മലമ്പുഴ ∙ കാഴ്ചകൾ നയനമനോഹരം. പക്ഷേ, കവ ഉൾപ്പെടുന്ന അകമലവാരത്തേക്കു പോകുന്ന റിങ് റോഡിലെ ഓരോ വളവിലും അപകടം പതിയിരിക്കുന്നു.
ഡ്രൈവറുടെ ശ്രദ്ധ ഒന്നു പാളിയാൽ വാഹനം 20 അടിയിലേറെ ആഴമുള്ള ഡാമിൽ വീഴും. മലമ്പുഴ ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ വെള്ളം റോഡ് വരെ എത്തിയിട്ടുണ്ട്.
ഇവിടങ്ങളിൽ സുരക്ഷാ വേലിയോ കൈവരികളോ സ്ഥാപിച്ചിട്ടില്ല. മഴ പെയ്യുന്നതിനാൽ റോഡിൽ വഴുക്കലും കൂടുതലാണ്.
വാഹനങ്ങൾ റോഡിൽ നിന്നു തെന്നി ഡാമിലേക്കു വീഴാനുള്ള സാധ്യതയേറെ.
കഴിഞ്ഞ ദിവസം രാത്രി റിങ് റോഡിലെ പറച്ചാത്തിയിൽ കോയമ്പത്തൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു ഡാമിലേക്കു മറിഞ്ഞിരുന്നു. നാട്ടുകാരും വിനോദ സഞ്ചാരികളും ചേർന്നാണു രക്ഷിച്ചത്.
രാത്രി സാധാരണ ഇതുവഴി വാഹനങ്ങൾ പോകുന്നതു കുറവാണ്. ബൈക്കിനു പിന്നിൽ വിനോദ സഞ്ചാരികൾ കാറിലുണ്ടായിരുന്നതു രക്ഷയായി.
ചെളിയും ചെടികളും നിറഞ്ഞ ഡാമിൽ രക്ഷാപ്രവർത്തനവും ബുദ്ധിമുട്ടാണ്. ദിവസവും നൂറുകണക്കിനു വിനോദ സഞ്ചാരികളാണു കവ സന്ദർശിക്കാനെത്തുന്നത്.
മലമ്പുഴ ഉദ്യാനം അടച്ചിരിക്കുന്നതിനാൽ സന്ദർശകർ കവയിലേക്കാണു കൂടുതലും പോകുന്നത്.
വെള്ളം കയറി റോഡിനോടു ചേർന്നുള്ള മണ്ണും ഇളകിപ്പോയിട്ടുണ്ട്. ചിലയിടത്തു റോഡും ഇളകിയിട്ടുണ്ട്.
വിനോദ സഞ്ചാരികൾ ഈ ഭാഗത്തു നിന്നു സെൽഫി പകർത്തുന്നത് അപകടമുണ്ടാക്കുമെന്നും നാട്ടുകാരുടെ മുന്നറിയിപ്പുണ്ട്. ഡാമിനോടു ചേർന്ന റോഡിന്റെ ഭാഗങ്ങളിലെങ്കിലും കൈവരികൾ സ്ഥാപിക്കണമെന്നതു നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
അപകട
സാധ്യതയുള്ള 13 ഇടങ്ങൾ
മലമ്പുഴ റിങ് റോഡിൽ കവ, ചേമ്പന, പറച്ചാത്തി, കല്ലുകൂട്ടിൽ, തെക്കേ മലമ്പുഴ, കൊല്ലങ്കുന്ന് എന്നിവിടങ്ങളിലായി 13 ഇടങ്ങൾ അതീവ അപകടമേഖലയായി ജലസേചന വകുപ്പ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. മഴക്കാലത്തു ഡാമിൽ വെള്ളം കയറുമ്പോൾ ഇവിടെ അപകടങ്ങൾ പതിവാണ്.
എന്നിട്ടും സുരക്ഷാ വേലിയോ കൈവരികളോ സ്ഥാപിച്ചിട്ടില്ല. സന്ദർശകർക്കു ഡാമിൽ ഇറങ്ങാൻ വിലക്കുണ്ടെങ്കിലും ആരും പാലിക്കാറില്ല.
ഇതു പരിശോധിക്കാൻ ടൂറിസം പൊലീസോ ജലസേചന വകുപ്പ് അധികൃതരോ ഇവിടെ എത്താറില്ല. സന്ദർശകർ വഴുക്കുന്ന പാറക്കെട്ടിൽ കയറുന്നതും പതിവാണ്.
ഡാമിൽ വെള്ളം കയറിയതോടെ അനധികൃതമായി മീൻ പിടിക്കാനെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

