പൊൻകുന്നം ∙ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടം പതിവായി. സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം – പാലാ റോഡിലെ എലിക്കുളം മുതൽ പൊൻകുന്നം– മണിമല റോഡിലെ പഴയിടം വരെയുള്ള ഭാഗത്താണു കൂടുതലും അപകടങ്ങളും ഉണ്ടാകുന്നത്.
ഒരു മരണം; ഒട്ടേറെ പേർക്ക് പരുക്ക്
കഴിഞ്ഞ 10 മാസത്തിനുളളിൽ ഇരുപത്തിയഞ്ചോളം അപകടങ്ങളാണു നടന്നത്.
ഒരാൾ മരിക്കുകയും പതിനഞ്ചോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച ഇളങ്ങുളം രണ്ടാം മൈലിനു സമീപം മിഥുലാപുരിയിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ ചിറക്കടവ് ഈസ്റ്റ് താവൂർ തെന്നറമ്പിൽ അനൂപ് രവി (27) മരിച്ചു.
നിയന്ത്രണം വിട്ട് എതിർ ദിശയിലൂടെ എത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച തെക്കേത്തുകവലയിൽ ചരക്കുലോറി മറിഞ്ഞും അപകടമുണ്ടായി.
ഒരു മാസം മുൻപ് ചെറുവള്ളി വയലിൽപടിയിൽ ഒരു ദിവസം 3 മണിക്കൂറിനിടെ 2 അപകടങ്ങൾ ഉണ്ടായി.
മലപ്പുറത്തുനിന്നു ഗവിക്കു പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പാതയോരത്തെ പറമ്പിലെ മരത്തിൽ ഇടിച്ചു. നെടുമ്പാശേരി എയർപോർട്ടിൽ പോയി മടങ്ങുകയായിരുന്ന ജീപ്പും ഇതിനു തൊട്ടടുത്തു നിയന്ത്രണം വിട്ടു പാതയോരത്തെ ക്രാഷ് ബാരിയറിൽ ഇടിച്ചും അപകടമുണ്ടായി. മേയ് മാസത്തിൽ രണ്ടാം മൈലിൽ രോഗിയുമായി പോയ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോയിൽ സഞ്ചരിച്ച 3 പേർക്കു പരുക്കേറ്റു.
ജനുവരിയിൽ കൂരാലി ജംക്ഷനിൽ നടുറോഡിൽ കാർ വട്ടം തിരിക്കുന്നതിനിടെ സ്കൂട്ടർ കാറിലിടിച്ചു രണ്ടു യുവാക്കൾക്ക് ഗുരുതര പരുക്കേറ്റു.
എലിക്കുളം കുരുവിക്കൂടിനു സമീപം നിയന്ത്രണം വിട്ട കാർ വഴിയരികിലെ വീടിന്റെ സിറ്റൗട്ടിലേക്ക് ഇടിച്ചു കയറി ഗൃഹനാഥനു പരുക്കേറ്റു.
എലിക്കുളം ബാങ്ക് പടി, അട്ടിക്കൽ, എസ്ആർവി ജംക്ഷൻ എന്നിവിടങ്ങളിൽ വാഹനാപകടങ്ങൾ നടന്നു. ചിറക്കടവ് എസ്ആർവി ജംക്ഷനിൽ മിനി ലോറി നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായി.
അമിതവേഗവും അശ്രദ്ധയും
രാത്രിയും പുലർച്ചെയുമാണു അപകടങ്ങൾ ഏറെയും നടക്കുന്നത്.
അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ഡ്രൈവർമാർ ഉറങ്ങിപ്പോകന്നതും മഴവെള്ളം വീണു തെന്നിക്കിടക്കുന്ന റോഡും അപകടങ്ങൾക്ക് കാരണമാകുന്നു. റോഡ് പരിചയമില്ലാതെ എത്തുന്ന വാഹനങ്ങൾ അമിതവേഗത്തിലാണ് പോകുന്നതെന്നു നാട്ടുകാർ പറയുന്നു.
വാഹനങ്ങൾ റോഡിൽ നിയന്ത്രണം വിട്ടു മറിയുന്ന അപകടങ്ങളാണ് ഏറെയും.
നിർദേശങ്ങൾ നടപ്പാക്കിയില്ല
റോഡിലെ അപകടങ്ങളെ കുറിച്ച് നാറ്റ്പാക് പഠനം നടത്തി വിവിധ നിർദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.വളവുകൾ കുറയ്ക്കുമെന്ന് നിർമാണ സമയത്ത് അറിയിച്ചിരുന്നെങ്കിലും പാലാ 12-ാം മൈൽ, പൂവരണി, വഞ്ചിമല, പനമറ്റംകവല, ഇളങ്ങുളം എന്നിവിടങ്ങളിലെ വളവുകൾ നിവർത്തിയിട്ടില്ല. പൊലീസിനെ നിയോഗിച്ച് വാഹനങ്ങളുടെ വേഗ നിയന്ത്രണം കർശനമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2 വർഷം മുൻപ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സൂപ്രണ്ട് പൊലീസിനു കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല.
മണ്ഡലകാലത്തിനു മുൻപ് റോഡിലെ അപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
രാത്രി വെളിച്ചമില്ല
പൊൻകുന്നം – പാലാ റോഡിലുണ്ടായിരുന്ന നാനൂറിലേറെ സൗരോർജ വഴിവിളക്കുകളിൽ ഭൂരിഭാഗവും തകരാറിലായി. ഇപ്പോൾ ചിറക്കടവ്, എലിക്കുളം പഞ്ചായത്തുകളുടെ പരിധിയിൽ പഞ്ചായത്ത് സ്ഥാപിച്ച വഴിവിളക്കുകളുടെ പ്രകാശം വിശാലമായ റോഡിൽ പരിമിതമാണ്.
ഡിം ചെയ്യാതെ വാഹനങ്ങളോടുമ്പോൾ വെളിച്ചക്കുറവുമൂലം വഴിയാത്രക്കാരെ ഡ്രൈവർമാർ കാണാത്ത സ്ഥിതിയുണ്ട്. പൈക മുതൽ എലിക്കുളം മടുക്കക്കുന്ന് വരെ അടുത്തയിടെ റീടാറിങ് നടത്തി.
ഇതോടെ റോഡിനു നടുവിലെയും അരികിലെയും വരകളും റിഫ്ലക്ടറുകളും മറഞ്ഞു. പലയിടങ്ങളിലും സീബ്രാ വരകളും മാഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

