കുമ്പള∙ അനന്തപുരം വ്യവസായ കേന്ദ്രത്തിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും 8 തൊഴിലാളികൾക്കു പരുക്കേൽക്കുകയും ചെയ്ത അപകടത്തിന്റെ കാരണം കണ്ടെത്താൻ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിന്റെ അന്വേഷണം തുടങ്ങി. കൊച്ചിയിലെ ഫാക്ടറീസ് ബോയ്ലേഴ്സ് ജോ.ഡയറക്ടർ മുനീർ അഞ്ചെ, ഇൻസ്പെക്ടർമാരായ ടി.ടി.വിനോദ്കുമാർ, സാജു മാത്യു തളിപ്പറമ്പ് എന്നിവരുടെ സംഘമാണ് ഫാക്ടറിയിൽ എത്തിയത്.
27ന് വൈകിട്ട് ആറരയോടെയാണു വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡെക്കർ പാനൽ ഇൻഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയിലെ ബോയ്ലർ സ്ഫോടനം നടന്നത്.
ബോയ്ലറിൽ വെള്ളം കുറഞ്ഞതാകാം സ്ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അപകടകാരണം പരിശോധനാസംഘം വെളിപ്പെടുത്തിയില്ല.
ബോയ്ലേഴ്സ് വകുപ്പ് അധികൃതർ രാവിലെ മുതൽ തുടങ്ങിയ പരിശോധന ഏറെ വൈകിയും ഉണ്ടായിരുന്നു. റിപ്പോർട്ട് വകുപ്പ് ഡയറക്ടർക്കു കൈമാറുമെന്നു അധികൃതർ പറഞ്ഞു.
ഫാക്ടറിക്കുള്ളിലെ ബോയ്ലർ, മറ്റുപകരണങ്ങൾ, വൈദ്യുതി കണക്ഷൻ എന്നിവ സംഘം പരിശോധിച്ചു.
ഫാക്ടറിക്കുള്ളിലെയും പുറത്തെയും സിസിടിവി ക്യാമറകളും പരിശോധന നടത്തി. സംഭവസമയത്തും രാവിലെയും ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളിൽ നിന്നും ഉടമകളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഉപകരാറുകൾ നൽകിയ സംഘത്തിന്റെ തൊഴിലാളികളാണ് ഇവിടെ ജോലിക്കുണ്ടായിരുന്നത്. വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത്കുമാർ, മാനേജർ കെ.നിതിൻ എന്നിവരും സംഘത്തിന്റെ കൂടെയുണ്ടായിരുന്നു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, എ.കെ.എം.അഷ്റഫ് എംഎൽഎ, എഡിഎം പി.അഖിൽ ഉൾപ്പെടെയുള്ളവർ അപകടം നടന്ന ഫാക്ടറി സന്ദർശിച്ചു.
കാരണം എന്ത്?
ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളാണ് ഈ ഭാഗങ്ങളിലുള്ളത്. തീ വേഗത്തിൽ അണയ്ക്കാനായിരുന്നില്ലെങ്കിൽ ദുരന്തം ഇരട്ടിയാകുമായിരുന്നു.
ജില്ലയിൽ ബോയ്ലർ ഉള്ള ഒട്ടേറെ ഫാക്ടറികളുണ്ട്. ഇതിൽ ഏറെ വർഷം പഴക്കമുള്ളവയും ഉണ്ട്. എന്നാൽ അപകടത്തിനിടയാക്കിയ ഫാക്ടറി ഒന്നര വർഷം മുൻപാണ് പ്രവർത്തനം തുടങ്ങിയത് എന്നതിനാൽ കാലപ്പഴക്കമാണ് അപകടത്തിനു കാരണമെന്നു പറയാനാകില്ലെന്ന് അധികൃതർ സൂചിപ്പിച്ചു. ചില ഫാക്ടറികളിൽ ഒന്നിലേറെ ബോയ്ലർ ഉണ്ട്.
പൊലീസിന്റെ ഫൊറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകും
കുമ്പള∙ പ്ലൈവുഡ് ഫാക്ടറിയിലെ ബോയ്ലർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റു മരിച്ച തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാനായി കുമ്പളയിൽ നിന്ന് മംഗളൂരുവിലെ വിമാനത്താവളത്തിലെത്തിച്ചു. അസം ഉദയ്ഗുരി ബിസ്ഖുട്ടി ചെങ്കൽമറെയിലെ നജീറുൽ അലിയാണ് (20) മരിച്ചത്.
പോസ്റ്റുമോർട്ടത്തിനു ശേഷം കുമ്പളയിൽ നിന്നു മംഗളൂര വിമാനത്താവളത്തിൽ എത്തിച്ചു. ഗുവാഹട്ടിയിലേക്കുള്ള വിമാനത്തിൽ ഇന്ന് കൊണ്ടു പോകും. കൂടെ ജോലി ചെയ്യുന്നുണ്ടായിരുന്ന 2 പേരും ഒപ്പം നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പരുക്കേറ്റ 8 പേരിൽ 2 പേർ ആശുപത്രി വിട്ടു.
പൊള്ളലേറ്റ 6 പേരിൽ ഒരാളുടെ നില ഗുരുതരമാണ്.
ബിഹാർ സ്വദേശികളായ അബ്ദുൽ (22) റാസ (24) അസം സ്വദേശികളായ കരിമുൽ (23) അബു താഹിർ (54) ഉമർഫാറൂഖ് (22) അബ്ദുൽഹാഷിം (35) ഇൻസാൻ (22) ഹാബിജുർ (19) എന്നിവർക്കാണു പരുക്കേറ്റത്.അപകടത്തിൽ വൻശബ്ദമാണുണ്ടായത്. സമീപത്തെ വീടുകളിലും കെട്ടിടങ്ങളിലും ആഘാതമുണ്ടായി.
ബോയ്ലറിന്റെ സേഫ്റ്റി വാൽവ് അര കിലോമീറ്റർ അകലെ ഒരു വീട്ടുപറമ്പിലേക്കു തെറിച്ചു വീണിരുന്നു. മർദം കൂടൂമ്പോൾ വാൽവ് സ്വയം അടയേണ്ടതാണ്.
എന്നാൽ വാൽവ് അടിഞ്ഞില്ലെന്നു പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

