കോഴിക്കോട്∙ എഴുത്തിൽ പാൻ ഇന്ത്യൻ കരിയർ ലക്ഷ്യം വയ്ക്കുന്ന യുവ എഴുത്തുകാർക്കായി മലയാള മനോരമ ഹോർത്തൂസ്. നവംബർ 8നു നടത്തുന്ന ഹോർത്തൂസ് പ്രതിമാസ കോലായ ചർച്ചയിൽ, ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ സംവദിക്കാനെത്തും.
8നു വൈകിട്ട് 3.30നു മലയാള മനോരമ നടക്കാവ് ഓഫിസിലാണ് പരിപാടി. ഹൈസ്കൂൾ തലം മുതലുള്ള വിദ്യാർഥികൾക്കും യുവ എഴുത്തുകാർക്കും സംവാദത്തിൽ പങ്കെടുക്കാം.
ചർച്ചയിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡയുടെ സഹകരണത്തോടെയാണു പരിപാടി.
എഴുത്തിന്റെ വഴികളിൽ താൻ സഞ്ചരിച്ച ദൂരങ്ങളെക്കുറിച്ചും നേരിട്ട
വെല്ലുവിളികളെക്കുറിച്ചും ആനന്ദ് നീലകണ്ഠൻ സംസാരിക്കും. പുരാണങ്ങളെയും ചരിത്രത്തെയും സമീപിക്കുമ്പോൾ പുലർത്തേണ്ട
സൂക്ഷ്മത, ഭാവനയെയും ഗവേഷണത്തെയും ഒരുമിപ്പിക്കുന്ന കല, കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലെ തന്ത്രങ്ങൾ, എന്നിവയെല്ലാം ചർച്ചാവിഷയമാകും. അനുഭവങ്ങൾ പങ്കിടുന്നതിനൊപ്പം യുവ എഴുത്തുകാരുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകും.
കഥ പറഞ്ഞ് സമ്മാനം നേടാം
ഹോർത്തൂസ് സാഹിത്യചർച്ചയോടനുബന്ധിച്ചു ‘കഥ പറയൽ മത്സരം’ സംഘടിപ്പിക്കുന്നു.
‘ഹോർത്തൂസ് രാത്രിയിൽ…’ എന്ന വിഷയത്തിൽ നിങ്ങളുടെ മനസ്സിൽ ഒരു കഥയുണ്ടോ? ആ കഥ കേൾവിക്കാരെ കയ്യിലെടുക്കും വിധം പറയാനുള്ള കഴിവുണ്ടോ? എങ്കിൽ കഥ പറയൽ മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതം സമ്മാനമുണ്ട്.
എഴുത്തിലെ ബഹുമുഖ പ്രതിഭ
ഇന്ത്യയിൽ ഏറ്റവും അധികം വായനക്കാരുള്ള ഇംഗ്ലിഷ് എഴുത്തുകാരിൽ പ്രമുഖനാണ് തൃപ്പൂണിത്തുറ സ്വദേശിയും മുംബൈ നിവാസിയുമായ ആനന്ദ് നീലകണ്ഠൻ. കൈവച്ച മേഖലകളിലെല്ലാം മികവിന്റെ മുദ്രചാർത്തിയ വ്യക്തിത്വം.
ബാഹുബലി സിനിമയിൽ കാണിക്കുന്ന കാലഘട്ടത്തിന്റെ പൂർവകഥ പറയുന്ന നോവൽ പരമ്പരയിലെ മൂന്നു പുസ്തകങ്ങൾ അടക്കം ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്.
ഇവയെല്ലാം ഇന്ത്യയിലെ ഏറ്റവും വിൽപനയുള്ളവയുടെ ഗണത്തിലാണ്. 13 ഭാഷകളിലേക്ക് ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
ആനന്ദിന്റെ മലയാളത്തിലുള്ള ശ്രദ്ധേയരചനയാണ് പെൺരാമായണം. കുട്ടികൾക്കായി അസുര ടെയിൽസ് എന്ന പുസ്തകവുമുണ്ട്. പുരാണം, ഇതിഹാസം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലെ രചനകളിലൂടെ പ്രശസ്തനായ ഇദ്ദേഹം ഇൗ വിഷയങ്ങളിലുളള ടെലിവിഷൻ പരമ്പരകളുടെ തിരക്കഥാരംഗത്ത് രാജ്യത്ത് മുൻനിരയിൽ നിൽക്കുന്നു.
തിരക്കഥാകൃത്ത്, കോളമിസ്റ്റ്, കാർട്ടൂണിസ്റ്റ്, മോട്ടിവേഷനൽ സ്പീക്കർ എന്നീ നിലകളിലും പ്രശസ്തനാണ്.
മലയാള മനോരമ വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ചന്ദ്രഭാനു’ എന്ന ലഘുനോവലും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മത്സരത്തിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കാൻ
∙പങ്കെടുക്കാൻ പ്രായപരിധിയില്ല
∙ ‘ഹോർത്തൂസ് രാത്രിയിൽ…’ എന്ന വിഷയത്തിൽ സ്വന്തമായി തയാറാക്കിയ കഥയായിരിക്കണം
∙ കഥ പറയേണ്ടത് മലയാളത്തിലാണ്. ∙ കഥ പറയുമ്പോൾ പരമാവധി 3 മിനിറ്റിനുള്ളിൽ ഒതുക്കണം
∙ കഥ പറയൽ മത്സരത്തിനായി മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
നമ്പർ: 0495 2367522
∙ വിശദവിവരങ്ങൾ തുടർദിവസങ്ങളിലെ മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കും.
ചർച്ചയിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യേണ്ട നമ്പർ:0495 2367522
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

