റെ വെളിച്ചത്തിലാണു തെയ്യത്തിന്റെ മുഖത്തെഴുത്തും, അണിഞ്ഞൊരുങ്ങലും നടക്കുന്നത്. ക്ഷേത്ര നിർമിതികളോ പള്ളിയറകളോ ഒന്നുമില്ലാതെ വള്ളിക്കാടുകൾക്കിടയിലാണ് ഈ ദേവസ്ഥാനം.
താൽക്കാലികമായി ഒരുക്കിയ മണ്ണിന്റെ തറയിൽ നിലവിളക്കും ചങ്ങലവട്ടവും നിവേദ്യവും വയ്ക്കും.
കോൽത്തിരികൾ കത്തിച്ച വട്ടമുടിയും അണിഞ്ഞെത്തുന്ന ഭഗവതിയെ ചെണ്ടയുടെ വലംതലയുടെ നേർത്ത താളത്തിൽ തോറ്റം പാടിയുണർത്തും. തുടർന്നു പീഠവഴക്കം മൊഴിഞ്ഞ് ദേവി ആയുധധാരിയാവുകയും, പീഠമിറങ്ങി അഷ്ടദിക്പാലകരെ വന്ദിക്കുന്നതുമാണു പ്രധാന ചടങ്ങ്.
തിരുമുടി ഉയരുന്ന നേരം ഇടന്തല മുട്ടി അഞ്ചടി തോറ്റം മാത്രമാണു പാടുന്നത്. കാതടിപ്പിക്കുന്ന ചെണ്ടവാദ്യം, കൊടിയിലത്തോറ്റം, അന്തിത്തോറ്റം എന്നിവയൊന്നും ഇല്ല.
അരി, തേങ്ങ, വെറ്റില, അടയ്ക്ക എന്നിവയാണു പ്രധാന നിവേദ്യം.
ഒരു മണിക്കൂർ മാത്രം ചടങ്ങ് നടക്കും. സന്താന സൗഭാഗ്യത്തിനായുള്ള പ്രാർഥനയുടെ ഭാഗമായാണു തെയ്യം കെട്ടിയാടുന്നത്.
ദാരിക വധത്തിനായി അവതരിച്ച മാടായിക്കാവിലമ്മയുടെ അംശാവതാരമായ ദേവിയെ സന്താന ദേവതയെന്ന വിശ്വാസത്തിലാണു ഭക്തർ ആരാധിക്കുന്നത്. സന്താനഭാഗ്യം ലഭിച്ചവർ കുഞ്ഞുങ്ങളുമായെത്തി ഭഗവതിക്കു മുന്നിൽ നിറകണ്ണുകളോടെനിന്ന് അനുഗ്രഹം തേടുന്ന കാഴ്ചയും കാണാനാകും.
ക്ഷേത്രം സ്ഥാനികരായ ഇരിണാവിലെ കാട്ടാമ്പള്ളി രയരോത്ത് തറവാട്ടുകാരാണ് ആദ്യ 3 ദിനങ്ങളിൽ കളിയാട്ടം നടത്തുന്നത്.
അടുത്ത മാസം 16ന് കഴിയും. വൃശ്ചിക സംക്രമത്തലേന്നു ദേവിയെ ഊട്ടിയുറക്കാൻ അകംപാടി അടക്കൽ ചടങ്ങോടെ ഈ വർഷത്തെ തെയ്യംകെട്ടിയാടൽ പൂർത്തിയാകും.
പൂർണമായും പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന തെയ്യക്കാഴ്ച കാണാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആൾക്കാരെത്തുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

